സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Monday, 16 April 2012

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസ് സ്വരമെന്ന് ലീഗ്

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസ് സ്വരമെന്ന് ലീഗ്


അഞ്ചാംമന്ത്രി പദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസിന്റെ സ്വരമാണെന്ന് മുസ്ലിംലീഗ്. ലീഗിനെ വര്‍ഗീയമുദ്ര ചാര്‍ത്തി അപമാനിക്കാന്‍ വിഷയം കോണ്‍ഗ്രസ് ഉപയോഗിച്ചതായും ലീഗ് നേതാക്കള്‍ ആക്ഷേപിച്ചു. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയോഗത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. സാമുദായികസന്തുലനം, മതനിരപേക്ഷത എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമുണ്ടായി. പ്രമുഖ വാര്‍താചാനലുകളുടെ സ്പോണ്‍സറിങ്ങിലാണ് ഈ നീക്കം.

അഞ്ചാംമന്ത്രിപദത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു പ്രവര്‍ത്തകസമിതി ചേര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ എം പിയാണ് കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടര്‍ച്ചയായി രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനായി വേണ്ടെന്നുവെച്ചു. അന്നൊന്നും ആരും അത് ത്യാഗമായി വാഴ്ത്തിയില്ലെന്നായിരുന്നു ഭാരവാഹികളുടെ വാദം. വി എം സുധീരന്‍, കെ മുരളീധരന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ പേരെടുത്തായിരുന്നു നേതാക്കളുടെ വിമര്‍ശനം. എന്‍എസ്എസ് അടക്കമുള്ളവയെ ഇറക്കിവിട്ടതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ്. തിരൂരങ്ങാടിയില്‍ എ കെ ആന്റണിയെ വിജയിപ്പിച്ച കക്ഷിയെ മറന്നാണ് ഇപ്പോഴത്തെ അഭിപ്രായപ്രകടനങ്ങള്‍. ലീഗിന് ഇനിയും സ്ഥാനങ്ങള്‍ക്കവകാശമുണ്ട്. ലീഗിനേക്കാള്‍ 18 സീറ്റേ കോണ്‍ഗ്രസിന് കൂടുതലുള്ളു. മുഖ്യമന്ത്രി, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ അടക്കം ഡസന്‍ പദവികള്‍ കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിന് കിട്ടിയ സീറ്റുകള്‍ എവിടെയെന്ന് പരിശോധിച്ചാല്‍ ശക്തി മനസിലാകുമെന്ന് ഭാരവാഹികള്‍ മുതല്‍ എംഎല്‍എമാര്‍വരെയുള്ളവര്‍ പറഞ്ഞു.

അതേസമയം പൊതുസമൂഹത്തില്‍ പാര്‍ടിയുടെ പേര് കളങ്കപ്പെടുത്താനിടയായെന്ന അഭിപ്രായവുമുണ്ടായി. അഞ്ചാമതൊരു മന്ത്രിയാണോ രാജ്യസഭാ സീറ്റാണോ ന്യുനപക്ഷസമുദായത്തിന് പ്രധാനമെന്ന ചോദ്യവും ഉയര്‍ന്നു. കാലുമാറി പാര്‍ടിയിലെത്തിയയാള്‍ക്കായി എന്തിനാണ് ലീഗ് എല്ലാവരെയും പിണക്കുന്നതെന്ന ചോദ്യമായിരുന്നു അബ്ദുള്‍സമദാനിയടക്കമുള്ളവരുടേത്. മന്ത്രി എം കെ മുനീര്‍, ടി എ അഹമ്മദ്കബീര്‍, കുട്ടിഅഹമ്മദ്കുട്ടി എന്നിവരും ഇക്കാര്യത്തില്‍ പരസ്യവിവാദത്തിന് പുറപ്പെടരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ പാര്‍ടിയെ കൂട്ടമായി അക്രമിക്കുന്ന സന്ദര്‍ഭത്തില്‍ ഇതേപോലുള്ള ചര്‍ച്ച പാടില്ലെന്നായിരുന്നു നേതൃതല അഭിപ്രായം. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയുടെ വീട്ടിലേക്കും എന്‍എസ്എസ് ആസ്ഥാനത്തേക്കും പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യോഗശേഷം വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി ആര്യാടന്റെ വീട്ടിലേക്ക് ലീഗുകാര്‍ പ്രകടനം നടത്തിയതിനെ പ്രവര്‍ത്തകസമിതിയോഗം അപലപിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
(പി വി ജീജോ)
deshabhimani

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...