സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Thursday, 23 February 2012

എസ്. എഫ്. ഐ. ചങ്ങനാശ്ശേരി ഏരിയാ സമ്മേളനം

എസ്. എഫ്. ഐ. ചങ്ങനാശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു.
    ചങ്ങനാശ്ശേരി : എസ് എഫ് ഐ കോട്ടയം ജില്ലാ സമ്മേളനത്തിനു മുന്നോടിയായുള്ള
ചങ്ങനാശ്ശേരി ഏരിയാ സമ്മേളനം സ:അജയപ്രസാദ് നഗറില്‍ ( സി.ഐ.ടി.യു. ഹാളില്‍)
വെച്ച് നടന്നു. സമ്മേളനം ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മറ്റിയംഗം സ:റെജി സഖറിയ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി സ:എം.എ. റിബിന്‍ ഷാ, ജില്ലാ സെക്രട്ടേറിയേറ്റംഗം സ:ടി.ഹരി ഡി.വൈ.എഫ്.ഐ. ബ്ളോക്ക് സെക്രട്ടറി സ:അഡ:പി.എ.നസീര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
        സ:രാഹുലിനെ സെക്രട്ടറിയായും മുന്‍ സെക്രട്ടറി സ:ടിജോയെ പ്രസിഡന്റായും മുന്‍ പ്രസിഡന്റ്  സ:ശരവണനെ ജില്ലാ കമ്മറ്റിയിലേക്കും സമ്മേളനം തിരഞ്ഞെടുത്തു. സ:ടിനു, സ:ജെസ്റ്റിന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, സ:ഡിനു സ:പയസ് മോന്‍ എന്നിവരെ വൈസ്പ്രസിഡന്റുമാരായും, സ:സച്ചിന്‍ സ:ടോണി സ:വിനീത് സ:ശ്രീനിവാസ് സ:രെന്‍ജിത്ത് സ:സുധീര്‍ സ:അജീഷ് സ:ഹരികൃഷ്ണന്‍ തുടങ്ങിയവരെ സെക്രട്ടേറിയേറ്റംഗംങ്ങളായും തിരഞ്ഞെടുത്തു.

യുഡിഎഫിന്റെ നെഞ്ചിടിപ്പുകൂടുന്നതിനു പിന്നില്‍ യുഡിഎഫിന് അങ്കലാപ്പ് : സിപിഐ എം

യുഡിഎഫിന്റെ നെഞ്ചിടിപ്പുകൂടുന്നതിനു പിന്നില്‍
യുഡിഎഫിന് അങ്കലാപ്പ് : സിപിഐ എം

പിറവം: കള്ളവോട്ട് ചേര്‍ക്കാനുള്ള യുഡിഎഫിെന്‍റ ഗൂഢനീക്കം വെളിച്ചെത്താകുന്നതിെന്‍റ ജാള്യമാണ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്റെ എല്‍ഡിഎഫിനെതിരെയുള്ള ആരോപണങ്ങളില്‍ തെളിയുന്നതെന്ന് സിപിഐ എം മണ്ഡലം കമ്മറ്റി സെക്രട്ടറി ഒ എന്‍ വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണം അനിവാര്യമായിരിക്കുകയാണ്. ഇതുവഴി യുഡിഎഫിന്റെ കള്ളവോട്ട്ചേര്‍ക്കല്‍ പുറത്തുവരും. ഈ അങ്കലാപ്പ് ജോണിനെല്ലൂരിനുണ്ട്. ഈ ഉപതെരഞ്ഞെടുപ്പില്‍ എങ്ങനെ കടന്നുകൂടുമെന്ന വെപ്രാളത്തിലാണ് യുഡിഎഫ്.

ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നതായി പൊതുവെ പരാതി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് അധികാരികള്‍ക്കു രേഖാമൂലം പരാതി ചെല്ലുകയുമുണ്ടായി. ആമ്പല്ലൂര്‍ പഞ്ചായത്തിലെ കുലിയക്കരയിലെ മാനസികാരോഗ്യകേന്ദ്രത്തിലെ 35 അന്തേവാസികളെ അനര്‍ഹമായി വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുകയാണ്. ഇതിനായി വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. തിരുമാറാടിപോലുള്ള സ്ഥലങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ അനര്‍ഹമായി കൂട്ടത്തോടെ വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റാന്‍ യുഡിഎഫ് ശ്രമിക്കുന്നു. മറ്റു മണ്ഡലങ്ങളില്‍ വോട്ടുള്ള പലരെയും ഇലഞ്ഞി പഞ്ചായത്തിലുള്ള വിവിധ കന്യാസ്ത്രീമഠങ്ങളിലൂടെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി സെക്രട്ടറി പി എസ് മോഹനനും താനും തെരഞ്ഞടുപ്പു കമീഷന് പരാതി നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ ഈവിധ കള്ളത്തരം ജനങ്ങള്‍ മനസ്സിലാക്കുന്നുവെന്നുകണ്ടപ്പോള്‍ എല്‍ഡിഎഫിനെ പുലഭ്യം പറഞ്ഞ് തടിരക്ഷിക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂരിന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

