സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Tuesday, 17 April 2012

പ്രണയം–മിഥ്യകള്‍ , യാഥാര്‍ത്ഥ്യങ്ങള്‍

പ്രണയം–മിഥ്യകള്‍ , യാഥാര്‍ത്ഥ്യങ്ങള്‍


സി വി സുധീന്ദ്രന്‍
ഓര്‍മ്മവെച്ച നാളുകള്‍ മുതല്‍ , അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ, നൂറുകണക്കില്‍ സിനിമകള്‍ കണ്ടും ആയിരക്കണക്കില്‍ പ്രണയഗാനങ്ങള്‍ കേട്ടുമാണ് യുവാക്കള്‍ ഇന്നു വളര്‍ന്നുവരുന്നത്. ശൃംഗാരം, കരുണം, രൗദ്രം എന്നിങ്ങനെ രസങ്ങള്‍ ഒന്‍പതാണെങ്കിലും എല്ലാ പ്രായക്കാരെയും എല്ലാക്കാലത്തും ആകര്‍ഷിച്ചെടുക്കുവാന്‍ എളുപ്പം ശൃംഗാരത്തിനാണെന്നു കണ്ടെത്തുകയാല്‍ കച്ചവടസിനിമകളുടെ ശില്പികള്‍ എന്നും ഒന്നാംസ്ഥാനം കൊടുത്തുപോന്നിട്ടുള്ളത് ശൃംഗാരരസത്തിന്റെ വൈവിധ്യമുള്ള ആവിഷ്‌കാരങ്ങള്‍ക്കുമാണ്. മാനുഷികബന്ധങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളും സിനിമ തിരുത്തിക്കുറിച്ചിരിക്കുകയാണ് എന്നു പറയണം. ഒരു യുവാവും യുവതിയും കണ്ടുമുട്ടുമ്പോള്‍ ഒരിക്കലുംതന്നെ സാഹോദര്യഭാവമോ സൗഹൃദമോ ഉദിക്കുന്നില്ല, ഉദിക്കുന്നത് പ്രണയം മാത്രമാണ്! സര്‍വ്വകലാവല്ലഭന്മാരായ പൗരുഷമൂര്‍ത്തികളും സൗന്ദര്യധാമങ്ങളായ സ്ത്രീരത്‌നങ്ങളും എണ്ണമില്ലാത്ത സിനിമകളില്‍ ഒന്നുതന്നെ ആവര്‍ത്തിച്ചഭിനയിച്ചു കാണിക്കുമ്പോള്‍ പക്വത തികയാത്ത പ്രേക്ഷകഹൃദയങ്ങള്‍ സ്വാധീനിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു.
സിനിമ എന്ന സ്വപ്നലോകം
അതേസമയം ചിന്തയും പക്വതയുമുണ്ടെങ്കില്‍ തിരിച്ചറിയാം, സിനിമ വളരെ അയഥാര്‍ത്ഥമായ ഒരു ലോകമാണ് അവതരിപ്പിക്കുന്നതെന്ന്. നായകന്മാരെല്ലാം സുമുഖരും വൈഭവങ്ങള്‍ തികഞ്ഞവരുമാണ്, അസാധാരണമായ കായികശേഷിയുള്ളവരാണ്, (നായകനും ഒരു സഹായിയും ചേര്‍ന്ന് അഞ്ചെട്ട് മല്ലന്മാരെ എതിരിട്ട് നിലംപരിശാക്കുന്നത് നാം എത്ര തവണ കണ്ടിരിക്കുന്നു!), താളത്തിനൊപ്പം ചന്തത്തില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുവാന്‍ കഴിവുള്ളവരാണ്, പോരാ ഗാനഗന്ധര്‍വ്വന്മാരുമാണ്. നായികമാരാണെങ്കില്‍ അതിസുന്ദരികളും നൃത്തവിശാരദകളും ഗാനകോകിലങ്ങളും. യഥാര്‍ത്ഥജീവിതത്തില്‍ ഇത്തരം സകലകലാമൂര്‍ത്തികളെ നാം കണ്ടുമുട്ടുകതന്നെയില്ല. ഏതായാലും ഈ കഥാജീവികള്‍ കണ്ടുമുട്ടുകയും കണ്ടുമുട്ടി ഏറെത്താമസിയാതെ പ്രേമിച്ചുതുടങ്ങുകയും ചെയ്യുന്നു.യാഥാര്‍ത്ഥ്യത്തില്‍നിന്നുള്ള സിനിമയുടെ അകലത്തിന് മറ്റൊരു തെളിവ്, മെയ്ക്കരുത്തിനും കയ്യാങ്കളിക്കും അതു കൊടുക്കുന്ന പ്രാമുഖ്യമാണ്. നായകന്‍ സാധാരണക്കാരനായാലും പോലീസ് കമ്മീഷണറായാലും കലക്ടറായാലുമെല്ലാം അയാള്‍ തന്റെ ജീവിതത്തിലെ സന്ദിഗ്ദ്ധഘട്ടങ്ങള്‍ തരണം ചെയ്യുന്നത് മെയ്ക്കരുത്തിലൂടെയാണ്! വകതിരിവുള്ളവര്‍ക്കറിയാം ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കൈക്കരുത്തിന്റെ പ്രകടനം പരിഹാരമാവുകയില്ല; മറിച്ച് അത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന്.കച്ചവടസിനിമ വരച്ചുകാട്ടുന്നത് യാഥാര്‍ത്ഥ്യങ്ങളില്‍നിന്നകന്ന ഒരു സ്വപ്നലോകമാണ്; അവയുടെ ശില്പികള്‍ പ്രാഥമികവികാരങ്ങളും ഹൃദയ ദൗര്‍ബല്യങ്ങളും സാമര്‍ത്ഥ്യപൂര്‍വ്വം ചൂഷണം ചെയ്യുക മാത്രമാണ്. യാഥാര്‍ത്ഥ്യബന്ധവും കലാമൂല്യവുമുള്ള സിനിമാരചനകള്‍ ഒരിക്കലും സംഭവിക്കുന്നില്ല എന്നല്ല; സംഭവിക്കുന്നത് വിരളമായാണെന്നുമാത്രം.
കഥാപാത്രങ്ങളെ മാതൃകകളാക്കുമ്പോള്‍
പക്വതയും അനുഭവവുമില്ലാത്ത ഇളംപ്രായക്കാര്‍ക്ക് വെള്ളിത്തിരയിലെ കഥാപാത്രങ്ങളെ യഥാര്‍ത്ഥജീവിതത്തിലെ മനുഷ്യവ്യക്തികളില്‍നിന്നും വേര്‍തിരിച്ചുകാണാനാവുകയില്ല. അഥവാ അവര്‍ സിനിമയെ ജീവിതമായിത്തന്നെ കാണുന്നു; കഥാപാത്രങ്ങളെ യഥാര്‍ത്ഥമനുഷ്യരായി മനസ്സുകളിലേറ്റുന്നു.  എല്ലാം തികഞ്ഞ പൂര്‍ണ്ണമനുഷ്യരായി തങ്ങളുടെ മുമ്പില്‍ അവതരിക്കുന്ന നായികാനായകന്മാരെ അവര്‍ ആരാധനയോടെ അനുകരിക്കുവാന്‍ ശ്രമിക്കുന്നു. കൗമാരത്തിന്റെ സവിശേഷമായ ശാരീരികയാഥാര്‍ത്ഥ്യങ്ങളും ഹോര്‍മോണുകളുടെ സ്രവണവും കൂടെച്ചേരുമ്പോള്‍ ചാപല്യവും അഭിനിവേശങ്ങളും സര്‍വ്വസാധാരണമായി സംഭവിക്കുകയും ചെയ്യുന്നു. ചാപല്യങ്ങളെയും അഭിനിവേശങ്ങളെയുംപ്രണയങ്ങളായി തെറ്റിദ്ധരിക്കുക; തെറ്റിദ്ധരിക്കപ്പെട്ട പ്രണയങ്ങള്‍ വിവാഹത്തെ ലക്ഷ്യം വയ്ക്കുക–ഇത്രയുംകൂടെ സംഭവിക്കുമ്പോള്‍ ദുഃഖങ്ങളിലേക്കും ദുരിതങ്ങളിലേക്കും വഴിതെളിയുന്നു.  അല്പംകൂടെ വിശദീകരിക്കുവാന്‍ ശ്രമിക്കാം.
ജീവിതത്തില്‍ കഥ വിവാഹത്തോടെ തുടങ്ങുന്നു
രണ്ടര മണിക്കൂര്‍ നീണ്ടുനില്ക്കുന്ന സിനിമകളും ചേതോഹാരികളായ പ്രണയകഥകളും മിക്കപ്പോഴും അവസാനിക്കുന്നത് നായികാനായകന്മാരുടെ
പ്രണയപരിസമാപ്തിയിലാണ്; അവരുടെ വിവാഹത്തിലാണ്. അതോടെ കഥ തീരുകയാണ്. പക്ഷേ, ജീവിതത്തില്‍ കഥ തുടങ്ങുക വിവാഹത്തോടെയാണ്! അതുകൊണ്ട് പ്രണയകഥകളും മധുരസങ്കല്പങ്ങളും തല്കാലം മനസ്സുകളില്‍നിന്നും വകഞ്ഞുമാറ്റി നമുക്ക് പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക.
വിവാഹജീവിതം ഒരു ആയുഷ്‌കാലം നിലനില്ക്കണമെന്നാണ് മനുഷ്യത്വവും സംസ്‌കാരവും ആവശ്യപ്പെടുന്നതെന്ന് അഞ്ചാമദ്ധ്യായത്തില്‍ നിരീക്ഷിക്കുകയുണ്ടായി. അത്രയും കാലം ഒന്നിച്ചുജീവിക്കുവാന്‍ കഴിയണമെങ്കില്‍ വ്യക്തികള്‍ തമ്മില്‍ കുറെയേറെ പൊരുത്തങ്ങള്‍ ഉണ്ടായിരിക്കേണ്ടേ? ബാഹ്യാകര്‍ഷണങ്ങളും കൗമാരത്തിന്റെ ഹോര്‍മോണ്‍വിതാനങ്ങളും നാളേറെക്കഴിയാതെതന്നെ താഴോട്ടിറങ്ങും. നിലനില്ക്കുക ബൗദ്ധികവും മാനസികവുമായ ചേര്‍ച്ചകളും പൊരുത്തങ്ങളുമായിരിക്കും. പൊരുത്തങ്ങളില്ലാത്ത, അഥവാ വൈരുദ്ധ്യങ്ങളുള്ള രണ്ട് വ്യക്തിത്വങ്ങള്‍ ഒരായുഷ്‌കാലം ഒന്നിച്ചുജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍, രണ്ടുപേരുടെയും ജീവിതങ്ങള്‍ കയ്ക്കുന്നതും കടുത്തതുമായ കുരിശുചുമക്കലുകളാവുകയില്ലേ?
രുചിക്കുന്ന കാലം ഒന്നിച്ച് ജീവിച്ചാല്‍പോരെ?
വിവാഹിതരാവുന്ന പങ്കാളികള്‍ ഒരായുഷ്‌കാലം മുഴുവന്‍ ഒന്നിച്ചുജീവിക്കണമെന്നാണ് മനുഷ്യത്വവും സംസ്‌കാരവും ആവശ്യപ്പെടുന്നത് എന്നു പറഞ്ഞുവല്ലോ. ഈ പറയുന്നതിന്റെ അര്‍ത്ഥവും അടിസ്ഥാനവും ഒന്നുകൂടെ വിശദമാക്കേണ്ടതുണ്ട്.  അന്യോന്യം രുചിക്കുന്നത്രയും കാലം ഒന്നിച്ചു ജീവിക്കുക; രുചിക്കാതാവുമ്പോള്‍ പിരിയുക എന്ന ശൈലിക്ക് പ്രചാരമേറുകയാണല്ലോ. പടിഞ്ഞാറന്‍ നാടുകളിലെ സഹജീവിത (co-habitation) രീതിയെക്കുറിച്ചൊക്കെ നാം കേള്‍ക്കുന്നുമുണ്ട്.  വളരെ ആകര്‍ഷകങ്ങളായ വ്യക്തിത്വങ്ങളുള്ള (അഥവാ പ്രതിച്ഛായകളോ?) സിനിമാതാരങ്ങളും പോപ്പ് സംഗീതതാരങ്ങളുമൊക്കെ ശരാശരി  രണ്ടുവര്‍ഷം നീളുന്ന സഹജീവിതത്തിനോ വിവാഹജീവിതത്തിനോ ശേഷം വേര്‍പിരിയുന്ന വാര്‍ത്തകള്‍ നിത്യേനയെന്നോളം വാര്‍ത്താപത്രങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, കുഴപ്പമിതാണ്: പ്രായപൂര്‍ത്തിയെത്തിയ രണ്ട് ശരീരങ്ങള്‍ മേളിക്കുമ്പോള്‍ പുതിയൊരു മനുഷ്യജീവന്‍ ഉടലെടുത്തുപോകുന്നു! കുഞ്ഞുണ്ടായി ഒരു വര്‍ഷമാകുമ്പോഴേക്കും പലപ്പോഴും അച്ഛനമ്മമാര്‍ വഴിപിരിയുകയാണ്. തന്റെ അച്ഛനാരാണെന്നോ തനിക്കൊരച്ഛന്‍ ഉണ്ടായിരുന്നുവെന്നോ ആ കുഞ്ഞിന് നേരില്‍ അറിഞ്ഞുകൂടാ. അത് ഫലത്തില്‍ അച്ഛനില്ലാതെ വളരുന്നു.
ദീര്‍ഘസംരക്ഷണം വേണ്ട അവയവം
വാസ്തവത്തില്‍ ജന്തുവര്‍ഗ്ഗങ്ങളില്‍ ഭൂരിഭാഗത്തിലും കുഞ്ഞുങ്ങള്‍ വളരുന്നത് അച്ഛന്റെ സാന്നിദ്ധ്യവും പിന്തുണയും അറിയാതെയത്രെ. പശുക്കിടാവിനും പൂച്ചക്കുഞ്ഞിനും അതിന്റെ അമ്മയെ മാത്രമേ അറിഞ്ഞുകൂടൂ. കാലുറച്ചാല്‍ കുഞ്ഞ് അതിന്റെ വഴിക്കുപോവുകയും ചെയ്യും. മനുഷ്യനും അങ്ങനെയായാല്‍ എന്തുണ്ട് ചേതം? ഇവിടെയാണ് മനുഷ്യനും ജന്തുവര്‍ഗ്ഗങ്ങളും തമ്മിലുള്ള അതിപ്രധാനമായ അന്തരം–മനുഷ്യന്‍ സവിശേഷസിദ്ധികളുള്ള ഒരു തലച്ചോര്‍ നല്കപ്പെട്ടവനാണ് എന്ന അന്തരം–എഴുന്നുനില്ക്കുന്നത്. തലച്ചോര്‍ എന്ന ആ അതിസങ്കീര്‍ണ്ണവും ഉത്തമസംരക്ഷണം ആവശ്യപ്പെടുന്നതുമായ അവയവം അതിന്റെ വളര്‍ച്ച പൂര്‍ത്തിയാക്കുന്നത് പത്തിരുപത് വര്‍ഷങ്ങള്‍ കൊണ്ടാണ്. അതുകൊണ്ടാണ് പക്വത പ്രാപിക്കുവാന്‍ മനുഷ്യക്കുഞ്ഞ്, മറ്റു ജീവികളെയപേക്ഷിച്ച് വളരെ നീണ്ട കാലമെടുക്കുന്നത്. ഇരുപത് തികഞ്ഞാല്‍പോലും (കാലുറയ്ക്കുമെങ്കിലും) തലയുറയ്ക്കാത്ത വര്‍ഗ്ഗമാണ് മനുഷ്യന്റേത്. പത്തിരുപത് വര്‍ഷക്കാലത്തെ, ഒരച്ഛനും അമ്മയും ചേര്‍ന്നൊരുക്കുന്ന, ശാരീരികം മാത്രമല്ല മാനസികവും ബൗദ്ധികവുമായ പരിരക്ഷണവും പോഷണവും ലഭിക്കുമ്പോഴാണ് തലച്ചോര്‍ എന്ന അവയവവും മനുഷ്യവ്യക്തിത്വവും അതിന്റെ സാദ്ധ്യതകള്‍ പൂര്‍ണ്ണതയിലെത്തുംവിധം വളര്‍ച്ച പ്രാപിക്കുന്നത്. അത്തരം വ്യക്തികളാണ് സ്‌നേഹിക്കുന്നവരും കാര്യപ്രാപ്തിയുള്ളവരും നന്മ ചെയ്യുന്നവരുമായ പൂര്‍ണ്ണമനുഷ്യരായി വികസിക്കുന്നത്;  ഭാവിയുടെ മുതല്‍ക്കൂട്ടുകളായിത്തീരുന്നത്.  പാലനവും പോഷണവും വേണ്ടതോതില്‍ കിട്ടാതെ വരുമ്പോള്‍ വൈകല്യങ്ങള്‍ സംഭവിക്കുന്നു; നാം നാലാമദ്ധ്യായത്തില്‍ കണ്ടതുപോലെ മനോവൈകല്യങ്ങളുള്ളവരും സാമൂഹികദ്രോഹികളും രൂപപ്പെട്ടുവരികയും ചെയ്യുന്നു. അതുകൊണ്ടാണ് പതിനായിരക്കണക്കിനു വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം മനുഷ്യകുലം വിവാഹം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ജന്മം കൊടുത്തത്; ചിരസ്ഥായികളായ ദാമ്പത്യങ്ങള്‍ മനുഷ്യസംസ്‌കാരത്തിന്റെതന്നെ അനിവാര്യതകളാണെന്ന് നിഷ്‌കര്‍ഷിക്കുന്നതും.