യുഡിഎഫിന്റെ നെഞ്ചിടിപ്പുകൂടുന്നതിനു പിന്നില്‍

പിറവം : യുഡിഎഫിനു നെഞ്ചിടുപ്പു കൂടുന്നുവെന്നു കരുതണം; എല്‍ഡിഎഫിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിച്ചതില്‍ മറ്റൊന്നും കാരണമാകുന്നില്ല. മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായി കള്ളവോട്ടു ചേര്‍ക്കുന്നതാണ് പ്രശ്നം. ഇതിനെതിരെ എല്‍ഡിഎഫ് ചെയ്യേണ്ടതേ ചെയ്തുള്ളു; ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്‍കി. അതിനാണ് ജേക്കബ്ഗ്രൂപ്പ് ചെയര്‍മാന്‍ ജോണിനെല്ലൂര്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചു, എല്‍ഡിഎഫാണ് കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നു പറഞ്ഞ് പൊട്ടിത്തെറിച്ചത്. മതവികാരം ഇളക്കാന്‍ ഒരു പാഴ്വാക്കും അദ്ദേഹം തൊടുക്കുകയുംചെയ്തു. എല്‍ഡിഎഫിന്റെ പരാതി അടിസ്ഥാനമുള്ളതാണെന്ന് കണ്ട് അന്വേഷണത്തിന് അധികൃതര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ജയിക്കാനുള്ള അറ്റകൈ പ്രയോഗമായിട്ടാണ് കള്ളവോട്ട് ചേര്‍ക്കല്‍ യത്നത്തെ യുഡിഎഫ് ആശ്രയിച്ചത്. അതിനു മാനസികരോഗികളെ ദുരുപയോഗിക്കുന്നതിലേക്ക് അവര്‍ തരംതാഴ്ന്നു. ആമ്പല്ലൂരില്‍ ഉണ്ടായതും ബഹളത്തില്‍ കലാശിച്ചതും അതാണ്. സന്ധ്യാനേരത്താണ് അവിടെ വോട്ട്ചേര്‍ക്കലിന് എത്തിയത്. ഇരുട്ടില്‍ പതുങ്ങിച്ചെന്നാണോ വോട്ട്ചേര്‍ക്കുന്നത്? തനി കള്ളപ്പണി. കൈയോടെ നാട്ടുകാര്‍ പിടികൂടുകയുംചെയ്തു. എന്നിട്ട് കള്ളവോട്ട് ചേര്‍ക്കുന്നതു മറുപക്ഷമാണെന്ന് ആരോപിക്കുന്നതിനെ }"കള്ളന്‍ , കള്ളന്‍" എന്നു വിളിച്ചുകൂവി ഓടുന്ന കള്ളനോടു ഉപമിക്കാം.

യുഡിഎഫിന് ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് നേര്. അതേ സമയം എല്‍ഡിഎഫ് ചിട്ടയായി മുന്നേറുന്നതാണ് ചിത്രം. എല്‍ഡിഎഫിനു നിരത്താന്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ. കഴിഞ്ഞദിവസം കൈരളി ടിവി സംഘടിപ്പിച്ച "പോര്‍ക്കളം" പരിപാടിയില്‍ എം ജെ ജേക്കബ് തന്റെ മുന്‍കൈയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ജേക്കബ്ഗ്രൂപ്പുകാര്‍ അസ്വസ്ഥരായി. പിന്നെയും പട്ടിക നീണ്ടപ്പോള്‍ അവര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ത്തന്നെ ശ്രമിച്ചു.