സഹനീയവും നിലനില്ക്കുന്നതുമായ ദാമ്പത്യം
ഇപ്പോള്‍ അടുത്ത ചോദ്യത്തിന് സമയമായി–ദാമ്പത്യങ്ങള്‍ ചിരസ്ഥായികളായിരിക്കും എന്ന് ഉറപ്പുവരുത്തുന്നതെങ്ങനെ? പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉറപ്പുകള്‍ മനുഷ്യന്റെ വരുതിയിലല്ല. എന്നാലും നമുക്ക് മനുഷ്യവ്യക്തിത്വങ്ങളുടെ സങ്കീര്‍ണ്ണതകളെ(complexities)ക്കുറിച്ച് ബോധമുള്ളവരാവുകയും  തമ്മില്‍ അത്യാവശ്യം പൊരുത്തങ്ങളെങ്കിലുമുള്ളവയെ കണ്ടെത്തി യോജിപ്പിക്കുകയുംചെയ്യാം; അതുവഴി ദാമ്പത്യങ്ങള്‍ പൊതുവെ ചിരസ്ഥായികളും ചിലപ്പോള്‍ സുന്ദരങ്ങളും ആക്കിത്തീര്‍ക്കുകയും ചെയ്യാം. അഥവാ അതായിരിക്കണം ബുദ്ധിയും പക്വതയും തികഞ്ഞ മനുഷ്യവ്യക്തികളുടെ ലക്ഷ്യം.
വ്യക്തി എന്നാല്‍ മാനസികവും ബൗദ്ധികവുമായ തനിമ
ജന്തുവര്‍ഗ്ഗത്തിലെ ഇണകള്‍ക്ക് ശാരീരികപ്പൊരുത്തം മാത്രം ഉണ്ടായിരുന്നാല്‍ മതി.  പക്ഷേ, മനുഷ്യവ്യക്തിത്വങ്ങളുടെ പ്രധാനഘടകങ്ങള്‍ ബൗദ്ധികവും മാനസികവുമത്രെ.  മാതാപിതാക്കളില്‍നിന്നു കിട്ടിയ ജനിതകസത്തയുടെയും ഇളംനാളുകളിലെ ജീവിതസാഹചര്യങ്ങള്‍ ഏല്പിച്ച സ്വാധീനശക്തികളുടെയും ഉത്പന്നമാണ് ഓരോ ബൗദ്ധികമാനസികവ്യക്തിത്വവും.  മനുഷ്യരിലോരോന്നും ഒമ്പതുതരം ബൗദ്ധികശേഷികളുണ്ടെന്ന് നാം കാണുകയും ചെയ്തു. അതുപോലെ സത്വത്തിന്റെയും രജസ്സിന്റെയും തമസ്സിന്റെയും വിഭിന്നങ്ങളായ ചേരുവകളും മനുഷ്യപ്രകൃതിയിലുണ്ട്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഓരോ വ്യക്തിയിലും ഒരു ‘പൂര്‍വ്വികനെ’(PARENT)യും ‘ശിശു’ (CHILD)വിനെയും സൃഷ്ടിക്കുന്നുമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ വ്യക്തിയിലെ വ്യക്തിത്വധാരകളുടെ സങ്കീര്‍ണ്ണത വളരെ വൈചിത്ര്യമാര്‍ന്നതുതന്നെയാണ്–ഓരോ ആളും തരതമ്യമില്ലാത്ത മാനസികബൗദ്ധികസവിശേഷതകളുടെ ഒരു തനിമയുറ്റ സങ്കരമാണ്.  ഇതിനുംപുറമെയാണ് സമൂഹത്തിലെ വളരെ പ്രകടങ്ങളായ മതപരവും സാമ്പത്തികവും മറ്റുമായ വേര്‍തിരിവുകളും അതിര്‍വരമ്പുകളും.
ഒമ്പതില്‍ എത്ര പൊരുത്തം
ബൗദ്ധികവും മാനസികവുമായ പൊരുത്തങ്ങളെപ്പറ്റി അല്പംകൂടെ ചിന്തിച്ചുനോക്കാം. ബുദ്ധിശേഷികള്‍ ഒമ്പതെണ്ണമുണ്ടെന്ന് ഇപ്പോള്‍ നമുക്കറിയാം. ഒരു പങ്കാളിക്ക് പ്രധാനമായും മൂന്ന് ശേഷികളാണുള്ളതെന്നുവെയ്ക്കുക. ഉദാഹരണമായി ഭാഷാശേഷിയും സംഗീതസംബന്ധിയായ ശേഷിയും ആത്മപരിശോധനാശേഷിയുമാണുള്ളതെന്നിരിക്കട്ടെ. മറ്റേ പങ്കാളിക്ക് ഇവ മൂന്നുമില്ല, ഉള്ളത് ഗണിതബുദ്ധിയും ശാരീരികചലനബുദ്ധിയും ദൃശ്യ-സ്ഥലബന്ധിയായ ബുദ്ധിയുമാണെങ്കിലോ? എങ്കില്‍ അവര്‍ തമ്മിലുള്ള ബൗദ്ധികതലത്തിലെ ചേര്‍ച്ച തീരെ അപര്യാപ്തമായ നിലവാരത്തിലായിരിക്കും. രണ്ടു ശേഷികളെങ്കിലും പൊതുവായുണ്ടായില്ലെങ്കില്‍ വ്യക്തികള്‍ തമ്മില്‍ പരിമിതമായ ബൗദ്ധികപ്പൊരുത്തമെങ്കിലുമുണ്ടാകുമോ?
വീട്ടില്‍നിന്ന് കിട്ടുന്ന ദാമ്പത്യമാതൃകകള്‍
വൈവാഹികപ്പൊരുത്തത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറ്റൊരു ഘടകംകൂടെ ശ്രദ്ധയര്‍ഹിക്കുന്നു. ദാമ്പത്യത്തെക്കുറിച്ചുള്ള ഓരോ കുഞ്ഞിന്റെയും സങ്കല്പം രൂപമെടുക്കുന്നത് സ്വന്തം വീട്ടില്‍നിന്നാണ്; സ്വന്തം മാതാപിതാക്കളുടെ ദാമ്പത്യമാണ് ഓരോ കുഞ്ഞിനും ദാമ്പത്യക്കുറിച്ചുള്ള ആദ്യചിത്രം നല്കുന്നത്.  ആ ബന്ധം തീരെ അതൃപ്തികരമെങ്കില്‍ കുഞ്ഞ് ഒരുപക്ഷേ, ആ മാതൃകയെ പാടേ തിരസ്‌കരിച്ചേക്കാം. മറിച്ച് ബന്ധം ഏതാണ്ടൊക്കെ തൃപ്തികരമാണെങ്കില്‍ അതിന്റെ ഗുണപരമായ നിലവാരങ്ങള്‍ കുഞ്ഞിന്റെ മനസ്സില്‍ മാതൃകകള്‍ സൃഷ്ടിച്ചേക്കും. സ്വേച്ഛാധികാരിയായ അച്ഛനേയും വഴങ്ങുന്ന അമ്മയേയും കണ്ടുവളര്‍ന്ന മകന്റെയും മകളുടെയും മനസ്സിലെ ഭര്‍തൃത്വത്തിന്റെ മുഖമുദ്ര അധികാരസ്ഥാപനത്തിന്റെതായിരിക്കും. മറിച്ച് മേല്‍ക്കോയ്മ അമ്മയുടേതായിരുന്ന ഒരു വീട്ടില്‍ വളര്‍ന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഭാര്യാസങ്കല്പങ്ങള്‍ മേല്‍ക്കോയ്മയുടേതായിരിക്കും.  വിരുദ്ധപ്രകൃതികളുള്ള ദാമ്പത്യങ്ങളുടെ സന്തതികള്‍ക്ക് സമരസപ്പെടുവാന്‍ വിഷമം കൂടുതലായിരിക്കുമെന്ന് പറയേണ്ടതുമില്ല.
വികസിച്ച ‘ചിന്തകനി’ല്ലെങ്കില്‍
ശരിയാണ്, വ്യക്തികളിലോരോന്നും കാര്യകാരണബുദ്ധിയെ അടിസ്ഥാനമാക്കി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ‘ചിന്തകന്‍’ (Adult) കൂടെയുണ്ട്. ഒരാളിലെ ‘ചിന്തകന്‍’ വികസിച്ചതാണെങ്കില്‍, ജീവിതപങ്കാളിയിലെ ‘ചിന്തകനും’ ഏതാണ്ട് തുല്യമാംവിധം വികസിച്ചതാണെങ്കില്‍, മറ്റ് ഭിന്നതകളെ സംഘര്‍ഷത്തിലെത്തിക്കാതെ  സമരസപ്പെടുത്തിയെടുക്കുവാന്‍ വലിയൊരളവുവരെ രണ്ടുപേര്‍ക്കുംകൂടെ കഴിഞ്ഞേക്കും. പക്ഷേ, ഇതും ഒരു വലിയ ‘എങ്കില്‍’ ആണല്ലോ. ഒരു നല്ല ‘ചിന്തകന്‍’ രൂപപ്പെട്ടുണ്ടാവാനും സാഹചര്യങ്ങളുടെ ശക്തമായ കൈത്താങ്ങുണ്ടായെങ്കിലല്ലേ പറ്റൂ? ‘ചിന്തകന്‍’ വികസിച്ചവരായ മാതാപിതാക്കള്‍, നല്ല വിദ്യാലയങ്ങളും അദ്ധ്യാപകരും, ബൗദ്ധികസൗഹൃദം നല്കാന്‍ കെല്പുള്ള കുട്ടൂകാര്‍, നല്ല പുസ്തകങ്ങളുടെയും മറ്റും ലഭ്യത ഇവയെയൊക്കെ ആശ്രയിച്ചായിരിക്കും വ്യക്തിയിലെ ‘ചിന്തകന്റെ’ വികാസം.  മറ്റു വൈരുദ്ധ്യങ്ങള്‍  സാരമായതാണെങ്കില്‍, പൊരുത്തങ്ങള്‍ പരിമിതമാണെങ്കില്‍, രണ്ടുപേരിലെയും ‘ചിന്തകന്‍’ താങ്ങേണ്ടിവരുന്ന ‘ജോലിഭാരം’ വളരെ കൂടുതലായിരിക്കുകയും ചെയ്യും. മറിച്ച് ഒരാളുടെ ‘ചിന്തകന്‍’ വികസിച്ചതും മറ്റേയാളുടേത് വളര്‍ച്ചവയ്ക്കാത്തതുമാണെങ്കിലും ബന്ധം രണ്ടുപേര്‍ക്കും ദുസ്സഹമായിത്തീരും. കാലത്തിനു ചേരാത്തതും മുന്‍വിധികള്‍ നിറഞ്ഞതുമായ ‘പൂര്‍വ്വികനും’ വൈകാരികമായി പ്രതികരിക്കുന്ന ‘ശിശു’വും ഇടപാടുകളെ നിയന്ത്രിക്കുകയാണെങ്കില്‍ നിത്യജീവിതം ഒരു യുദ്ധക്കളമാവുകയും ചെയ്യും.
ശ്രദ്ധയോടെ വേണം തിരഞ്ഞെടുപ്പ്
ഇത്രയും വിശദീകരിച്ചുപറഞ്ഞത് ആയുഷ്‌കാലം നീണ്ടുനില്ക്കുന്നവയായ വിവാഹബന്ധങ്ങള്‍ വളരെ ഗൗരവബുദ്ധിയോടെ സമീപിക്കപ്പെടേണ്ടവയാണെന്ന് തെളിച്ചുകാണിക്കുവാനാണ്.  വ്യക്തിത്വങ്ങളുടെ പൊരുത്തങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ശ്രദ്ധാപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പാണാവശ്യം.  ബോധവും ഉപബോധവും അബോധവുമെല്ലാം സിനിമക്കഥകളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്ന, അനുഭവശൂന്യവും അപക്വവുമായ കൗമാരത്തിന് ഈ തിരഞ്ഞെടുപ്പ് നടത്താനുള്ള യോഗ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ?
പ്രേതത്തിനെ കണ്ടവരുണ്ടോ?
അതുകൊണ്ട് കൗമാരത്തിന്റെ അഭിനിവേശങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന വില മാത്രം കൊടുക്കുക.  ജീവിതത്തില്‍ യഥാര്‍ത്ഥപ്രണയങ്ങള്‍ വളരെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളു. പക്വത വന്ന വ്യക്തികള്‍ക്ക് അടുത്തറിയുവാന്‍ ഇടകിട്ടുകയും അപൂര്‍വ്വമായി മാത്രം സംഭവിക്കുവാനിടയുള്ള പൊരുത്തങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്യുമ്പോഴായിരിക്കാം കാമ്പുള്ള പ്രണയബന്ധങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്. സാധ്യതകള്‍, നമ്മുടെ സാമൂഹ്യസാഹചര്യങ്ങള്‍ വിരുദ്ധമായതുകൊണ്ടുകൂടെ, വിരളം തന്നെയാണ്. പ്രേതകഥകള്‍ പറയുന്നവര്‍ ധാരാളം; പക്ഷേ പ്രേതത്തിനെ കണ്ടവര്‍ ആരുമില്ല എന്നു പറയാറുണ്ട്. അതുപോലെതന്നെയാണ് യഥാര്‍ത്ഥപ്രണയവും! പക്ഷേ മനസ്സിന്റെ മായാജാലങ്ങളും ലൈംഗികാകര്‍ഷണത്തിന്റെ ശക്തിയും ചേര്‍ന്ന്  പങ്കാളികളെ തെറ്റിദ്ധരിപ്പിക്കുന്നു; വെറും സൗഹൃദങ്ങള്‍ യഥാര്‍ത്ഥപ്രണയങ്ങളാണെന്ന് ഭ്രമിപ്പിക്കുന്നു.
അനുരാഗം പ്രഥമദൃഷ്ടിയില്‍ ?
മനുഷ്യമനസ്സ് ഒരു ആഴമേറിയ കിണറുപോലെയാണെന്ന് മനശ്ശാസ്ത്രം പറയുന്നു. ജനനംമുതലുണ്ടായ അനുഭവങ്ങളുടെ സ്മൃതികളെല്ലാം ഈ ആഴക്കിണറ്റിലെ നഷ്ടപ്പെട്ടുപോകാത്ത നിക്ഷേപങ്ങളാണ്. ഓര്‍മ്മകള്‍ ബോധമനസ്സിന് നഷ്ടമായിരിക്കാം–പക്ഷേ, അവ ഉപബോധത്തിലും അബോധത്തിലും ആലേഖിതമായിക്കിടക്കുന്നു. ആ ആലേഖനങ്ങളെ പില്ക്കാലജീവിതത്തിലെ ചില സംഭവങ്ങള്‍ ചിലപ്പോള്‍ സ്പര്‍ശിച്ചുണര്‍ത്തിയേക്കാം. പോയ്‌പോയ നാളുകളിലെ പ്രസന്നങ്ങളായ അനുഭവങ്ങളെ–അവയുടെ ഓര്‍മ്മകള്‍ ബോധമനസ്സിന് നഷ്ടപ്പെട്ടിരിക്കാം–ഏതോ വിധത്തില്‍ തൊട്ടുണര്‍ത്തുന്ന ഒരു വ്യക്തി ഇന്ന് നമ്മെ അത്ഭുതകരമായി ആകര്‍ഷിച്ചേക്കും. കുഞ്ഞുനാളില്‍ വളരെ പ്രിയപ്പെട്ടവരായിരുന്ന ആരുടെയെങ്കിലും മുഖത്തിനോട് വിദൂരസാദൃശ്യമെങ്കിലുമുള്ള ഒരു മുഖം ഇന്ന് നമ്മെ മാസ്മരികമായ ആകര്‍ഷണത്തിന് വിധേയരാക്കിയേക്കാം. പണ്ട് അമ്മ പാടിയിരുന്നതും വളര്‍ന്നപ്പോള്‍ ഒട്ടുമുക്കാലും മറന്നുപോയതുമായ ഒരു ഈണമോ ഗാനമോ ഇന്ന് മറ്റൊരാള്‍ പാടിയെന്നിരിക്കട്ടെ–മനസ്സ് അയാളില്‍ വര്‍ണ്ണനാതീതമായ ആകര്‍ഷണം കണ്ടെത്തിയേക്കാം. ആകര്‍ഷണത്തിന്റെ ശക്തിയും അതിന്റെ മാസ്മരികതയും കൂടിച്ചേരുമ്പോള്‍, മനസ്സുകള്‍ ആ ബന്ധത്തിന് ദൈവേച്ഛയുടെയും മുജ്ജന്മബന്ധങ്ങളുടെയുമൊക്കെ പരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും. ഇത്തരം ബന്ധങ്ങളാണ് മിക്കപ്പോഴും പ്രഥമദൃഷ്ടിയിലെ അനുരാഗങ്ങളായി ചിത്രീകരിക്കപ്പെടുന്നത്. പക്ഷേ ഇങ്ങനെയൊരാകര്‍ഷണം തോന്നിയതുകൊണ്ടുമാത്രം ആയുഷ്‌കാലം നീളുന്ന സഹജീവിതത്തിന് ആകര്‍ഷണപാത്രത്തെ തിരഞ്ഞെടുക്കുന്നത് ബുദ്ധിപൂര്‍വ്വകമാകുമോ? നമുക്ക് അങ്ങോട്ടു തോന്നുന്ന വികാരതീവ്രത ആകര്‍ഷണപാത്രത്തിന് ഇങ്ങോട്ടൂ തോന്നുവാന്‍ സാധ്യതയുമില്ല.  ഇനി അഥവാ അയാള്‍ അനുകൂലമായി പ്രതികരിച്ചാലും, നേരത്തെ വിവരിച്ച തരം വ്യക്തിത്വച്ചേര്‍ച്ചകളില്ലെങ്കില്‍ ബന്ധം പരാജയമായി കലാശിക്കുകയല്ലേ ചെയ്യുക?
ചിലപ്പോള്‍ നമ്മുടെ അടിമനസ്സ് അതിന്റെ രഹസ്യങ്ങളിലേക്ക് സ്വപ്നങ്ങളിലൂടെ ചില വാതായനങ്ങള്‍ തുറന്നുതന്നേക്കും; എങ്കില്‍ തോന്നിയ ആകര്‍ഷണങ്ങളുടെ അടിവേര് തെളിഞ്ഞുകിട്ടുകയും ചെയ്‌തേക്കും. ഉദാഹരണത്തിന് ഏത് ഗാനത്താലാണ് ആകര്‍ഷണപാത്രം ആകര്‍ഷിച്ചത്, ആ ഗാനം അമ്മ പാടുന്ന ഒരു സ്വപ്നം നിങ്ങള്‍ക്കുണ്ടായേക്കാം–അതോടെ ആകര്‍ഷണത്തിന്റെ കുരുക്കഴിഞ്ഞുകിട്ടുകയും ചെയ്‌തേക്കാം.  അതുകൊണ്ട് യുക്തിക്ക് നിരക്കാത്തതും വിശദീകരിക്കാനാകാത്തതുമായ ആകര്‍ഷണങ്ങള്‍  തോന്നുമ്പോള്‍ മനസ്സിനോട് ക്ഷമിക്കുവാന്‍ പറയുക; ആ ആകര്‍ഷണത്തെ പ്രണയത്തിലേക്കുള്ള കവാടമായി എണ്ണാതെയുമിരിക്കുക. അല്പം ക്ഷമിച്ചാല്‍ ആകര്‍ഷണത്തിന്റെ രഹസ്യം താനേ തെളിഞ്ഞുകിട്ടിയെന്നുവരാം.
സഹാനുഭൂതിയില്‍നിന്ന് പ്രണയം
സ്വന്തം സാഹചര്യങ്ങള്‍ അസന്തുഷ്ടമോ ഏകാകിത നിറഞ്ഞതോ ആയിരിക്കുക; മറുവശത്തുനിന്ന് അല്പം സാന്ത്വനം ലഭിക്കുക–ഇത്രയുമായാല്‍ ‘പ്രണയം’ പലപ്പോഴും മൊട്ടിടുകയായി. രണ്ടുപേരും ദുഃഖിതരായിരിക്കുക, പരസ്പരം സാന്ത്വനം നല്കുന്നവരുമായിരിക്കുക–ഇതാണവസ്ഥയെങ്കില്‍ ബന്ധത്തിന് പത്തിരട്ടി ശക്തിയുമായിരിക്കും.  എണ്ണമറ്റ സിനിമകള്‍–വലിയ ജനപ്രീതി നേടിയ സിനിമകള്‍–ഈയൊരു ചേരുവ അതിസമര്‍ത്ഥം ഉപയോഗിച്ചിട്ടുണ്ട്; ഇനിയും ഉപയോഗിക്കുകയും ചെയ്യും. അന്യന്റെ ദുഃഖം മനുഷ്യമനസ്സിനെ തരളമാക്കുന്ന വികാരമാണ്.  സഹാനുഭൂതിയാകട്ടെ, നന്മയും ആര്‍ദ്രതയും നിറഞ്ഞ മനുഷ്യഭാവവുമാണ്. പക്ഷേ, പങ്കാളികളുടെ ദുഃഖങ്ങളും ഏകാകിതകളും ‘പ്രണയം’ സഫലമാവുകയും വിവാഹത്തിലൂടെ അവര്‍ ഒരുമിച്ച് ജീവിച്ചുതുടങ്ങുകയും ചെയ്യുമ്പോള്‍ അപ്രത്യക്ഷമാകുന്നു.  പിന്നീടാണ്, അതുവരെ ദുഃഖഭാരങ്ങള്‍ക്കടിയില്‍ അമര്‍ന്നുകിടന്നിരുന്ന യഥാര്‍ത്ഥ വ്യക്തിത്വഘടകങ്ങള്‍ മറ നീക്കി പുറത്തുവരിക. അതുവരെ പരസ്പരം പിടികൊടുക്കാതിരുന്ന രണ്ട് വ്യത്യസ്തവ്യക്തികള്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയായി. അവര്‍ക്കു തമ്മില്‍ പൊരുത്തമുണ്ടാകും എന്നതിന് വല്ല ഉറപ്പുമുണ്ടോ?
സൗന്ദര്യം എന്ന ആകര്‍ഷണം
പെണ്ണിന്റെ സൗന്ദര്യം പുരുഷന്റെ വലിയ ബലഹീനത തന്നെയാണ്. ഭൂമിയിലെ പ്രേമഗാനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീയുടെ ബാഹ്യസൗന്ദര്യം വര്‍ണ്ണിക്കുകയാണ് ചെയ്യുന്നത്. മുഖസൗന്ദര്യവും അംഗലാവണ്യവും, എന്തിന് ഉടയാടകളുടെ ചേലും ചന്തവുംവരെ, അവസാനിക്കാത്ത വര്‍ണ്ണനകള്‍ക്കും ഉപമകള്‍ക്കും ഉല്‍പ്രേക്ഷകള്‍ക്കും വിഷയമാകുന്നു. എന്നാല്‍ ഗാനങ്ങളും ഭാവനകളും വേറെ; യാഥാര്‍ത്ഥ്യം വേറെ. ജീവിതം പങ്കുവയ്ക്കുന്ന വ്യക്തിയുടെ ബാഹ്യസൗന്ദര്യമാണോ പ്രധാനം, അല്ല മനസ്സിന്റെ സൗന്ദര്യവും വ്യക്തിത്വധാരകളുടെ ഇണക്കവുമാണോ? പ്രണയിച്ച് സ്വന്തമാക്കിയ സുന്ദരി, ജീവിച്ചിടപഴകാന്‍ തുടങ്ങുമ്പോള്‍ സ്വഭാവപ്പൊരുത്തമില്ലാത്തവളും തന്‍കാര്യവും അഹങ്കാരവും നിറഞ്ഞവളുമാണെന്ന് നിസ്സഹായതയോടെ തിരിച്ചറിയേണ്ടിവന്നേക്കാം. സിനിമകളും ഗാനങ്ങളും ശരീരസൗന്ദര്യത്തെ വാനോളം വാഴ്ത്തുന്നു. പുരുഷന്‍ പ്രകൃത്യാ കാഴ്ചകളാല്‍ ഉലയ്ക്കപ്പെടുന്നവനുമായിരിക്കുന്നു. സമബുദ്ധിയോടെ നെല്ലും പതിരും വേര്‍തിരിക്കുകയേ നിര്‍വ്വാഹമുള്ളു.  അതുപോലെ നല്ല വാക്കുകളോതുവാനുള്ള പുരുഷന്റെ ചാതുര്യം പെണ്ണിനെയും ആകര്‍ഷിച്ചുവീഴ്ത്തിയേക്കും. പക്ഷേ ആവര്‍ത്തിച്ചുപറഞ്ഞതുപോലെ വ്യക്തിത്വഘടകങ്ങളുടെ പൊരുത്തമില്ലെങ്കില്‍ സൗന്ദര്യവും വാക്ചാതുര്യവുമെല്ലാം വിലകെട്ട പുറംമോടികളായി ശേഷിക്കും.
യുവത്വത്തിന്റെ തിരഞ്ഞെടുപ്പുകളും വീഴ്ചകളും
ദീര്‍ഘകാലം പ്രണയത്തിലാണെന്ന് സങ്കല്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന സുന്ദരിയും ഇഷ്ടതോഴനും വിവാഹം നടക്കുന്നതോടെ പരസ്പരം വെറുത്തുതുടങ്ങുന്ന അനുഭവങ്ങള്‍ നിരവധിയാണ്. പുതുമോടി മാറുംമുമ്പെ വിവാഹമോചനത്തെപ്പറ്റി ചിന്തിക്കുന്ന ജോഡികളുടെ എണ്ണം ഈ നാട്ടിലും കൂടിവരുന്നു. ഇത്തരം ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പ്രണയത്തെ  മഹത്ത്വവത്കരിച്ചുകൊണ്ടിരിക്കുന്ന കച്ചവടസിനിമ നേരിടാറില്ല എന്ന് എടുത്തുപറയുകയും വേണം.
ഇഷ്ടംപോലെ ഇടപഴകുവാനും പരസ്പരം മനസ്സിലാക്കുവാനും ഇണയെ തിരഞ്ഞെടുക്കുവാനും യുവാക്കള്‍ക്ക് സ്വാതന്ത്ര്യവും അവസരവുമുള്ള പാശ്ചാത്യനാടുകളില്‍പ്പോലും ഒന്നുംരണ്ടും വര്‍ഷങ്ങള്‍ക്കുശേഷം  ബന്ധങ്ങള്‍ വേര്‍പിരിയുകയാണ്. യുവത്വം നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ബാഹ്യമായ ആകര്‍ഷണങ്ങള്‍ക്കാണ് സ്ഥാനമെന്നും യഥാര്‍ത്ഥമായ പൊരുത്തങ്ങള്‍ തേടുവാനോ കണ്ടെത്തുവാനോ അവര്‍ക്ക് കഴിയുന്നില്ലെന്നുമാണ് സംശയമില്ലാതെ തെളിയുന്നത്.
ഒരു ‘പഴഞ്ചന്‍ ‘ പ്രശ്‌നപരിഹാരം
‘പുതുഞ്ചന്‍’ ആശയങ്ങളും ശൈലികളും എമ്പാടും പരാജയപ്പെടുകയാണെന്ന കാരണംകൊണ്ടുകൂടെ, പഴഞ്ചനെന്നു തോന്നിക്കുന്ന ഒരാശയം ഇനി അവതരിപ്പിക്കട്ടെ: യോജിച്ച ഇണയെ കണ്ടെത്തുവാന്‍ യോഗ്യതയുളളവര്‍, അറിവും ജീവിതാനുഭവങ്ങളും തികഞ്ഞവരും ഗുണകാംക്ഷികളുമായ മുതിര്‍ന്ന തലമുറതന്നെയല്ലേ? പക്ഷേ, അവര്‍ കഴിഞ്ഞകാലത്തില്‍നിന്നും വ്യത്യസ്തമായി, മനുഷ്യവ്യക്തിത്വങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ചും മാനസികവും ബൗദ്ധികവുമായ പൊരുത്തങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും  ബോധമുള്ളവര്‍ കൂടെയായിത്തീരണം. തിരഞ്ഞെടുപ്പില്‍ ഈ ഘടകത്തിന് ഒന്നാമത്തെ മുന്‍ഗണന നല്കപ്പെടുകയും വേണം. ഇന്ന് നടക്കുന്നതുപോലെ ജാതി, മതം, കുടുംബം, സ്വത്ത്, ധനസ്ഥിതി എന്നിവയുടെ സമവാക്യങ്ങള്‍ക്ക് മാത്രം ശ്രദ്ധ നല്‍കിയാല്‍ പോരാ.
വിവാഹവും പ്രതീക്ഷകളും
കുഞ്ഞുങ്ങളെ ജനിപ്പിച്ച് സ്‌നേഹം പകര്‍ന്നു വളര്‍ത്തുക എന്നത് മഹനീയമായ ജീവിതധര്‍മ്മംതന്നെ.  പക്ഷേ, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും, വിവാഹമാണ് ഒരേയൊരു ജീവിതലക്ഷ്യം എന്നെണ്ണാതിരിക്കുക; വിവാഹത്തെക്കുറിച്ച് അമിതപ്രതീക്ഷകള്‍ പുലര്‍ത്താതെയുമിരിക്കുക. മിക്കപ്പോഴും പങ്കാളികളുടെ ബൗദ്ധികമാനസികവ്യക്തിത്വങ്ങളും ഗുണപ്രകൃതികളും ഭിന്നങ്ങളായിരിക്കും. ആണും പെണ്ണും ലോകത്തെ നോക്കുന്നതും കാണുന്നതും, പലേടത്തും സൂചിപ്പിച്ചതുപോലെ, വേറെ വേറെ കണ്ണുകള്‍കൊണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ട് പങ്കാളികള്‍ തമ്മില്‍ പൂര്‍ണ്ണമായ മനപ്പൊരുത്തം ഒരിക്കലും സംഭവിക്കുകയില്ല എന്നുതന്നെ വേണം കരുതുവാന്‍.  മധുവിധുനാളുകളിലെ വൈകാരികതീവ്രത ഏറെക്കാലം നിലനില്ക്കുകയുമില്ല.  ലൈംഗികമായ പൊരുത്തങ്ങള്‍ക്കും ബന്ധത്തില്‍ സാരമായ സ്ഥാനമുണ്ട്, അങ്ങേയറ്റം ലൈംഗികവത്കരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സമൂഹം കരുതുന്ന തോതില്‍ ഇല്ലെങ്കിലും. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു മനശ്ശാസ്ത്രലേഖനം പറയുന്നത്* മറ്റുവിധത്തില്‍ തൃപ്തികരമായ ഒരു ബന്ധത്തില്‍ ലൈംഗികതയുടെ പങ്ക് ഏതാണ്ട് പത്തു ശതമാനമാണെന്നാണ്.
പല തരത്തിലുള്ള പരിശ്രമങ്ങളിലൂടെ മാത്രം വിജയിക്കാവുന്ന ഒരു ദൗത്യത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന ബോധ്യത്തോടെ വിവാഹജീവിതം ആരംഭിക്കുക. സൃഷ്ടി എന്ന ദിവ്യമായ ജീവിതധര്‍മ്മം നിങ്ങള്‍ നിര്‍വ്വഹിക്കുവാനൊരുങ്ങുകയാണ്.  ശ്രേയസ്‌കരമായ വരുംതലമുറ എന്ന ലക്ഷ്യത്തെക്കുറിച്ച് ബോധമുള്ളവരാകുക.
നിങ്ങളിലെ ഉണര്‍ന്നിരിക്കുന്ന ‘ചിന്തകന്‍ ‘ എല്ലാ നേരവും വാക്കുകളെയും പ്രവര്‍ത്തികളെയും  നിയന്ത്രിക്കട്ടെ. സന്മനസ്സും അര്‍പ്പണബോധവും സദാ കൂടെയുണ്ടായിരിക്കട്ടെ.  കിട്ടുക എന്നതിലേറെ കൊടുക്കുക എന്നതിലായിരിക്കട്ടെ ഊന്നല്‍ .  ഈശ്വരാനുഗ്രഹമര്‍ത്ഥിക്കുക; ഈശ്വരാനുഗ്രഹത്തിന് അര്‍ഹതയുള്ളവരായും തീരുക.