ഏറ്റവും കൂടുതല്‍ കാലം പിറവത്തെ പ്രതിനിധീകരിച്ച യുഡിഎഫിന് എടുത്തുകാട്ടാന്‍ കഴിയുന്നതു തെരഞ്ഞെടുപ്പ് ഉറപ്പായതിനുശേഷം ധൃതിപിടിച്ചു റീടാര്‍ചെയ്ത ഏതാനും ഇടറോഡുകള്‍ മാത്രം. 2006 മുതല്‍ 2011 വരെയുള്ള അഞ്ചുകൊല്ലം പിറവത്തിന് വികസനവസന്തം തന്നെയായിരുന്നു എന്നതിനു സാക്ഷ്യസ്തംഭങ്ങള്‍ നിരവധി. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വൈതരണി ഇതുതന്നെയാണ്്. മുന്‍കാലങ്ങളില്‍ ജേക്കബ് ഗ്രുപ്പും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം "ആരാണ് വലുത്" എന്നതിനെ ചൊല്ലിയായിരുന്നു. നിരവധി വര്‍ഷം അങ്ങനെ കടന്നുപോയി. ആ തര്‍ക്കത്തിന്റെ അഗ്നിയില്‍ എരിഞ്ഞുപോയത് നാടിന്റെ വികസന ആവശ്യങ്ങളായിരുന്നു. വികസന ആവശ്യങ്ങള്‍ പിറവത്തിന്റെ പൊതുപ്രവര്‍ത്തന അജണ്ടയില്‍ പ്രധാന സ്ഥാനംപിടിച്ചത് 2006ല്‍ എം ജെ ജേക്കബ് എംഎല്‍എ ആയതിനുശേഷമാണ്. അദ്ദേഹത്തിലെ പൊതുപ്രവര്‍ത്തന തേജസ്സ് പിറവത്തുകാര്‍ക്ക് അനുഭവമായി. എം ജെ മുന്നില്‍ തുടരുന്നതിനു കാരണം മറ്റൊന്നല്ല. യുഡിഎഫിനു നെഞ്ചിടിപ്പു കൂടാതിരിക്കുമോ?
(പി ജയനാഥ്)

സ്നേഹവഴികളിലൂടെ...

പിറവം: വെയില്‍ മങ്ങിയപ്പോഴാണ് എം ജെ ജേക്കബ് ചോറ്റാനിക്കരയിലെത്തിയത്. തന്റെ വരവും കാത്ത് സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തിയ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും കണ്ടശേഷം അദ്ദേഹം അടുത്തുള്ള ചില വീട്ടുകാരെ കാണാനിറങ്ങി. തൊട്ടുമുന്നില്‍ ഗവ. വിഎച്ച്എസ്എസ് സ്റ്റേഡിയം, ചോറ്റാനിക്കരയെന്ന ബോര്‍ഡ് കണ്ടപ്പോള്‍ അങ്ങോട്ടൊന്ന് കയറാമെന്ന് എം ജെയ്ക്ക് ആഗ്രഹം. "നമ്മുക്ക് അവിടെനിന്നു തുടങ്ങാം"- അദ്ദേഹം സഹപ്രവര്‍ത്തകരോടു പറഞ്ഞു. എം ജെയെ സംബന്ധിച്ചിടത്തോളം ആ സ്റ്റേഡിയത്തിന് അത്രയും പ്രാധാന്യമുണ്ട്. ഒന്നാന്തരമൊരു അത്ലീറ്റുകൂടിയായ എം ജെ ജേക്കബ് എംഎല്‍എയായിരിക്കെ പിറവത്തുകാര്‍ക്കു നല്‍കിയ സ്നേഹസമ്മാനമാണിത്. സ്പോര്‍ട്സ് പവലിയന്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളുള്ള സ്റ്റേഡിയം എം ജെ എന്ന ജനനായകന്റെ വികസനസങ്കല്‍പ്പത്തിന്റെ തെളിവുകൂടിയാണ്. അദ്ദേഹം മുന്‍കൈയെടുത്ത് മൂന്നു കോടിയോളം രൂപ ചെലവിട്ട് യാഥാര്‍ഥ്യമാക്കിയ വികസനസ്വപ്നമാണിത്. കയറിനോക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സമയം ഇല്ലാത്തതിനാല്‍ പൂട്ടിക്കിടന്ന വലിയ ഗേറ്റിന്റെ അഴികള്‍ക്കിടയിലൂടെ 400 മീറ്ററില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന സ്റ്റേഡിയം നോക്കി ജേക്കബ് പറഞ്ഞു: "എന്റെ സ്വപ്നപദ്ധതിയായിരുന്നു ഇത്". ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹിച്ച പ്രയാസമത്രയും അദ്ദേഹം ഓര്‍മിക്കുകയാണെന്നു തോന്നി.