Monday, 16 April 2012

സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ്

സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ്

1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ രമേശ് ചെന്നിത്തലയെ സോഫാ കം ബെഡ് എന്നാണ് കണിയാപുരം രാമചന്ദ്രന്‍ വിശേഷിപ്പിച്ചത്. കെ. കരുണാകരന്റെ ഇരിപ്പിടവും പി. കെ. നാരായണപ്പണിക്കരുടെ കിടക്കയുമാണ് രമേശ് എന്നായിരുന്നു കണിയാപുരത്തിന്റെ വിശദീകരണം. മലയാള മാധ്യമലോകത്തുമുണ്ടൊരു "സോഫാ കം ബെഡ്". അതാകുന്നു, മലയാള മനോരമയിലെ സുജിത് നായര്‍. തിരുവഞ്ചൂരിന് ഇരിക്കാനും ഉമ്മന്‍ചാണ്ടിയ്ക്കു കിടക്കാനുമുളള വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള വൈഭവമാണ് മാധ്യമലോകത്തെ സോഫാ കം ബെഡ് പുരസ്കാരത്തിന് സുജിത് നായരെ അര്‍ഹനാക്കുന്നത്. 

സിപിഎമ്മിനെ ശരിപ്പെടുത്തുക എന്നതാണ് മനോരമയില്‍ സുജിത് നായരുടെ ദൗത്യം. സ്തുത്യര്‍ഹമായി അതദ്ദേഹം നിറവേറ്റി വരുന്നതെങ്ങനെയെന്ന് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ് പണ്ടെഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മനോരമയുടെ നവ അടവുനയം എന്ന തലക്കെട്ടില്‍ 2010 മെയ് ആറിനെഴുതിയ ലേഖനത്തിലെ ഈ പരാമര്‍ശം കാണുക..
കണ്ടത്തില്‍ കുടുംബം പിന്നിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന തിരുവനന്തപുരത്തെ ഒരു മനോരമ ലേഖകന്‍ ഈയടുത്ത കാലത്ത് ഒരു സിപിഐ എം നേതാവിനെ ഫോണില്‍ വിളിച്ചു. അന്നു ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തിന്റെ ചര്‍ച്ച എന്തൊക്കെയെന്ന് പറയണമെന്നായിരുന്നു ആവശ്യം. പാര്‍ടി മീറ്റിങ്ങിലെ ചര്‍ച്ച പറഞ്ഞുതരാന്‍ തന്നെ കിട്ടില്ലെന്ന മറുപടി കേട്ടപ്പോള്‍ കണ്ടത്തില്‍ റിപ്പോര്‍ട്ടറുടെ സ്വഭാവം മാറി. പാര്‍ടി രഹസ്യം ചോര്‍ത്തിക്കൊടുത്തില്ലെങ്കില്‍ എഴുതി നാറ്റിച്ചുകളയും എന്നായി ഭീഷണി. ബ്ളാക്ക്മെയിലിങ് തന്നോടു വേണ്ടെന്ന് കടുപ്പിച്ചു പറഞ്ഞപ്പോള്‍ ഫോണ്‍ കട്ടുചെയ്ത ഇത്തരം വേഷങ്ങളാണ് മനോരമത്തരം എന്ന് പേരിട്ടുവിളിക്കാവുന്ന വാര്‍ത്തയെഴുത്ത് ശൈലിയുടെ ഉപജ്ഞാതാക്കള്‍.

ഈ കഥാനായകന്‍ സുജിത് നായരാണെന്നാണ് തിരുവനന്തപുരം പ്രസ് ക്ലബിലെ സായാഹ്നസംഘങ്ങള്‍ അടക്കം പറയുന്നത്. സിപിഎമ്മിനെ ശരിപ്പെടുത്താന്‍ സുജിത് നായരുടെ  പേന കൈവരിക്കുന്ന സംഹാരഭാവത്തെക്കുറിച്ച് ഈ ബ്ലോഗില്‍ ഇതിനു മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസും യുഡിഎഫും വിഷയമാകുമ്പോള്‍ ആ പേനയില്‍ പൊട്ടിവിടരുന്ന ശൃംഗാരവും ലാസ്യവും ഒന്നു കാണേണ്ടതു തന്നെ.

മഞ്ഞളാംകുഴി അലിയുടെ സിംഹാസനാരോഹണവും മന്ത്രിമാരുടെ വകുപ്പുമാറ്റവും കോണ്‍ഗ്രസിനുളളില്‍ പുതിയ തര്‍ക്കങ്ങളും വിവാദങ്ങള്‍ക്കുമാണ് കാരണമായത്. എങ്ങുമില്ല സന്തോഷം. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാണെന്നാണ് വെപ്പ്. പക്ഷേ പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പുമാറ്റം പുളളി അറിഞ്ഞത് സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ്. ആര്യാടനും മുരളിയും സുധീരനും മുതല്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും വരെ ഇടന്തടിച്ചു നില്‍ക്കുന്നു. പെരുന്ന നായരും കണിച്ചുകുളങ്ങര ചോവനും എതിര്‍പ്പിന്റെ ഏറുപടക്കമെറിഞ്ഞു കഴിഞ്ഞു.

ഈ സംഭവങ്ങളെ മൊത്തം അവലോകനം ചെയ്ത് മനോരമയുടെ എഡിറ്റ് പേജില്‍ സുജിത് നായര്‍ ഒരുപന്യാസം കാച്ചി. തലക്കെട്ട്, മുഖ്യമന്ത്രിയുടെ ഒറ്റമൂലി, ലേപനം കിട്ടിയ ആശ്വാസത്തില്‍ യുഡിഎഫ്. ഉമ്മന്‍ചാണ്ടി കെപിസിസിയുടെ മുഖത്തു ചീറ്റിയത് ജനാധിപത്യവിരുദ്ധതയുടെ അധോവായുവാണ്. അപ്രതീക്ഷിതമായ ദുര്‍ഗന്ധബാധയേറ്റ് കെപിസിസി പ്രസിഡന്റടക്കം മൂക്കുപൊത്തി നില്‍ക്കുമ്പോഴാണ് സംഗതി സുഗന്ധലേപനമാണെന്ന വ്യാഖ്യാനവുമായി സുജിത് നായരുടെ വരവ്.

യുഡിഎഫിനു കിട്ടിയ "ആശ്വാസ"ത്തിന്റെ കണക്കെടുക്കാന്‍ പത്രം വേറെ വായിക്കണം. നമുക്കു മാതൃഭൂമിയെടുക്കാം. രമേശ് ആന്റണിയെ പരാതി അറിയിച്ചു.  കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തം എന്ന് കരിങ്കൊടി ഫ്രെയിമില്‍ ഒന്നാം പേജില്‍ പ്രധാന വാര്‍ത്ത. ആ പേജ് ഇങ്ങനെ...


മാതൃഭൂമിയില്‍ തന്നെ മറ്റൊരു വാര്‍ത്ത. അഞ്ചാം മന്ത്രി മലപ്പുറത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു എന്ന് തലക്കെട്ട്. യുഡിഎഫിനു വേണ്ടി സുജിത്ത് നായര്‍ എഴുതിയുണ്ടാക്കിയ ആശ്വാസത്തിന്റെ മലപ്പുറം വേര്‍ഷന്‍ അതില്‍ കാണാം. ലീഗിന് അഞ്ചാം മന്ത്രിയെ അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം നേതാക്കള്‍ക്കെതിരെ ഫേസ് ബുക്കില്‍ പ്രചരണം നടത്തുന്നു. പി സി വിഷ്ണുനാഥ് എംഎല്‍എ നയിക്കുന്ന യുവജനയാത്രയുടെ പോസ്റ്ററില്‍ "നോ എന്‍ട്രി ടു മലപ്പുറം" എന്നു രേഖപ്പെടുത്തി, യാത്രയ്ക്ക് ചെമ്മാട് നല്‍കാനിരുന്ന സ്വീകരണം വേണ്ടെന്നു വെച്ചു, പൊന്മളയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു, വളളിക്കുന്ന് മണ്ഡലത്തില്‍ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു, വേങ്ങരയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്നില്ലെന്ന് നേതാക്കള്‍ തീരുമാനിച്ചു, അരീമ്പ്രയില്‍ മന്ത്രി കെ. പി. അനില്‍ കുമാറിന്റെ പരിപാടി വേണ്ടെന്നു വെച്ചു എന്നൊക്കെയാണ് മാതൃഭൂമി സാക്ഷ്യപ്പെടുത്തുന്നത്.


ഈ സംഭവങ്ങളൊന്നും മനോരമയിലോ സുജിത് നായരുടെ വിശകലനത്തിലോ ഇല്ല. രമേശ് ചെന്നിത്തല ആന്റണിയെ വിളിച്ച് പ്രതിഷേധമറിയിച്ച വാര്‍ത്ത ഒന്നാംപേജില്‍ നിന്ന് വലിച്ചുമാറ്റി. ഉള്‍പ്പേജിലൊതുങ്ങിയ ആ വാര്‍ത്തയ്ക്ക് മനോരമ നല്‍കിയ തലക്കെട്ട് ഇങ്ങനെ.. വകുപ്പു മാറ്റം വിശാല ഐ ഗ്രൂപ്പിന് എതിര്‍പ്പ്. കെപിസിസി പ്രസിഡന്റിന്റെ എതിര്‍പ്പിനെ ഒരു ഗ്രൂപ്പിന്റെ കൊതിക്കെറുവായി മനോരമ ഒതുക്കിക്കെട്ടി.

മാതൃഭൂമി ഒന്നാംപേജില്‍ റിപ്പോര്‍ട്ടു ചെയ്ത രമേശ് ചെന്നിത്തലയുടെ എതിര്‍പ്പ് മനോരമ കണ്ടതെങ്ങിനെയാണ്. ഇതുകൊണ്ടും പോരാഞ്ഞ്, സുജിത് നായരുടെ വക അവലോകനത്തില്‍ ആ എതിര്‍പ്പിനെ രേഖപ്പെടുത്തുന്നതു കാണൂ... 
അഴിച്ചുപണി മുഖ്യമായും ഉമ്മന്‍ചാണ്ടിയെടുത്ത തീരുമാനമാണ്. മന്ത്രിസഭയില്‍ താന്‍ വരുത്താന്‍ പോന്ന മാറ്റങ്ങളെക്കുറിച്ച് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടു പോലും അദ്ദേഹം വെളിപ്പെടുത്തിയത് രാവിലെ രാജ്ഭവനില്‍ വെച്ചു മാത്രമാണ്. അതു മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണല്ലോ എന്നു രമേശും പ്രതികരിച്ചു.

അത്രയേ ഉളളൂ!!!

കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കങ്ങളെ വ്യാഖ്യാനിച്ചു തണുപ്പിക്കാന്‍ നായര്‍ വാലുളള വിശകലന വിദഗ്ധനെ മനോരമ രംഗത്തിറക്കിയത് വെറുതെയല്ല. സാധാരണ യുഡിഎഫിനു വേണ്ടി ഇത്തരം വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനുളള നിയോഗം ജോണ്‍ മുണ്ടക്കയത്തിനെയാണ് ഏല്‍പ്പിച്ചു കാണാറ്. പക്ഷേ, ഉമ്മന്‍ചാണ്ടിയ്ക്കു വേണ്ടി ന്യായം പറയാന്‍ ഒരു ക്രിസ്ത്യാനിയെ നിയോഗിക്കുന്ന മണ്ടത്തരം മനോരമ ചെയ്യില്ല. ആ പണി നായരെ ഏല്‍പ്പിച്ചാലേ അതിനൊരു പ്രൊഫഷണല്‍ തികവ് വരൂ.

അഞ്ചാം മന്ത്രിയെന്ന മുസ്ലിംലീഗിന്റെ കരുനീക്കത്തില്‍ ഇടപെട്ട എന്‍എസ്എസിന്റെ ഉന്നം ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേരയാണെന്ന് മറ്റാരു കണ്ടില്ലെങ്കിലും മനോരമ കണ്ടു. ജോര്‍ജിനടക്കം ആറു ക്രിസ്ത്യാനികളും അഞ്ചു മുസ്ലിങ്ങളുമാണ് കാബിനറ്റ് പദവിയില്‍ ഊരു ചുറ്റുന്നത്. ആ കൂട്ടത്തില്‍ നായന്മാരുടെ എണ്ണം വെറും നാലായിച്ചുരുങ്ങിപ്പോയതു കണ്ടാല്‍ ഏതു സമുദായാഭിമാനിക്കും ചങ്കു കഴയ്ക്കും. ഈ ഫോര്‍മുലയ്‌ക്കൊപ്പിച്ച് സാമുദായികവീര്യം അടങ്ങിക്കിടക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രമേശ് ചെന്നിത്തലയെ ഏല്‍പ്പിക്കണം. മുസ്ലിംലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും പ്രശ്‌നം വേറെയാണെന്നും സമുദായാചാര്യന്‍ ചാനലുകളോടു തുറന്നു പറഞ്ഞതിന്റെ നാനാര്‍ത്ഥം അതാണ്. എണ്ണത്തിന്റെ തൂക്കം നിങ്ങള്‍ക്കാകുമ്പോള്‍ വണ്ണമുളള പദവി ഞങ്ങള്‍ക്കു താ എന്ന സിംപിള്‍ ലോജിക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന ഉമ്മന്‍ചാണ്ടിയുടെ ശിഖണ്ഡിയ്ക്കു നേരെ പെരുന്നയുടെ വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുളളൂ.

എന്‍എസ്എസിനാവശ്യം കേരളത്തിലൊരു നായര്‍ മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തേയ്ക്കവര്‍ വളമിട്ടു വളര്‍ത്തുന്ന വെണ്‍തേക്കാണ് രമേശ് ചെന്നിത്തല. അതറിയാവുന്നതു കൊണ്ടാണ് ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് നായരായ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചത്. തല്‍ക്കാലം അതില്‍ തൃപ്തിപ്പെട്ടുകൂടേ എന്നാണ് സുജിത് നായരിലൂടെ ഉമ്മന്‍ചാണ്ടിയാണ് പെരുന്നയിലെ കാരണവന്മാരോടു ചോദിക്കുന്നത്.  ഉമ്മന്‍ചാണ്ടിയാണെങ്കിലോ മനോരമയുടെ ബാലജനസഖ്യത്തിന്റെ വളര്‍ത്തുമൃഗവും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദമൊഴിയുന്നത് മനോരമയ്ക്ക് ചിന്തിക്കാനാവില്ല. മന്ത്രിക്കസേരയില്‍ ജാതിയുടെ ടാഗ് കെട്ടിത്തൂക്കി കളിക്കുന്ന കളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കസേര സംരക്ഷിക്കാന്‍ അവര്‍ ഏതടവും പയറ്റും.

സുജിത് നായരുടെ ഉപന്യാസത്തിനു താഴെ മറ്റൊരു വിശകലനം കൂടിയുണ്ട്. കോണ്‍ഗ്രസില്‍ പ്രതിഷേധം വഴി മാറിയത് അമ്പരപ്പിന് എന്നാണ് ആലോചനാമൃതമായ തലക്കെട്ട്. അമ്പരന്നു പോയതിന്റെ കാരണങ്ങള്‍ മനോരമ വഴി വായിച്ചു മനസിലാക്കുമ്പോള്‍ എല്ലാം കെട്ടടങ്ങിക്കോളുമെന്നു വ്യംഗ്യം.

ആ വിശകലനത്തില്‍ നിന്നൊരു വാക്യം ഇതാ...
എന്‍എസ്എസ് വിമര്‍ശനം ഉന്നയിക്കുമ്പോള്‍ത്തന്നെ മന്ത്രിസഭയില്‍ ആ സമുദായത്തില്‍പ്പെട്ട നാലു മന്ത്രിമാരും സ്പീക്കറുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഇതാരാണപ്പാ ചൂണ്ടുവിരലും നീട്ടിപ്പിടിച്ചു നില്‍ക്കുന്ന ഈ കോണ്‍ഗ്രസ് നേതാക്കള്‍?!! കെപിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് നേതാക്കള്‍ വിരലും ചൂണ്ടി നില്‍ക്കുന്നത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെയാണ്.  നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ താന്‍ മന്ത്രിസഭയിലുണ്ടാവില്ലെന്ന് ആര്യാടന്‍ മുഹമ്മദ് അടുപ്പമുളളവരോട് വെളിപ്പെടുത്തിക്കഴിഞ്ഞുവത്രേ. ഗതാഗതത്തിന്റെ അധികച്ചുമതല ഏറ്റെടുക്കാനും അദ്ദേഹം വിസമ്മതിക്കുന്നു. മനോരമ ഉന്നയിക്കുന്ന കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടാന്‍" കോണ്‍ഗ്രസ് നേതാക്കളുടെ പക്കല്‍ വിരലുകളൊന്നും ഒഴിവില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ മനോരമാ പത്രാധിപര്‍ നേരിട്ട് ഏറ്റെടുത്തു.  ഉമ്മന്‍ചാണ്ടിയുടെ കുപ്പായവും ധരിച്ച് അദ്ദേഹം തന്നെയാണ് എന്‍എസ്എസിനോട് കാര്യങ്ങള്‍ "ചൂണ്ടിക്കാട്ടുന്നത്". അദ്ദേഹം "ചൂണ്ടിക്കാട്ടുന്ന" മറ്റൊരു കാര്യം ഇതാ......

ഹൈന്ദവസമൂഹത്തില്‍ത്തന്നെയുളള എഴുത്തച്ഛന്‍ വിഭാഗത്തില്‍പ്പെട്ട സി എന്‍ ബാലകൃഷ്ണന്‍ ഇതിനു പുറമെയാണ്. അഴിച്ചുപണിയിലൂടെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പ് തന്നെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ലഭിച്ചു.

അങ്ങനെ സി. എന്‍. ബാലകൃഷ്ണന്റെ ജാതിയും മനോരമയിലൂടെ നാട്ടാരറിഞ്ഞു.(നായരിലും ശ്ശി താഴെയും ഈഴവനില്‍ നിന്ന് ശ്ശി മേലെയുമാണ് എഴുത്തച്ഛന്‍ എന്ന് ചാത്തന്‍ കഥകളില്‍ വികെഎന്‍. നായരാവുകയാണ് എഴുത്തച്ഛന്റെ ലക്ഷ്യമെന്ന് ചാത്തന്‍).

മനോരമ എന്‍എസ്എസിനോടു പറയുന്നത് ഇത്രയേ ഉളളൂ. എഴുത്തച്ഛനായ സി എന്‍ ബാലകൃഷ്ണനെയും നായരുടെ അക്കൗണ്ടിലാണ് തങ്ങള്‍ വരവു വെച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സ്പീക്കറടക്കം ആറു നായേഴ്‌സിന് കാബിനറ്റ് പദവി. അതില്‍ത്തന്നെ സ്ഥാനി നായരായ തിരുവഞ്ചൂരിന് ലാത്തിയും തൊപ്പിയുമുളള ആഭ്യന്തരവകുപ്പും. പോലീസിന്റെ പേരു മാറ്റി "നായര്‍ പട്ടാളം" എന്നാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ വേണമെങ്കില്‍ പുറത്തോ അകത്തോ ഇറക്കാം. സാമുദായിക സന്തുലനം പാലിക്കാന്‍ നായരും എഴുത്തച്ഛനുമൊഴിച്ചുളള സകല മന്ത്രിമാരും തിരുവഞ്ചൂരിലെ സല്യൂട്ടു ചെയ്യണമെന്ന നിബന്ധന അതിലൊക്കെ ഒതുങ്ങിയാല്‍ നന്ന്... ഉമ്മന്‍ചാണ്ടിയുടെ കട്ടില്‍ കണ്ട് തല്‍ക്കാലം എന്‍എസ്എസ് പനിക്കേണ്ടതില്ല.

എന്‍എസിഎസിനുളള മനോരമ വക മറുപടി തീരുന്നില്ല
കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ആറു മന്ത്രിമാര്‍ മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമുണ്ടായത്. അപ്പോള്‍ ന്യൂനപക്ഷത്തെ തഴഞ്ഞു, അല്ലെങ്കില്‍ ഭൂരിപക്ഷ പ്രീണനം എന്ന ആക്ഷേപം ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ തിരിച്ചു ഉന്നയിക്കുന്നതിലെ യുക്തിയും ചിലര്‍ ചോദ്യം ചെയ്യുന്നു.

ചോദ്യം ചെയ്യല്‍ ശീലമാക്കിയ ഈ "ചിലര്‍" ആരെന്നും നമുക്കറിയില്ല. ഏതായാലും കോണ്‍ഗ്രസ് നേതാക്കളല്ല അവര്‍. കണ്ടത്തില്‍ ഫാമിലിയില്‍ നിന്ന് ചെലവ് കാശു കിട്ടുന്നവര്‍ തന്നെയാണ് എന്‍എസ്എസിന്റെ യുക്തി ചോദ്യം ചെയ്യുന്ന ആ "ചിലര്‍".

കൗതുകകരമായ രംഗങ്ങളിലൂടെ അങ്ങനെ അങ്കം മുറുകുകയാണ്. രമേശ് ചെന്നിത്തയുടെ ഗോഡ് ഫാദറായ സുകുമാരന്‍ നായരോട് അങ്കം വെട്ടാന്‍ ഉമ്മന്‍ചാണ്ടിയുടെ ഗോഡ് ഫാദറായ മനോരമ സുജിത് നായര്‍ എന്ന ചാവേറിനെ രംഗത്തിറക്കി. ബെന്നി ബഹനാന്‍, ഇ എം അഗസ്തി എന്നിവര്‍ ചെന്നിത്തലയ്ക്കു വേണ്ടി മനോരമയുടെ വാദങ്ങളെ കൗണ്ടര്‍ ചെയ്യുമോ? ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഉപേക്ഷിക്കുമോ? ആ കിരീടം ചെന്നിത്തലയ്ക്കു കിട്ടുമോ? അതോടെ സുകുമാരന്‍ നായരുടെ സമുദായക്കലി ഒടുങ്ങുമോ......

ഉത്തരം എന്തായാലും സുജിത് നായര്‍ക്കു പിടിപ്പതു പണിയുണ്ടാകുമെന്ന് നൂറു തരം...

പിന്‍കുറിപ്പ് - മനോരമയുടെ എഡിറ്റ് പേജില്‍ ഉദ്ധരിച്ച മഹദ്‌വാക്യം ഇങ്ങനെ...
മറ്റൊരുവന്റെ ചുണ്ടില്‍ ആനന്ദത്തിന്റെ പുഞ്ചിരി വിടര്‍ത്തുന്ന ഏതു കര്‍മ്മവും സല്‍പ്രവൃത്തിയാകുന്നു - മുഹമ്മദ് നബി.

എത്ര ആലോചനാമൃതം....

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസ് സ്വരമെന്ന് ലീഗ്

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസ് സ്വരമെന്ന് ലീഗ്


അഞ്ചാംമന്ത്രി പദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസിന്റെ സ്വരമാണെന്ന് മുസ്ലിംലീഗ്. ലീഗിനെ വര്‍ഗീയമുദ്ര ചാര്‍ത്തി അപമാനിക്കാന്‍ വിഷയം കോണ്‍ഗ്രസ് ഉപയോഗിച്ചതായും ലീഗ് നേതാക്കള്‍ ആക്ഷേപിച്ചു. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതിയോഗത്തിലാണ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. സാമുദായികസന്തുലനം, മതനിരപേക്ഷത എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലീഗിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമുണ്ടായി. പ്രമുഖ വാര്‍താചാനലുകളുടെ സ്പോണ്‍സറിങ്ങിലാണ് ഈ നീക്കം.

അഞ്ചാംമന്ത്രിപദത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു പ്രവര്‍ത്തകസമിതി ചേര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീര്‍ എം പിയാണ് കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. തുടര്‍ച്ചയായി രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനായി വേണ്ടെന്നുവെച്ചു. അന്നൊന്നും ആരും അത് ത്യാഗമായി വാഴ്ത്തിയില്ലെന്നായിരുന്നു ഭാരവാഹികളുടെ വാദം. വി എം സുധീരന്‍, കെ മുരളീധരന്‍, ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ പേരെടുത്തായിരുന്നു നേതാക്കളുടെ വിമര്‍ശനം. എന്‍എസ്എസ് അടക്കമുള്ളവയെ ഇറക്കിവിട്ടതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ്. തിരൂരങ്ങാടിയില്‍ എ കെ ആന്റണിയെ വിജയിപ്പിച്ച കക്ഷിയെ മറന്നാണ് ഇപ്പോഴത്തെ അഭിപ്രായപ്രകടനങ്ങള്‍. ലീഗിന് ഇനിയും സ്ഥാനങ്ങള്‍ക്കവകാശമുണ്ട്. ലീഗിനേക്കാള്‍ 18 സീറ്റേ കോണ്‍ഗ്രസിന് കൂടുതലുള്ളു. മുഖ്യമന്ത്രി, സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ അടക്കം ഡസന്‍ പദവികള്‍ കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിന് കിട്ടിയ സീറ്റുകള്‍ എവിടെയെന്ന് പരിശോധിച്ചാല്‍ ശക്തി മനസിലാകുമെന്ന് ഭാരവാഹികള്‍ മുതല്‍ എംഎല്‍എമാര്‍വരെയുള്ളവര്‍ പറഞ്ഞു.

അതേസമയം പൊതുസമൂഹത്തില്‍ പാര്‍ടിയുടെ പേര് കളങ്കപ്പെടുത്താനിടയായെന്ന അഭിപ്രായവുമുണ്ടായി. അഞ്ചാമതൊരു മന്ത്രിയാണോ രാജ്യസഭാ സീറ്റാണോ ന്യുനപക്ഷസമുദായത്തിന് പ്രധാനമെന്ന ചോദ്യവും ഉയര്‍ന്നു. കാലുമാറി പാര്‍ടിയിലെത്തിയയാള്‍ക്കായി എന്തിനാണ് ലീഗ് എല്ലാവരെയും പിണക്കുന്നതെന്ന ചോദ്യമായിരുന്നു അബ്ദുള്‍സമദാനിയടക്കമുള്ളവരുടേത്. മന്ത്രി എം കെ മുനീര്‍, ടി എ അഹമ്മദ്കബീര്‍, കുട്ടിഅഹമ്മദ്കുട്ടി എന്നിവരും ഇക്കാര്യത്തില്‍ പരസ്യവിവാദത്തിന് പുറപ്പെടരുതെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ പാര്‍ടിയെ കൂട്ടമായി അക്രമിക്കുന്ന സന്ദര്‍ഭത്തില്‍ ഇതേപോലുള്ള ചര്‍ച്ച പാടില്ലെന്നായിരുന്നു നേതൃതല അഭിപ്രായം. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയുടെ വീട്ടിലേക്കും എന്‍എസ്എസ് ആസ്ഥാനത്തേക്കും പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യോഗശേഷം വാര്‍ത്താകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി ആര്യാടന്റെ വീട്ടിലേക്ക് ലീഗുകാര്‍ പ്രകടനം നടത്തിയതിനെ പ്രവര്‍ത്തകസമിതിയോഗം അപലപിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
(പി വി ജീജോ)
deshabhimani

കാഴ്ചയുടെ തിരിച്ചറിവുകള്‍

കാഴ്ചയുടെ തിരിച്ചറിവുകള്‍

ചില സംഗതികള്‍ മറ്റൊരാളെ പറഞ്ഞനുഭവിപ്പിക്കാന്‍ കഴിയില്ല. നമ്മള്‍ വല്ലാതെ നിസ്സഹായരാകുന്ന ഇങ്ങനെയുള്ള ഒരുപാട് നിമിഷങ്ങള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ഒരിക്കലും കടലു കാണാത്ത ഒരാള്‍ക്ക് എങ്ങനെ കടലിനെ വിവരിച്ചുകൊടുക്കും? അതിന്റെ ആഴം, പരപ്പ്, നിറം, മാറിമാറിവരുന്ന ഭാവങ്ങള്‍, തൊട്ടുനില്‍ക്കുന്ന ആകാശം, പഞ്ചാരമണലില്‍ പതിഞ്ഞതും പതിയാത്തതുമായ കാലടികള്‍, അന്തരീക്ഷത്തിലെ ഈര്‍പ്പം, ഇരമ്പം.... ഇതെല്ലാം വിവരിച്ചുകൊടുക്കുക അസാധ്യമാണ്. നമുക്ക് ചുറ്റും ഒരുപാട് സംഭവങ്ങള്‍ ഇങ്ങനെയുണ്ട്. നമ്മള്‍ കാണാതെ പോകുന്ന കാഴ്ചകള്‍...