സ്കൂള്‍വിട്ട സമയമായിരുന്നു. ചോറ്റാനിക്കര ജങ്ഷനിലേക്കു നീങ്ങവേ ബസ്സ്റ്റോപ്പിലേക്കു പോകുന്ന പ്ലസ്വണ്‍ , പ്ലസ്ടു വിദ്യാര്‍ഥികളെ കണ്ട എം ജെയുടെ നീക്കം അങ്ങോട്ടായി. "ദേ.. ജേക്കബ്ബേട്ടന്‍ ...". ചന്ദനനിറമുള്ള യൂണിഫോം അണിഞ്ഞ പെണ്‍കുട്ടികള്‍ക്കിടയില്‍ വിസ്മയച്ചിരി വിടര്‍ന്നു. തെരഞ്ഞെടുപ്പിന്റെയൊ വോട്ടിന്റെയൊ കാര്യമൊന്നും അദ്ദേഹം മിണ്ടിയില്ല. "നന്നായി പഠിക്കുന്നില്ലേ..?" എന്നായിരുന്നു ആദ്യ ചോദ്യം. മറ്റു വിശേഷങ്ങളൊക്കെ ചോദിച്ചന്വേഷിച്ച് പിരിയാന്‍നേരത്ത് "വീട്ടുകാരോട് എന്റെ കാര്യം പറയാന്‍ മറക്കരുതേ" എന്നു മാത്രം ഓര്‍മിപ്പിച്ചു. ചോറ്റാനിക്കര ഗവ. വിഎച്ച്എസ് സ്കൂളിന് സ്റ്റേഡിയവും കംപ്യൂട്ടര്‍ലാബുമൊക്കെ സമ്മാനിച്ച ജേക്കബ്ബേട്ടനെ കുട്ടികള്‍ക്കറിയാം. അതിന്റെ തിളക്കം അവരുടെ കണ്ണുകളിലും പുഞ്ചിരി അവരുടെ ചുണ്ടിലും ഉണ്ടായിരുന്നു. ബസ് കാത്തുനിന്ന അധ്യാപകരോടും അദ്ദേഹം കുശലാന്വേഷണം നടത്തി. അവിടെയും തെരഞ്ഞെടുപ്പും രാഷ്ട്രീയവും വിഷയമായില്ല. വീട്ടുവിശേഷങ്ങളും സ്കൂള്‍കാര്യങ്ങളുമായിരുന്നു ചര്‍ച്ചാവിഷയം. സ്റ്റോപ്പിലെത്തിയ ബസുകളില്‍നിന്ന് ആളുകള്‍ എം ജെയെ എത്തിനോക്കുന്നുണ്ടായിരുന്നു. അവര്‍ക്കും ചിരി സമ്മാനിക്കാന്‍ മറന്നില്ല. ജങ്ഷനിലെ ഓട്ടോഡ്രൈവര്‍മാരും എം ജെയുടെ ചുറ്റുംകൂടി. ദൂരെനിന്നവരെ അദ്ദേഹം കൈ വീശി അരികിലെത്തിച്ചു. "എന്നെ പരിചയപ്പെടുത്തുന്നില്ല. വികസനമാണ് നമ്മുടെ ആവശ്യം. വികസനത്തിന്റെ കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഇല്ലല്ലോ. എല്ലാവരും എന്നെ പരിഗണിക്കണം"- എം ജെ പറഞ്ഞു.

ക്ഷണമുള്ള ചില വീടുകള്‍കൂടി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. അല്‍പ്പസമയം ഇരിക്കാനും ചായ കുടിച്ച് പോകാമെന്നും സ്നേഹത്തോടെ നിര്‍ബന്ധിച്ച എല്ലാ വീട്ടുകാരോടും "അടുത്ത വട്ടമാകട്ടെ. കുറച്ചുപേരെക്കൂടി കാണാനുണ്ടെന്നു" പറഞ്ഞ് എം ജെ ഇറങ്ങി. രാവിലെ തിരുവാങ്കുളത്ത് ചില വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ചോറ്റാനിക്കരയെത്തിയത്. വ്യാപാരികളുടെ ഹര്‍ത്താലായതിനാല്‍ കച്ചവടക്കാരെ കാണാനായില്ല. അവരെ കാണാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും അടുത്തവട്ടം വരുമെന്നുപറഞ്ഞാണ് എം ജെ ചോറ്റാനിക്കര വിട്ടത്. നീണ്ടയാത്രകള്‍ തെല്ലും മുഷിപ്പിക്കാത്ത എം ജെയെ ഒരോ വട്ടവും കൂടുതല്‍ ഉന്മേഷവാനായി കാണുന്നതിലെ സന്തോഷമാണ് അദ്ദേഹം സന്ദര്‍ശിച്ച മിക്കവരും പങ്കിട്ടത്.
(എം അഖില്‍)

പിറവം: എല്‍ഡിഎഫ് പൊതുയോഗങ്ങള്‍ 24 മുതല്‍

പിറവം: പിറവം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് വിശദമായ രൂപരേഖ. തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കിയത്. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പഞ്ചായത്ത്തല പൊതുയോഗങ്ങള്‍ 24ന് ആരംഭിക്കും. 24ന് തിരുവാങ്കുളം, മുളന്തുരുത്തി, ഇരുമ്പനം. 25ന് കൂത്താട്ടുകുളം, തിരുമാറാടി, രാമമംഗലം, പിറവം. 26ന് മണീട്, എടയ്ക്കാട്ടുവയല്‍ , പാമ്പാക്കുട. 27ന് ആമ്പല്ലൂര്‍ , ഇലഞ്ഞി. 29ന് ചോറ്റാനിക്കര എന്നിങ്ങനെയാണ് പൊതുയോഗങ്ങളുടെ ക്രമീകരണം.