പറഞ്ഞുവരുന്നത് സിനിമയെക്കുറിച്ചാണ്. കണ്ട സിനിമകള്‍ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ എന്നും പരാജയപ്പെട്ട ഒരാളാണ് ഞാന്‍. ഒരു സിനിമ തന്നെ വീണ്ടും കാണുമ്പോള്‍ പുതിയ മറ്റൊരു സിനിമയായും തോന്നാറുണ്ട്. വിസ്മയക്കാഴ്ചകളുടെ വല്ലാത്തൊരു ലോകമാണത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ച് എഴുതി വിജയിക്കാനും കഴിയില്ല. സിനിമ കാണാനുള്ളതാണ്. ഒരു സിനിമയെക്കുറിച്ച്എത്ര എഴുതിയാലും ആ സിനിമയോട് നീതി പുലര്‍ത്താന്‍ കഴിയില്ല. ഇത് വായിക്കുന്നവരോടും എനിക്ക് പറയാനുള്ളത് സിനിമ കാണുക എന്നുതന്നെയാണ്. ഒരു സിനിമ പത്തുപേര്‍ക്ക് പത്തു തരത്തില്‍ കാണാം. നമ്മള്‍ മരിക്കുന്നതിന് മുമ്പ് കണ്ടു തീര്‍ക്കേണ്ട ഒരുപാട് കാഴ്ചകള്‍ ലോകത്തുണ്ട്. അതുപോലെ നിര്‍ബന്ധമായും കാണേണ്ട ചില സിനിമകളും. എനിക്കിഷ്ടപ്പെട്ട, മറ്റുള്ളവര്‍ കാണണം എന്ന് ഞാനാഗ്രഹിക്കുന്ന കുറച്ചു സിനിമകളെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്.

ഞാന്‍ സിനിമയെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്ന വ്യക്തിയല്ല, സിനിമ കാണുന്ന വ്യക്തി മാത്രമാണ്. അതിനാല്‍ ഇതിനെ ഒരു പഠനമായി കാണരുത്. കാഴ്ചക്കിടയില്‍ മനസില്‍ തട്ടിയ ചില സിനിമകളെ സ്വയം ഓര്‍മിക്കാനും മറ്റുള്ളവരെ ഓര്‍മിപ്പിക്കാനുമുള്ള എളിയ ശ്രമം. അത്രമാത്രം.

ഏതു മനുഷ്യന്റേയും ജീവിതത്തിലെ പ്രധാന കാലഘട്ടമാണ് വിദ്യാഭ്യാസകാലം. ഓര്‍മിക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ ഈ കാലത്ത് നമുക്ക് കിട്ടുന്നു. ഓരോ മനുഷ്യനും രൂപപ്പെട്ടു വരുന്നത് പഠനകാലത്താണ്. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ശീലങ്ങള്‍ പലതും മരണംവരെ ഒപ്പമുണ്ടാകും. എന്റെ സ്കൂള്‍ വിദ്യാഭ്യാസകാലവും ഏറെ രസകരമായിരുന്നു. ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലായിരുന്നു പഠനം. പല കാരണങ്ങള്‍കൊണ്ടും പത്താം ക്ലാസ് വരെ മാത്രമേ എനിക്ക് പഠിക്കാന്‍ കഴിഞ്ഞുള്ളു. പത്താം ക്ലാസില്‍ വിജയിക്കാനും കഴിഞ്ഞില്ല. അത്രയും പ്രതിസന്ധികളായിരുന്നു ചുറ്റും. തിരുവനന്തപുരത്ത് ബാലരാമപുരത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ബാപ്പ ഞങ്ങളോട് പിണങ്ങിക്കഴിയുകയായിരുന്നു. പിന്നീട്, ഞാനും ഉമ്മയും എന്റെ രണ്ടു സഹോദരിമാരും ബാലരാമപുരത്തുനിന്നും ബീമാപള്ളിയില്‍ കുഞ്ഞുമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. ബീമാപള്ളിയിലെ "സിഡി വേള്‍ഡ്" എന്ന കടയില്‍ ഞാന്‍ ജോലിക്കു നില്‍ക്കാനും തുടങ്ങി. പലതരം സിനിമകളുടെ സിഡികള്‍ കടയിലുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ദൂരദര്‍ശനില്‍ വന്നിരുന്ന ഹിന്ദി സിനിമകളൊക്കെ ഉമ്മയുടെ മടിയിലിരുന്ന് ഞാന്‍ കാണാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിനിമകളോട് വലിയ ഇഷ്ടമായിരുന്നു.

സിഡി കടയില്‍വച്ചാണ് "സിനിമാ പാരഡിസോ" എന്ന ചിത്രം കാണാനിടയായത്. അതിന് കാരണക്കാരന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ക്രിബുന ബിശ്വാസ് എന്ന സാറും. ക്രിസ്തുവും ബുദ്ധനും നബിയും ചേരുന്ന സാറിന്റെ പേരിനോടു തന്നെ വലിയ ബഹുമാനം തോന്നിയിരുന്നു. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് സിനിമാപാരഡീസോ കണ്ടത്. അതുവരെ എല്ലാ കുട്ടികളെയും പോലെ ജാക്കിച്ചാന്‍, ബ്രൂസ്ലി തുടങ്ങിയവരുടെയൊക്കെ ആക്ഷന്‍ പടങ്ങള്‍ മാത്രമായിരുന്നു കണ്ടിരുന്നത്. സിനിമാ പാരഡിസോ കണ്ടപ്പോള്‍ എന്തോ പ്രത്യേകത തോന്നി. സബ്ടൈറ്റിലുകളൊന്നും ശരിക്കും മനസിലായില്ലെങ്കിലും ദൃശ്യങ്ങള്‍ മനസ്സില്‍ മായാതെ നിന്നു. പലതവണ കണ്ടപ്പോഴാണ് സിനിമ ശരിക്കും മനസ്സിലായത്. ഇത്തരം സിനിമകളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ചുകൊണ്ടുപോയത് സിനിമാ പാരഡിസോ ആണ്. 1989ല്‍ പുറത്തിറങ്ങിയ ഈ ഇറ്റാലിയന്‍ പടം സംവിധാനം ചെയ്തത് ഗ്രസ്പി ടൊര്‍നാറ്റോറാണ്. അതിനുശേഷം അദ്ദേഹത്തിന്റെ എല്ലാ പടങ്ങളും കണ്ടു. സബ്ടൈറ്റിലുകളില്‍ മനസിലാകാത്ത വാക്കുകള്‍ ആവര്‍ത്തിച്ചുകണ്ട് കംപ്യൂട്ടറില്‍ കരുതിവെച്ച ഡിക്ഷ്ണറിയിയില്‍ നോക്കി മനസിലാക്കുകയാണ് പതിവ്.

സാല്‍വറ്റോര്‍ എന്ന മധ്യവയസ്കനായ സിനിമാ സംവിധായകന്റെ ഓര്‍മകളിലൂടെയാണ് സിനിമാ പാരഡിസോ വികസിക്കുന്നത്. കുട്ടിക്കാലത്ത് തന്റെ അച്ഛന് തുല്യമായി കണ്ടിരുന്ന ഫിലിം ഓപറേറ്റര്‍ ആല്‍ഫഡോയുടെ മരണ വാര്‍ത്ത അറിയുന്ന സാല്‍വറ്റോറിന്റെ ചിന്തകളില്‍ നിറയുന്ന സംഭവബഹുലമായ കഴിഞ്ഞകാലം. കഥയിങ്ങനെ; രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിലെ സിസിലിയന്‍ പട്ടണത്തില്‍ "സിനിമാ പാരഡിസോ" എന്ന സിനിമാ തിയേറ്ററില്‍ ഓപ്പറേറ്ററായിരുന്നു ആല്‍ഫ്രഡോ. തിയേറ്ററിനു തൊട്ടടുത്തുള്ള വീട്ടിലെ ആറു വയസുകാരനായ ടോട്ടോ തിയേറ്ററിലെ നിത്യസന്ദര്‍ശകനാണ്. ടോട്ടോയോട് ഇഷ്ടം തോന്നിയ ആല്‍ഫ്രഡോ പതുക്കെ സിനിമ പ്രദര്‍ശിപ്പിക്കുന്ന വിദ്യകള്‍ ഓരോന്നായി ടോട്ടോയെ പഠിപ്പിക്കുന്നു. കൗതുകക്കണ്ണുകളോടെ എല്ലാ സിനിമകളും കാണുന്ന ടോട്ടോ ചലച്ചിത്ര പ്രദര്‍ശനത്തിന്റെ സാങ്കേതിക വശങ്ങള്‍ പെട്ടെന്ന് പഠിക്കുന്നു. ടോട്ടോ കൗമാരത്തിലെത്തിയ കാലത്ത് ഒരു ദിവസം അപ്രതീക്ഷിതമായി തിയേറ്ററിന് തീപ്പിടിക്കുന്നു. ഈ അപകടത്തില്‍ ആല്‍ഫ്രഡോയുടെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുന്നു. അതിനുശേഷം നാട്ടുകാരുടെ തീരുമാനപ്രകാരം ടോട്ടോ സിനിമാ പ്രദര്‍ശനം നടത്തുന്നു. ഇതിനിടെ, നാട്ടിലെ ഒരു പെണ്‍കുട്ടിയുമായി ടോട്ടോ പ്രണയത്തിലാകുന്നുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് കാരണം പ്രണയം പരാജയപ്പെടുന്നു. ഹൃദയവേദനയോടെ ടോട്ടോ പട്ടാളത്തില്‍ ചേരുന്നു. എന്നാല്‍ കളിച്ചുനടന്ന നാടും കൈവിട്ട പ്രണയവും സിനിമാ പാരഡിസോയും ടോട്ടോയെ തിരിച്ചുവിളിക്കുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ടോട്ടോ പഴയ കാമുകിയെ കാണാന്‍ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു. ഒടുവില്‍ നാടുവിടുന്ന ടോട്ടോയെന്ന സാല്‍വറ്റോര്‍ ചലച്ചിത്ര സംവിധായകനാകുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം ആല്‍ഫ്രഡോയുടെ മരണവാര്‍ത്തയറിഞ്ഞ് സിസിലിയന്‍ പട്ടണത്തിലേക്ക് തിരിച്ചെത്തുന്ന സാല്‍വറ്റോര്‍ യാദൃച്ഛികമായി പഴയ കാമുകിയുടെ മുഖസാദൃശ്യമുള്ള യുവതിയെ കണ്ടുമുട്ടുന്നു. അന്വേഷണത്തിനൊടുവില്‍ തന്റെ കാമുകിയുടെ മകളെയാണ് താന്‍ കണ്ടതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അയാളുടെ മനസില്‍ വീണ്ടും പ്രണയം നുരയുന്നു. ഇതിനിടയില്‍ സിനിമാപാരഡിസോ തിയറ്റര്‍ ഇടിച്ചുപൊളിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

സിനിമാ പാരഡിസോയിലെ ടോട്ടോയെ പോലെയാണ് ഞാനെന്ന് എനിക്ക് തോന്നാറുണ്ട്. ടോട്ടോ സിനിമാ പാരഡീസോ എന്ന തിയേറ്ററില്‍ നിന്നാണ് സിനിമകള്‍ കണ്ടു വളര്‍ന്നതെങ്കില്‍ സിനിമാ പാരഡിസോ എന്ന സിനിമയാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇന്ന് ഈ കുറിപ്പ് ഞാനെഴുതാനും കാരണം ഈ സിനിമ തന്നെ. ലോകസിനിമ കണ്ടു തുടങ്ങുന്ന സുഹൃത്തുക്കള്‍ തീര്‍ച്ചയായും സിനിമാ പാരഡിസോ കാണണമെന്നാണ് എന്റെ അഭിപ്രായം. ജീവിത യാഥാര്‍ഥ്യങ്ങളെ സത്യസന്ധമായി പകര്‍ത്താന്‍ ഈ സിനിമയുടെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചെറിയ കാര്യങ്ങളെപോലും വളരെ ഗൗരവത്തോടെയാണ് സംവിധായകന്‍ കാണുന്നത്. ഈ സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിരവധി സിനിമകള്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഉണ്ടായിട്ടുണ്ട്. ഏതൊക്കെ സിനിമകളാണ് അവയെന്ന് സിനിമാ പാരഡിസോ കണ്ട് ബോധ്യപ്പെടുക. ടൊര്‍നാറ്റോറുടെ സ്റ്റാര്‍മേക്കര്‍, മെലീന, ലെജന്റ് ഓഫ് 1900, പ്യുയര്‍ ഫോര്‍മാലിറ്റി തുടങ്ങിയ പടങ്ങളും എനിക്ക് പ്രിയപ്പെട്ടവയാണ്.

ലോകത്തുള്ള എല്ലാ മനുഷ്യരും എക്കാലവും ഭയപ്പെടുന്ന സംഭവമാണ് യുദ്ധം. പല രാജ്യങ്ങളും ഇപ്പോഴും യുദ്ധത്തിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റു പല സ്ഥലങ്ങളേയുംപോലെ ഒരുപാട് ദുരിതങ്ങള്‍ അനുഭവിക്കാത്തവരാണ് മലയാളികള്‍. അതിന്റേതായ ചില പ്രശ്നങ്ങള്‍ നമുക്കില്ലേ എന്നെനിക്ക് തോന്നാറുണ്ട്. ഏത് രാജ്യത്ത് യുദ്ധം നടന്നാലും നമ്മെ ബാധിക്കില്ലെന്ന ഭാവവും സുരക്ഷിതത്വ ബോധവുമാണ് നമുക്ക്. എന്നാല്‍ അയര്‍ലണ്ടിലെ ജ്വാനിറ്റ വില്‍സന്‍ എന്ന സംവിധായികയുടെ 2010ല്‍ ഇറങ്ങിയ As if I am not there എന്ന ചിത്രം കണ്ടാല്‍ ഒരു യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍നിന്ന് ഓടിപ്പോന്ന അനുഭവമുണ്ടാകും നമുക്ക്. ദിവസങ്ങളോളം ഈ സിനിമ നമ്മെ വേട്ടയാടും. എല്ലാ യുദ്ധത്തിലും ഏറ്റവും കൂടുതല്‍ ദുരന്തമനുഭവിക്കുന്നതും അനന്തര ഫലമനുഭവിക്കുന്നതും സ്ത്രീകളാണെന്ന വാദത്തെ ഉറപ്പിക്കുന്ന സിനിമയാണിത്. ഈ സിനിമ കണ്ട് കുറേ ദിവസം ഞാന്‍ വല്ലാതെ അസ്വസ്ഥനായിട്ടുണ്ട്.