സംസ്ഥാനത്തെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അമരക്കാര്‍ പിറവത്തെ ജനതയെ അഭിസംബോധന ചെയ്യും. 22, 23 തീയതികളിലായി മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. 24നകം ബൂത്ത് കമ്മിറ്റികള്‍ ചേരും. 24ന് സ്ഥാനാര്‍ഥിയുടെ ഭവനസന്ദര്‍ശനം ആരംഭിക്കാനും യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കെ എന്‍ ഗോപി അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, സിപിഐ ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍ , എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ , സംസ്ഥാന സെക്രട്ടറി മാമ്മന്‍ ഐപ്പ്, ജനതാദള്‍ എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ജോസ് തെറ്റയില്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ യു ജോണ്‍കുട്ടി, ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്, പിറവം മണ്ഡലം പ്രസിഡന്റ് സോജന്‍ ജേക്കബ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജി നിരപ്പുകാട്ടില്‍ , ആര്‍എസ്പി മണ്ഡലം സെക്രട്ടറി കെ കെ ശീലാസ് എന്നിവര്‍ സംസാരിച്ചു.

സ്ഥാനാര്‍ഥികളുടെ ചെലവ് 16 ലക്ഷം

തിരു: പിറവത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെഞ്ഞെടുപ്പു പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 16 ലക്ഷം രൂപയാണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. എല്ലാ സ്ഥാനാര്‍ഥികളും അവരെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യുന്ന തീയതി മുതല്‍ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന ദിവസംവരെയുള്ള തെരഞ്ഞെടുപ്പു ചെലവ് കൃത്യമായി പ്രത്യേകം എഴുതി സൂക്ഷിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുന്നതിന് മാത്രമായി എല്ലാ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കുംമുമ്പ് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവും ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂ. തെരഞ്ഞെടുപ്പ് ചെലവ് എഴുതി സൂക്ഷിക്കുന്നതിനുള്ള രജിസ്റ്ററുകളും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചെലവ് സൂക്ഷ്മ നിരീക്ഷണം നടത്തുന്നതിനുള്ള തെരഞ്ഞെടുപ്പു കമീഷന്റെ സംവിധാനങ്ങളെ സംബന്ധിച്ച വിവരങ്ങളടങ്ങുന്ന കൈപ്പുസ്തകത്തിന്റെ പകര്‍പ്പും എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കും. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ചെലവു സംബന്ധിച്ച കണക്കുകളുടെ അസ്സല്‍ പകര്‍പ് നിര്‍ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലത്തോടൊപ്പം ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പു ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

മനോരോഗികളായ 33 പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് ശ്രമം

മൂവാറ്റുപുഴ: മനോരോഗികളായ 33 പേരെ പിറവം മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം. ആമ്പല്ലൂര്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പെലിക്കണ്‍ സെന്ററിലെ അന്തേവാസികളെയാണ് ബുധനാഴ്ച ഓഫീസ്സമയം കഴിഞ്ഞ് രണ്ടുവാഹനങ്ങളിലായി മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ എത്തിച്ചത്. രോഗം ഭേദമായവരെയാണ് കൊണ്ടുവന്നതെന്ന് സ്ഥാപനത്തിന്റെ മാനേജരായ വൈദികന്‍ പറഞ്ഞെങ്കിലും സ്വന്തം പേരോ മേല്‍വിലാസമോ താമസസ്ഥലമോ അറിയാത്തവരായിരുന്നു വന്നവരില്‍ ഏറെയും. സ്ഥലത്തുണ്ടായിരുന്ന ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍എസ് ഷാനവാസ് ഇവരുടെ പേരുചേര്‍ക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. ഇവരുടെ ചിത്രമെടുക്കാന്‍ ഓഫീസ്സമയം കഴിഞ്ഞും ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു.

ക്രമക്കേട് നടത്തുന്ന വിവരം അറിഞ്ഞെത്തിയ സിപിഐ എം പ്രവര്‍ത്തകരെ രോഗികള്‍ക്കൊപ്പമുണ്ടായിരുന്ന ആമ്പല്ലൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൈബ സാജുദീന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. പെലിക്കണ്‍ സെന്ററിന്റെ പ്രവര്‍ത്തകയാണെന്നാണ് ഇവര്‍ അറിയിച്ചത്. രോഗികളുമായെത്തിയ സ്ഥാപന മാനേജര്‍ ഫാ. തോമസും തങ്ങളുടെകൂടെ രാഷ്ട്രീയ പ്രവര്‍ത്തകരില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ , പൊലീസ് എത്തിയപ്പോഴാണ് ഇവര്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണെന്നു വെളിപ്പെടുത്തിയത്. ബുധനാഴ്ച താലൂക്ക് ഓഫീസിലെത്തിച്ചവരുടെ പേരുചേര്‍ക്കാനായി ആമ്പല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും ഹാജരാക്കിയിരുന്നു. മുന്‍കൂട്ടി ആസൂത്രണംചെയ്ത് ഉദ്യോഗസ്ഥരുമായി പറഞ്ഞുറപ്പിച്ചിരുന്നതിനാലാകാം ഹിയറിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫോട്ടോ എടുത്താണ് ഇവര്‍ മടങ്ങിയത് ഇവര്‍ മറ്റേതെങ്കിലും മണ്ഡലത്തിലെ വോട്ടറാണോ എന്നതടക്കമുള്ള കാര്യങ്ങളിലൊന്നും വ്യക്തതയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ മനോരോഗികളായവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് ശ്രമിച്ചിരുന്നെങ്കിലും അന്ന് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല.

deshabhimani 230212

റാഗിങ്: പ്രതിവിധി ക്യാമ്പസ് ജനാധിപത്യം

   റാഗിങ്: പ്രതിവിധി ക്യാമ്പസ് ജനാധിപത്യം
        റാഗിങ് തടയാനായി യുജിസി 2008 മെയ് 17ന് ഒരു പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമയച്ച സര്‍ക്കുലറില്‍ സ്ഥാപന മേധാവികള്‍ കൈക്കൊള്ളേണ്ട നടപടികള്‍ വിശദീകരിക്കുന്നു. സുപ്രീംകോടതിയുടെവരെ ഉത്തരവുകളുടെയും നിരവധി നിയമനിര്‍മാണങ്ങളുടെയും തുടര്‍ച്ചയാണിത്. ഇത്രയൊക്കെ ഇടപെടലുകളുണ്ടായിട്ടും റാഗിങ് എന്തുകൊണ്ടാണ് അവസാനിപ്പിക്കാന്‍ കഴിയാത്തത്. ഗവമെന്റും ഇതര ഏജന്‍സികളും റാഗിങ്ങിനെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ പ്രചാരണമാണ് നടത്തിയത്. ഇതേ കാലയളവിലാണ് രാജ്യത്ത് ഏറ്റവുമധികം റാഗിങ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടതും. ഇതില്‍ത്തന്നെ 2007-08 അധ്യയനവര്‍ഷം അതിനുമുമ്പത്തെ നാലു വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമായി. 2003-08 അധ്യയനവര്‍ഷം റാഗിങ് കാരണം 28 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 11 കൊലപാതകവും അഞ്ച് ആത്മഹത്യയും 2007-08 അധ്യയനവര്‍ഷം മാത്രമാണ്. 11 പേര്‍ ആത്മഹത്യചെയ്തു.

1983ലെ കര്‍ണാടക എഡ്യൂക്കേഷണല്‍ ആക്ട് റാഗിങ്ങിനെ നിര്‍വചിച്ചിരിക്കുന്നത്

'ഒരു വിദ്യാര്‍ഥിയെ തമാശരൂപേണയോ അല്ലാതെയോ അവന് ലഭിക്കേണ്ട മാനുഷിക പരിഗണനയെ നിഷേധിക്കുന്ന ഏതെങ്കിലും കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുകയോ അവനെ പരിഹാസപാത്രമാക്കുകയോ അല്ലെങ്കില്‍ അവനെ ഏതെങ്കിലും നിയമപരമായ പ്രവൃത്തി ചെയ്യുന്നതില്‍നിന്ന് ക്രിമിനല്‍ശക്തി ഉപയോഗിച്ചോ അല്ലാതെയോ വിലക്കുകയോ തടസ്സപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത്' എന്നാണ്.

ഒരു വിദ്യാര്‍ഥിയുടെ അന്തസ്സിനെയും അഭിമാനത്തെയും വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റാഗിങ്. ഏറെ പ്രതീക്ഷയുമായാണ് നവാഗത വിദ്യാര്‍ഥി കലാലയത്തിലേക്ക് കടന്നുചെല്ലുക. സ്നേഹസാന്ദ്രമായ വരവേല്‍പ്പുകളാണ് അവരാഗ്രഹിക്കുക. എന്നാല്‍, പലര്‍ക്കും അനുഭവം അങ്ങനെയല്ല.