1990കളിലെ ബോസ്നിയന്‍ യുദ്ധസമയത്തുണ്ടായ ഭയാനകമായ ചില സംഭവങ്ങളുടെ നേര്‍ചിത്രമാണ് As if I am not there. സെരാജ്വോയിലെ ടീച്ചറായ സമീരക്ക് കരാര്‍ അടിസ്ഥാനത്തില്‍ ദൂരെ ഗ്രാമത്തില്‍ ജോലി ലഭിക്കുന്നു. അവിടുത്തെ മുന്‍ അധ്യാപികയുടെ തിരോധാനം ഇന്നും ദുരൂഹമാണ്. സമീരയെ ആ നാട്ടുകാര്‍ സംശയത്തോടെയാണ് നോക്കിയത്. പഴയ അധ്യാപികയുടെ തിരോധാനമാണ് ഈ സംശയത്തിനു പിന്നില്‍. തൊട്ടടുത്ത പ്രദേശത്ത് സിവില്‍വാര്‍ നടക്കുന്നുണ്ടെങ്കിലും, അന്നാട്ടുകാരിയല്ലാത്തതിനാല്‍ സമീര അതിനെക്കുറിച്ചൊന്നും ചിന്തിച്ച് അസ്വസ്ഥപ്പെട്ടില്ല. പെട്ടെന്ന് ഒരു ദിവസം സെര്‍ബിയന്‍ സേന ആ ഗ്രാമം പിടിച്ചടക്കുകയും ഗ്രാമീണരെ മുഴുവന്‍ ഒരുമിച്ച് ചേര്‍ക്കുകയും ചെയ്തു. സ്ത്രീകളേയും കുട്ടികളേയും ഒരു വിഭാഗമായും പുരുഷന്മാരെ മറ്റൊരു വിഭാഗമായും തരം തിരിച്ചു. പുരുഷന്മാരെ വെടിവച്ചു കൊല്ലുകയും സ്ത്രീകളേയും കുട്ടികളേയും ബന്ദിയാക്കുകയും ചെയ്തു. പ്രായമുള്ള സ്ത്രീകളെ പട്ടാളക്യാമ്പിലെ ജോലി ചെയ്യിക്കുന്നതിനും പെണ്‍കുട്ടികളേയും യുവതികളേയും തങ്ങളുടെ ലൈംഗികദാഹം തീര്‍ക്കുന്നതിനും ഉപയോഗിച്ചു. ഇവരെയെല്ലാം മുറികളില്‍ പൂട്ടിയിട്ടു. സമീര, താന്‍ അന്യനാട്ടുകാരിയാണെന്ന് കേണപേക്ഷിച്ചെങ്കിലും അവളെയും അവര്‍ പീഡിപ്പിച്ചു. തന്റെ ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും സമീര പട്ടാളമേധാവിയെ വശീകരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന വൈകാരികമായ സംഭവ വികാസങ്ങള്‍ സിനിമ കാണിച്ചുതരുന്നു. സ്ത്രീകളോടും കുട്ടികളോടും തങ്ങളുടെ മുന്നില്‍ മൂത്രമൊഴിക്കാന്‍ പട്ടാളക്കാര്‍ ആജ്ഞാപിക്കുന്ന ഒരു രംഗം മതി ഈ സിനിമയുടെ ഭീകരത മനസിലാക്കാന്‍. നിരവധി യുദ്ധസിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മനുഷ്യത്വരഹിതമായ നേരനുഭവങ്ങള്‍ പകര്‍ത്തിയവ കുറവാണെന്നു തോന്നുന്നു. സ്ത്രീകളെ വെറും ലൈംഗിക ഉപകരണമായി കാണുന്ന പുരുഷ മേധാവിത്വം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഒരിക്കല്‍പോലും സ്വന്തം ഭാര്യയേയും മക്കളേയും ഓര്‍ക്കാന്‍ ഒരു പട്ടാളക്കാരനും തയാറാകുന്നില്ല. സമീരയായി അഭിനയിച്ച നടാഷ എന്ന നടിയുടെ അമ്പരപ്പിക്കുന്ന അഭിനയമാണ് ചിത്രത്തില്‍. ഒരു യുദ്ധരംഗം പോലും കാണിക്കാതെ, എന്നാല്‍ യുദ്ധാന്തരീക്ഷത്തിന്റെ ഭീകരത ഒട്ടും ചോര്‍ന്നുപോകാതെയാണ് സംവിധായകന്‍ സിനിമ ചിത്രീകരിച്ചത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. 2010ല്‍ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ അംഗീകാരമാണ് പടത്തിന് കിട്ടിയത്. മാരത്തോണ്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സിനിമ എക്കാലവും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇന്നും ചര്‍ച്ച ചെയ്തുപോരുന്നുമുണ്ട്.

2005ല്‍ പുറത്തിറങ്ങിയ സൗത്ത് കൊറിയന്‍ ചിത്രമായ "മാരത്തോണ്‍" പറയുന്നതും അമ്മയും മകനും തമ്മിലുള്ള ഗാഢബന്ധത്തിന്റെ കഥയാണ്. ഒരു യഥാര്‍ഥ കഥയുടെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. ചോവോണ്‍ എന്ന യുവാവിന് കുട്ടിക്കാലത്ത് തന്നെ "ഓട്ടിസം" ബാധിച്ചിരുന്നു. ദരിദ്ര കുടുംബമാണ് അവന്റേത്. അമ്മയും രണ്ടു മക്കളും അടങ്ങുന്നതാണ് അവരുടെ കുടുംബം. സീബ്രകളുമായി കളിക്കാന്‍ ഏറെ ഇഷ്ടമുള്ള ചോവോണിന് ഓട്ടത്തിനോട് വലിയ ഇഷ്ടമാണ്. അവനെ ഓടിക്കുക എന്നത് അമ്മയുടെ വലിയ സ്വപ്നമാണ്. അവനെ വിധിക്കു വിട്ടുകൊടുക്കാതെ മറ്റുള്ള കുട്ടികളെപ്പോലെ വളര്‍ത്താന്‍ ആ അമ്മ ആഗ്രഹിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും മകനെ പരിശീലിപ്പിക്കാന്‍ ഒരു പ്രായമായ കായികാധ്യാപകനെ അവര്‍ കണ്ടെത്തി. അലസനായ കായികാധ്യാപകന്‍ ചോവോണിനെ വേണ്ടതരത്തില്‍ പരിശീലിപ്പിച്ചില്ല. എന്നാല്‍ ചോവോണിന് ആത്മവിശ്വാസം വര്‍ധിച്ചു. ഒരു ഓട്ടമത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ മകനെ മൂന്നുമണിക്കൂര്‍ നീണ്ട മാരത്തോണില്‍ പങ്കെടുപ്പിക്കാന്‍ അമ്മ സ്വപ്നം കാണുന്നു. അതിനുള്ള പരിശീലകനെയും കണ്ടെത്തുന്നു. ചോവോണും അമ്മയും പരിശീലകനും തമ്മില്‍ പിന്നീടുണ്ടാവുന്ന സംവാദമാണ് സിനിമയുടെ വിഷയം. രോഗിയായ മകനെ ഒരമ്മ എങ്ങനെ സ്നേഹിക്കണമെന്ന് ഈ ചിത്രം കാണിക്കുന്നു. മനുഷ്യത്വത്തിന്റെ ആഴവും പരപ്പും ആവോളമുണ്ട് ഈ ചിത്രത്തില്‍. കല മനുഷ്യനെ എങ്ങനെ പാപമുക്തനാക്കുന്നു എന്ന് ഈ ചിത്രം ഓര്‍മിപ്പിക്കുന്നു. ഒറ്റക്കിരിക്കുമ്പോള്‍ പലപ്പോഴും മാരത്തോണിലെ അമ്മയും മകനും തമ്മിലുള്ള ഒരുപാട് സന്ദര്‍ഭങ്ങള്‍ എന്റെ മനസ്സിലെത്താറുണ്ട്. നല്ല സിനിമകള്‍ നമുക്ക് കാണിച്ച് എന്നും അത്ഭുതപ്പെടുത്തിയ രാജ്യമാണ് ചൈന.

2006ല്‍ പുറത്തിറങ്ങിയ വാങ്ഷോയുടെ ആത്മകഥാംശമുള്ള could be beautiful എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള Little Red Flowers എന്ന സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. കുട്ടിത്തത്തിന്റെ നിഷ്കളങ്കത ഈ സിനിമയെ ഉജ്വലമാക്കുന്നു. ബോഡിങ് നഴ്സറി സ്കൂളില്‍ പഠിക്കുന്ന ഫാങ് എന്ന നാലുവയസ്സുകാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഫാങ് ഒരു കുഞ്ഞു വിപ്ലവകാരിയാണ്. മിന്നിത്തിളങ്ങുന്ന കണ്ണുകളും അസാമാന്യ ധൈര്യവുമുള്ള കുഞ്ഞു ബുദ്ധിമാന്‍. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കുവേണ്ടി അവന്റെ മാതാപിതാക്കള്‍ക്ക് ബീജിങ്ങിനു പുറത്തുപോകേണ്ടി വന്നു. അതുകൊണ്ട് ഫാങ്ങിനെ നഗരത്തിലെ ഒരു റസിഡന്‍ഷ്യല്‍ നഴ്സറി സ്കൂളില്‍ നിര്‍ത്തി പഠിപ്പിക്കുന്നു. കളികളും ആഘോഷവുംകൊണ്ട് സ്കൂള്‍ മനോഹരമായിരുന്നു. സ്കൂള്‍ അധികൃതര്‍ക്ക് കുട്ടികളെ സമൂഹത്തിലെ നല്ല വ്യക്തികളാക്കി മാറ്റാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഫാങ്ങിന് അവിടുത്തെ അന്തരീക്ഷം മടുപ്പുളവാക്കി. യാന്ത്രികതയുടെ സ്കൂള്‍ അന്തരീക്ഷത്തില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ അവന്‍ ആഗ്രഹിച്ചു. നല്ല പെരുമാറ്റത്തിന് എല്ലാ ദിവസവും ഒരു കുഞ്ഞു പൂവ് കുഞ്ഞുങ്ങള്‍ക്ക് അധ്യാപകര്‍ നല്‍കിയിരുന്നു. ഫാങ്ങിന് ഒരു പൂവ് പോലും ഒരിക്കലും നേടാന്‍ കഴിഞ്ഞില്ല. പതിയെ പതിയെ ഉള്ളിലെ ധൈര്യം പുറത്തെടുത്ത് പോരാടുന്ന ഫാങ്ങിന്റെ പ്രതിരോധത്തിന്റെ കഥയാണ് മനോഹരമായി ഈ സിനിമയിലൂടെ യുവാന്‍സാങ് എന്ന സംവിധായകന്‍ പറയുന്നത്.

സമൂഹത്തിലും വീട്ടിലും ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ എണ്ണം ഏറെയുള്ള കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ഈ സിനിമ ഏറെ പ്രസക്തമായ ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിനോട് പറയുന്നു. തീര്‍ച്ചയായും മാതാപിതാക്കള്‍ ഈ സിനിമ കണ്ടിരിക്കണം. ഓഫ്സൈഡ് നമുക്ക് മലയാള സിനിമകള്‍പോലെതന്നെ പ്രിയപ്പെട്ടവയാണ് ഇറാന്‍ സിനിമകളും. മതത്തിന്റെ ചട്ടക്കൂടുകള്‍ കൊണ്ട് സ്വാതന്ത്ര്യം മൂടപ്പെട്ട രാജ്യമാണ് ഇറാന്‍. ഓരോ മണ്‍തരിയിലും ഒരുപാട് ചരിത്രമുറങ്ങിക്കിടക്കുന്ന നാട്. ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് ഇറാനിലെ കലാകാരന്മാര്‍ ജീവിക്കുന്നത്. അവിടെ സര്‍ക്കാറിന് അനുകൂലമല്ലാതെ കലാപ്രവര്‍ത്തനം നടത്താന്‍ അനുവാദമില്ല. ഭരണകൂടത്തിനെതിരെ ക്യാമറ ആയുധമാക്കിയ ചില ചലച്ചിത്ര സംവിധായകര്‍ ഇറാനിലുണ്ട്. മക്ബല്‍ ബഫ്, അബ്ബാസ് കിരസ്തോമി, ജാഫര്‍ പനാഹി തുടങ്ങി ചിലര്‍.

2005ല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന സിനിമയെടുത്തതിന് മക്ബല്‍ ബഫിന് പാരീസിലേക്ക് നാടുവിടേണ്ടിവന്നു. അബ്ബാസ് കിരസ്തോമി പാരീസില്‍നിന്നാണ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. ജാഫര്‍ പനാഹിയെ 2010ല്‍ അറസ്റ്റു ചെയ്തു. ആറു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചു. അദ്ദേഹം അടുത്ത ഇരുപതു വര്‍ഷത്തേക്കു സിനിമ ചെയ്യാന്‍ പാടില്ലെന്നാണ് കോടതിവിധി. എന്നാല്‍ ഒരു കലാകാരനേയും ഒരു വ്യവസ്ഥിതിക്കും കെട്ടിയിടാന്‍ കഴിയില്ല. അവരെന്നും വിപ്ലവകാരികളായിരിക്കും. വീട്ടുതടങ്കലിലെ പരിമിതിക്കുള്ളില്‍നിന്ന് ജാഫര്‍ പനാഹി എടുത്ത ഡോക്യൂമെന്ററി `This is not a film" കഴിഞ്ഞവര്‍ഷം തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നിറഞ്ഞ കൈയടിയോടെയാണ് ഏറ്റുവാങ്ങിയത്. സാംസ്കാരിക രംഗത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ വനിതാ ചലച്ചിത്ര സംവിധായകര്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ മതത്തിന്റെ ചങ്ങലക്കെട്ടുകള്‍ വരിഞ്ഞുമുറുക്കിയ ഇറാനില്‍ ഒരു ഡസനോളം വരുന്ന ശക്തരായ സ്ത്രീ സംവിധായകരുണ്ട്. ഇതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു.

2006ല്‍ പുറത്തിറങ്ങിയ ജാഫര്‍ പനാഹിയുടെ "ഓഫ്‌സൈഡ്" ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാനത്തെ ഫീച്ചര്‍ ഫിലിം. ഇറാനിലെ അസമത്വത്തിനെതിരെ ഈ സിനിമ ശക്തമായി സംസാരിക്കുന്നു. ഇറാനും ബഹറൈനും തമ്മില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാമത്സരം കാണാന്‍ ഒരു യുവതി പുരുഷവേഷത്തില്‍ പോകുന്നതാണ് ചിത്രത്തിന്റെ കഥ. ഫുട്ബോള്‍ ആരാധകരായ ഒരുകൂട്ടം ആരാധകര്‍ക്കൊപ്പമാണ് ബസ്സില്‍ അവളുടെ യാത്ര. എന്നാല്‍ യാത്രക്കിടെ ചിലര്‍ അവള്‍ സ്ത്രീയാണെന്ന് തിരിച്ചറിയുന്നു. ആരും പുറത്തുപറയുന്നില്ല. എന്നാല്‍ സ്റ്റേഡിയത്തില്‍ വച്ച് അവളെ പിടികൂടുകയും ഇത്തരത്തില്‍ പിടിക്കപ്പെട്ട മറ്റു യുവതികളുടെ ഒപ്പം അവളെ സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഒരുമിച്ച് കൂട്ടുന്നു. സൈന്യം അവര്‍ക്ക് കാവല്‍ നില്‍ക്കുന്നു. കൂട്ടത്തിലുണ്ടായ ഒരു പെണ്‍കുട്ടിക്ക് മൂത്രശങ്ക അനുഭവപ്പെടുന്നു. എന്നാല്‍ അവിടെ സ്ത്രീകള്‍ക്കുള്ള മൂത്രപ്പുര ഇല്ലായിരുന്നു. അതിനാല്‍ ഒരു ഫുട്ബോള്‍ താരത്തിന്റെ പോസ്റ്ററിന്റെ മറ പിടിച്ച് ഒരു പട്ടാളക്കാരന്‍ അവളെ പുരുഷന്മാരുടെ മൂത്രപ്പുരയിലേക്ക് കൊണ്ടുപോകുന്നു. അവിടുത്തെ ആള്‍ക്കൂട്ടത്തിനിടയില്‍പെട്ട അവള്‍ രക്ഷപ്പെടുന്നു. എന്നാല്‍, അല്‍പം വൈകിയാണെങ്കിലും അവള്‍ പഴയ സ്ഥലത്ത്, മറ്റുള്ള സ്ത്രീകളുടെ അടുത്ത് വന്നുചേരുന്നു. എന്തുകൊണ്ട് നീ രക്ഷപ്പെട്ടില്ല എന്ന് മറ്റു സ്ത്രീകള്‍ ചോദിക്കുമ്പോള്‍, കാവല്‍നിന്ന പട്ടാളമേധാവിക്ക് പ്രശ്നം വരാതിരിക്കാനാണ് താന്‍ തിരിച്ചുവന്നത് എന്നാണവള്‍ മറുപടി പറയുന്നത്.