ആര്‍ കെ രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളെടുക്കാം. ഭുവനേശ്വറിലെ ഫാര്‍മസി വിദ്യാര്‍ഥിയായ ബിജോയ് മഹാരതി തുടര്‍ച്ചയായ റാഗിങ് പീഡനത്താലാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി എസ് പി മനോജ് ആത്മഹത്യചെയ്തതും റാഗിങ് കാരണമാണ്. ഹോസ്റല്‍ മുറിയില്‍ ആത്മഹത്യചെയ്ത ഇംഫാലിലെ നാഗാ വിദ്യാര്‍ഥി, പട്ന സയന്‍സ് കോളേജില്‍ റാഗിങ് തടയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്, ഹൈദരാബാദില്‍ മൂന്ന് വിദ്യാര്‍ഥികളെ നഗ്നരാക്കി നടത്തിച്ച് ക്യാമറയില്‍ പകര്‍ത്തിയത്, ഡല്‍ഹിയിലെ പ്രശസ്തമായ ഐഐടിയില്‍ നൂറോളം വിദ്യാര്‍ഥികളെ ഹോസ്റലിന്റെ ഇടനാഴിയിലൂടെ നഗ്നരാക്കി നടത്തിയത് ഇങ്ങനെ നിരവധി സംഭവങ്ങള്‍. ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്നരാക്കി ശരീരം പൊള്ളിച്ച അനുഭവമാണ് ഗുജറാത്ത് വിദ്യാപീഠത്തിലേത്. മഹാത്മജിയുടെ ആഹ്വാനപ്രകാരം സ്ഥാപിതമായ സ്ഥാപനമാണിത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കൂട്ടമായി ലൈംഗികപീഡനത്തിനിരയാക്കുകയാണ് ചെയ്തത്. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ചതാണ് ഈ സര്‍വകലാശാല. നഗ്നനാക്കി തന്നെ പീഡിപ്പിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ ഹൈദരാബാദിലെ മാനേജ്മെന്റ് വിദ്യാര്‍ഥിയുടെ പ്രതികാരം മറ്റൊരു കഥ. കൂടാതെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ഉള്‍പ്പെടെയുള്ള റാഗിങ് അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനുശേഷമാണ് ഹിമാചല്‍ യൂണിവേഴ്സിറ്റിയില്‍ അമന്‍ കുച്റു എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. ഡോ. രാജേന്ദ്രപ്രസാദിന്റെ പേരിലുള്ള കോളേജില്‍ ഭീകരമായ റാഗിങ് പീഡനത്തിനാണ് ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ കുച്റു വിധേയനായത്.

റാഗിങ്ങിന്റെ ക്രൂരത ചര്‍ച്ചചെയ്യുമ്പോഴും ഇരയാകുന്ന വിദ്യാര്‍ഥിക്ക് നീതി ലഭ്യമാക്കുന്നതില്‍ തികഞ്ഞ പരാജയമാണുണ്ടാകുന്നത്. പല ക്യാമ്പസുകളിലും പരാതിക്കാരോടുള്ള സമീപനം മറ്റൊരു റാഗിങ്ങാണ്. പ്രത്യേകിച്ച് സ്വാശ്രയ കോളേജുകളില്‍. പ്രതികളുടെ പേരു കേട്ടപാതിയില്‍
അധ്യാപകശ്രേഷ്ഠരുടെ ഉപദേശങ്ങളുണ്ടാകും. കോളേജല്ലേ, ചെറിയ തോതിലൊക്കെ അഡ്ജസ്റുചെയ്യുക. ചില കോളേജുകളില്‍ പ്രതികളുടെ രക്ഷിതാക്കള്‍ മാനേജ്മെന്റിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായിരിക്കും. ബില്‍ഡിങ് ഫണ്ടിലേക്ക്, പ്രിന്‍സിപ്പലിന്റെ സ്പെഷ്യല്‍ മാനേജരുടെ ഡെവലപ്മെന്റ് ഫണ്ടിലേക്ക് ഉപേക്ഷയില്ലാതെ സഹായിച്ചവര്‍. അവരുടെ മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു വിമ്മിട്ടം സാധാരണംമാത്രം. സമ്പന്നപുത്രരും ക്രിമിനലുകളുമാണ് റാഗിങ്ങിന് നേതൃത്വം നല്‍കുന്നത്. ആദ്യകാലങ്ങളില്‍ ഗവമെന്റും ഇതര അധികാരകേന്ദ്രങ്ങളും ഇതിനെ അവഗണിക്കുകയായിരുന്നു. അധികാരശ്രേണിയില്‍ തലപ്പത്തിരിക്കുന്നവരുടെ മക്കള്‍ ഇതിനിരയായപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

വിദ്യാര്‍ഥി യൂണിയനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകളെ റാഗിങ് വിമുക്തമെന്നു വേണമെങ്കില്‍ വിളിക്കാം. ആര്‍ കെ രാഘവന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സംഭവങ്ങള്‍ നടന്ന ഒരിടത്തുപോലും ശരിയാംവിധമുള്ള വിദ്യാര്‍ഥി യൂണിയനില്ല. കോളേജുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യം ആര്‍ കെ രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിങ്ദോ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിടുന്നു.

2006ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ കെ രാഘവന്‍ കമ്മിറ്റി രൂപപ്പെട്ടത്. സുപ്രീംകോടതിതന്നെയാണ് ജെ എം ലിങ്ദോയുടെ നേതൃത്വത്തിലുള്ള കമീഷനെ നിയോഗിച്ചതും. ഈ രണ്ട് റിപ്പോര്‍ട്ടും യഥാവിധി നടപ്പാക്കേണ്ടതിന്റെ മുഖ്യചുമതല ആരുടേതാണ്? കലാലയത്തിലെ വിദ്യാര്‍ഥിക്കോ അധ്യാപകനോ അല്ല. കേന്ദ്ര ഗവമെന്റിനും യുജിസി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമിതികള്‍ക്കുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് നമ്മള്‍ കണ്ടത്. രാഘവന്‍ തന്റെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍അവസരമൊരുക്കണമെന്നു പറയുന്നു. കലോത്സവങ്ങളും കായികമേളകളും ഇതില്‍ ഉള്‍പ്പെടും. അലസ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ് എന്നോര്‍മപ്പെടുത്തിയാണ് ഇത് പരാമര്‍ശിച്ചത്.

ഇന്ത്യയിലെ 26 കേന്ദ്ര സര്‍വകലാശാലകളില്‍ നാലിടത്തു മാത്രമാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥി യൂണിയനുകള്‍ പരിചിതമേയല്ല. രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ റാഗിങ്ങിനെ ഇല്ലാതാക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ ഏറെ സഹായകരമെന്ന് വിലയിരുത്തുന്നു. ആന്റി റാഗിങ് സ്ക്വാഡില്‍ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടാകണമെന്നും നിര്‍ദേശിക്കുന്നു. യുജിസി നിയമിച്ച 1999ലെ കമ്മിറ്റിയും വിദ്യാര്‍ഥിപ്രാതിനിധ്യം നിര്‍ദേശിക്കുന്നു.

റാഗിങ്ങിനെതിരെ ധാര്‍മികതയുടെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നവരാണ് ഗവമെന്റിന്റെയും യുജിസിയുടെയും തലപ്പത്ത്. പരാമര്‍ശിക്കപ്പെട്ട കമീഷനുകളുടെ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് ഇച്ഛാശക്തിയോടെ നടപ്പാക്കപ്പെടാത്തത്? രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരം കൈയാളുന്നവരുടെ താല്‍പ്പര്യം ഹനിക്കപ്പെടുമെന്നതിനാലാണ്. വിദ്യാര്‍ഥി യൂണിയന്‍ റാഗിങ്ങിനെന്നപോലെ വിദ്യാഭ്യാസക്കച്ചവടത്തിനും എതിരായിത്തീരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്യാമ്പസുകളിലെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഇന്ന് അസാധ്യമാണ്. കോഗ്രസും ബിജെപിയും ഇതര ബൂര്‍ഷ്വാ പാര്‍ടികളും വിദ്യാര്‍ഥിയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് തടയിടുന്നു. ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമാണ് അവിടങ്ങളില്‍. ചോദിക്കാനും എതിര്‍ക്കാനും ആരുമില്ലാത്ത വേദനിപ്പിക്കുന്ന ശൂന്യത. റാഗിങ്ങിനെ ചെറുക്കുകയും ക്രിമിനല്‍ ഗ്യാങ്ങുകളുടെ വിളയാട്ടത്തിന് തടയിടുകയും ചെയ്തത് ശരിയായ രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളാണ്. അരാഷ്ട്രീയതയുടെ ഉല്‍പ്പന്നമാണ് റാഗിങ്. മാനവികതയില്ലാത്ത വലതുപക്ഷ രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണിത്. നിയമനിര്‍മാണങ്ങളോ കോടതി ഉത്തരവുകളോ കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല റാഗിങ് വിമുക്ത ക്യാമ്പസ്. റാഗിങ്ങിന് മറുമരുന്ന് ക്യാമ്പസിന്റെ ജനാധിപത്യവല്‍ക്കരണം മാത്രമാണ്.

വി ശിവദാസന്‍ ദേശാഭിമാനി