ഫുട്ബോളിനപ്പുറം ജാഫര്‍ പനാഹി ഈ സിനിമയിലൂടെ പറയുന്നത് ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. ഇറാനിലെ സ്ത്രീകളുടെ യഥാര്‍ഥ മുഖമാണ്, പട്ടാളമേധാവിയും ഒരു പെണ്‍കുട്ടിയും തമ്മില്‍ നടക്കുന്ന സംവാദം. ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയേയും പുരുഷ മേധാവിത്വത്തേയും കാണിച്ചുതരുന്നു. ആഞ്ഞുകൊത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ പെണ്‍കുട്ടി പട്ടാളക്കാരന് നേരെ തൊടുത്തു വിടുന്നു. പലതിനും വ്യക്തമായ ഉത്തരം നല്‍കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. യഥാര്‍ഥ ജീവിതാവസ്ഥകളിലൂടെ ശക്തമായ രാഷ്ട്രീയം ജാഫര്‍ പനാഹി ഈ സിനിമയിലൂടെ പങ്കുവയ്ക്കുന്നു. ഈ കുറിപ്പ് അവസാനിപ്പിക്കുംമുമ്പ് ചിലതുകൂടി ഓര്‍മിപ്പിക്കട്ടെ, സിനിമ കണ്ടുതന്നെ അനുഭവിക്കണം. ഒരു സിനിമ മതിയാകും ചിലപ്പോള്‍ കുറേക്കാലമായി നമ്മളന്വേഷിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകാന്‍. ഭൂഖണ്ഡങ്ങള്‍ കടന്ന് യാത്ര ചെയ്യാന്‍ സിനിമകള്‍ തരുന്ന അവസരം പാഴാക്കരുത്. ഭൂമിയിലെവിടെയും മനുഷ്യന്റെ കഥ ഒന്നാണെന്ന് തിരിച്ചറിയാന്‍ നല്ല സിനിമകള്‍ കണ്ടാല്‍ മതി. ആയിരം പീരങ്കികളേക്കാള്‍ ശക്തിയുള്ള ദൃശ്യഭാഷ കാണാതെ പോകുന്നത്, ഈ ലോകത്ത് സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്ടങ്ങളില്‍ പെട്ടതാകും.

*
തന്‍സീര്‍ ദേശാഭിമാനി വാരിക

Wednesday, 28 March 2012

അസാന്നിധ്യം - പാബ്ലോ നെരൂദ

അസാന്നിധ്യം - പാബ്ലോ നെരൂദ

ളരെ അപൂര്‍വമായേ
 നിന്നെ ഞാന്‍
 വിട്ടു പോയിട്ടുള്ളൂ
അസ്വസ്ഥയായോ
മുറിവേറ്റവളായോ
സ്നേഹത്താല്‍
വീര്‍പ്പു മുട്ടിയവളായോ
 നീ തിരിച്ചു പോയപ്പോള്‍
 മാത്രം.
 നമ്മള്‍ പരസ്പരം എത്ര ദാഹിക്കുന്നുവെന്ന്
തിരിച്ചറിഞ്ഞിട്ടും
 എല്ലാ ജലവും രക്തവും
നമ്മള്‍ കുടിച്ചു തീര്‍ത്തിട്ടും
തീച്ചുണ്ടുകള്‍ കൊണ്ട്
മുറിവേല്‍പ്പിച്ചു നമ്മള്‍
പരസ്പരം തിന്നു
തീര്‍ത്തിട്ടും.
 പക്ഷെ
എനിക്കായി കാത്തു നില്‍ക്കുക.
നിന്റെ മാധുര്യം  കാത്തു വെക്കുക
നിനക്കും തരുന്നുണ്ട്
ഞാനൊരു
റോസാ പൂവ് 

ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും

ചരിത്രത്തിലില്ലാത്ത ജീവിതവും സിനിമയും

മലയാള സിനിമാ ചരിത്രത്തിലെ അറിയപ്പെടാത്ത ഏടുകള്‍ സാഹസികമായി വെളിപ്പെടുത്തുന്ന രണ്ടു പുസ്തകങ്ങളാണ് ജെ സി ഡാനിയലിന്റെ ജീവിതകഥയും നഷ്ടനായികയും. തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുള്ള ഈ രണ്ടു പുസ്തകങ്ങളിലാദ്യത്തേത് ഒരു ജീവചരിത്രമാണെങ്കില്‍ രണ്ടാമത്തേത് ഒരു നോവലാണെന്നതാണ് സവിശേഷത. പല കാരണങ്ങളാല്‍ രണ്ടു പുസ്തകങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവ ഒരുമിച്ച് വായിക്കുന്നതാണ് നല്ലത്. സിനിമാ ലേഖകനും ചരിത്രകാരനുമായ ചേലങ്ങാട്ട് ഗോപാലകൃഷ്ണനാണ് ജെ സി ഡാനിയലിന്റെ ജീവിതകഥ എഴുതിയതെങ്കില്‍, നോവലിസ്റും കഥാകൃത്തും ദ വീക്കിന്റെ കേരള ലേഖകനുമായ വിനു ഏബ്രഹാമാണ് നഷ്ടനായിക എന്ന വിസ്മയകരമായ നോവല്‍ രചിച്ചിരിക്കുന്നത്. നഷ്ടനായികയുടെ ആദ്യപതിപ്പ് 2008 ഒക്ടോബറില്‍ പുറത്തിറങ്ങുകയും ഇപ്പോള്‍ രണ്ടാം പതിപ്പിലെത്തി നില്‍ക്കുകയുമാണ്. ജെ സി ഡാനിയലിന്റെ ജീവിതകഥ 2011ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പുസ്തകം പുറത്തു വരുന്നതിന് മുമ്പ് 2010 ജൂണ്‍ 4ന് ഗ്രന്ഥകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ നിര്യാതനാകുകയും ചെയ്തു.

ഭരണാധികാരികളും സാംസ്ക്കാരിക/ചലച്ചിത്ര പ്രവര്‍ത്തകരും സംഘടനകളും അക്കാദമികള്‍, കലാലയങ്ങള്‍ സര്‍വകലാശാലകള്‍ എന്നിവയടക്കമുള്ള ഔദ്യോഗിക/അനൌദ്യോഗിക സ്ഥാപനങ്ങളും പുലര്‍ത്തുന്ന അനവധാനത മൂലം കൃത്യമായി എഴുതപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന മലയാള സിനിമയുടെയും കേരള സംസ്ക്കാരത്തിന്റെയും ഇരുളടഞ്ഞ ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് ഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഈ രണ്ടു ഗ്രന്ഥങ്ങളും രൂപപ്പെട്ടുവന്നിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ആരംഭത്തെ വലിയൊരളവു വരെ തുറന്നുകാണിച്ചു കൊണ്ട്, അതിന്റെ മഹത്വവത്ക്കരണങ്ങളെ വലിച്ചു കീറുകയാണ് ഈ പുസ്തകങ്ങള്‍ നിര്‍വഹിക്കുന്ന യഥാര്‍ത്ഥ ധര്‍മം.

ജെ സി ഡാനിയലാണ് ആദ്യത്തെ മലയാള സിനിമ നിര്‍മിച്ചതും സംവിധാനം ചെയ്തതും മുഖ്യവേഷത്തിലഭിനയിച്ചതും എന്ന വസ്തുത ഗണനീയവും വിശ്വാസ്യവുമായ തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയില്‍ ചേലങ്ങാട്ട് നേരത്തെ തന്നെ വിജയം വരിച്ചിരുന്നു. അതിന്‍ പ്രകാരം, മലയാള സിനിമക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സമഗ്ര സംഭാവനാ പുരസ്കാരം ജെ സി ഡാനിയലിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ടു. സത്യത്തില്‍, ആ അവാര്‍ഡ് ലഭിക്കുന്നവരുടെ പേരിനേക്കാള്‍ ചരിത്ര/ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ആദരവോടെ സ്മരിക്കുന്നതെല്ലായ്പോഴും ജെ സി ഡാനിയലിനെയാണ്. സത്യത്തിന്റെ തുമ്പു തേടി ചേലങ്ങാട്ട് നടത്തിയ യാത്രകള്‍ ഒരു അപസര്‍പ്പക കഥ വായിക്കുന്ന ഉദ്വേഗത്തോടെ മാത്രമേ നമുക്കു വായിക്കാനാവൂ എന്ന് ആമുഖകാരനായ കെ വി മോഹന്‍കുമാര്‍ നിരീക്ഷിക്കുന്നത് തികച്ചും ശരിയാണ്.

വിഗതകുമാരന്‍ റിലീസ് ചെയ്ത് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഗ്രന്ഥകാരന്‍ തന്റെ അന്വേഷണയാത്രകള്‍ നടത്തുന്നത്. ചലച്ചിത്രകാരനെയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടിയെയുമാണദ്ദേഹം അന്വേഷിക്കുന്നത്. പുറന്തള്ളപ്പെട്ട ഒരു ഗ്രീക്ക് ചലച്ചിത്രകാരന്‍ തൊണ്ണൂറുകളിലെ ബാള്‍ക്കന്‍ പ്രദേശത്തു കൂടി നടത്തുന്ന ഒരു അന്വേഷണയാത്രയും അലച്ചിലും ഇതിവൃത്തമാക്കിയ, തിയോ ആഞ്ചലോപൌലോയുടെ യുളീസസ് ഗേസ് (1995/ഗ്രീസ്) ഈ ഘട്ടത്തില്‍ ഓര്‍മയിലെത്തി. യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശം മുഴുവനും ഇക്കാലത്ത് അരക്ഷിതത്വത്തിന്റെയും വംശീയമൌലികവാദങ്ങളുടെയും യുദ്ധങ്ങളുടെയും പിടിയിലായിരുന്നു. പേരില്ലാത്ത (അഥവാ എ എന്നു പേരുള്ള) നായകകഥാപാത്രം ഗ്രീസില്‍ നിന്ന് അല്‍ബേനിയയിലേക്കും ബള്‍ഗേറിയയില്‍ നിന്ന് റുമാനിയയിലേക്കും അവിടെ നിന്ന് കരിങ്കടലിലെ കോണ്‍സ്റാന്‍സയിലേക്കും ഡനൂബേയില്‍ നിന്ന് മുന്‍ യുഗോസ്ളാവിയയിലേക്കും യുളീസസ് എന്ന മിത്തിനെ തേടി അലയുകയാണ്. മുന്‍ യുഗോസ്ളാവിയയിലെ ബല്‍ഗ്രേഡിലും വുക്കോവറിലും മോസ്തറിലും സരയാവോവിലും അയാള്‍ അലയുന്നു. ഈ യാത്രയുടെ പ്രേരക ഘടകം അഥവാ ആഴത്തിലുള്ള പ്രചോദനം ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചിത്രീകരിച്ചതും ഡെവലപ്പ് ചെയ്തിട്ടില്ലാത്തതുമായ ഒരു ഷോര്‍ട്ട് ഫിലിമിന്റെ റോളുകള്‍ തേടിക്കണ്ടുപിടിക്കുക എന്നതാണ്. ബാള്‍ക്കന്‍ സിനിമയുടെ സ്ഥാപകരായ മനാക്കീസ് സഹോദരന്മാര്‍ നിര്‍മിച്ച ആദ്യ സിനിമയായിരുന്നു അത്. നഷ്ടപ്പെട്ട ഒരു നിഷ്കളങ്കകാലത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചലച്ചിത്രകാരന്‍ വിഭാവനം ചെയ്യുന്നത്. ബാള്‍ക്കന്‍ രാജ്യങ്ങളുടെ പൊതു ചരിത്രത്തെയാണ് നഷ്ടപ്പെട്ട റീല്‍ എന്ന രൂപകത്തിലൂടെ ആഞ്ചലൊപൌലോ അടയാളപ്പെടുത്തുന്നത്.

ബാള്‍ക്കന്‍ രാജ്യങ്ങള്‍ അനുഭവിക്കുന്ന അതികഠിനവും തീക്ഷ്ണവുമായ വിഭജനങ്ങളുടെയും ആഭ്യന്തര-ബാഹ്യ യുദ്ധങ്ങളുടെയും അവസ്ഥയോട് താരതമ്യം ചെയ്യാനാകില്ലെങ്കിലും കേരളം, ഐക്യകേരളം, മലയാളം എന്നീ സാംസ്ക്കാരികാവസ്ഥകളുടെ ഏകോപനവും വിഘടനവും സാക്ഷ്യം വഹിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളും പൊതുചരിത്രവും ആദ്യത്തെ മലയാള സിനിമയുടെ അന്നത്തെയും ഇന്നത്തെയും അവസ്ഥയില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ടെന്നതാണ് ഏറ്റവും വിസ്മയകരമായ കാര്യം. ചേലങ്ങാട്ടിന്റെ അന്വേഷണത്തിനവസാനം കഷ്ടിച്ച് ഒന്നര മീറ്റര്‍ നീളമുള്ള ഫിലിം റീലാണ് കാണാന്‍ കഴിയുന്നത്. മലയാള സിനിമയുടെ പിതാവ് എന്ന് ജെ സി ഡാനിയലിനെ വിലയിരുത്തുന്നത് അദ്ദേഹം ദേശത്തെ സമഗ്രമായി എഴുതാനും രേഖപ്പെടുത്താനുമാണ് ചലച്ചിത്ര രംഗത്തേക്ക് സാഹസികമായി വന്നത് എന്നതുകൊണ്ടു കൂടിയാണെന്ന് നാം തിരിച്ചറിയണം. ജന്മനാ സമ്പന്നനായിരുന്ന അദ്ദേഹം തന്റെ നൂറിലധികം വരുന്ന ഏക്കര്‍ ഭൂസ്വത്ത് വിറ്റാണ് സ്റുഡിയോ നിര്‍മിച്ച്, ഉപകരണങ്ങള്‍ വാങ്ങി വിഗതകുമാരന്‍ ചിത്രീകരിച്ചത്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്ച്ചേഴ്സ് എന്നാണ് തന്റെ നിര്‍മാണക്കമ്പനിക്ക് അദ്ദേഹം പേരിട്ടത്. അന്നത്തെ അവസ്ഥ വെച്ച് തിരുവിതാകൂറിന്റെ ദേശീയതക്കും ഐക്യത്തിനും പ്രതീകാത്മക പ്രാധാന്യം നല്‍കുന്നതിന് ഈ പേര് സഹായകമായിത്തീരുന്നു. സിനിമയെല്ലാം പൊളിഞ്ഞതിനു ശേഷം ദന്തവൈദ്യം പഠിച്ച് മധുരയില്‍ ദന്തിസ്റായി ജോലി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം പങ്കെടുത്തതും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം.

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയല്‍ ആണെന്ന് സ്ഥാപിച്ച്, 1960കളില്‍ തന്നെ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ലേഖനമെഴുത്തു തുടങ്ങിയെങ്കിലും അന്നാരും ആ വാദത്തെ അംഗീകരിച്ചതേ ഇല്ല. മലയാള സിനിമയുടെ തുടക്കം ബാലന്‍ എന്ന ചിത്രത്തോടെയായിരുന്നുവെന്നും ആ ചിത്രം നിര്‍മിച്ച ടി ആര്‍ സുന്ദരം ആണ് പിതൃസ്ഥാനീയനെന്നുമുള്ള വാദത്തിന് സര്‍വരാലും അംഗീകാരം ലഭിച്ചപ്പോഴായിരുന്നു ഗോപാലകൃഷ്ണന്‍ പുതിയ തെളിവുകളുമായി രംഗത്ത് വന്നത്. മെരിലാന്റ് സ്റുഡിയോ ഉടമ പി സുബ്രഹ്മണ്യവും വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും മാത്രമാണ് ചേലങ്ങാട്ടിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനും സാഹിത്യകാരനും ഐഎഎസുകാരനുമായ മലയാറ്റൂര്‍ രാമകൃഷ്ണനും ഈ വാദത്തോട് രോഷം പ്രകടിപ്പിച്ചതും ഗ്രന്ഥകാരന്‍ വികാരവായ്പോടെ രേഖപ്പെടുത്തിയിരിക്കുന്നു. താന്‍ പത്രാധിപസമിതി അംഗമായിരുന്ന മലയാളി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍, ജെ സി ഡാനിയലിനെ സംബന്ധിച്ചുള്ള ഒരു ലേഖനം, ചേലങ്ങാട്ട് പ്രസിദ്ധീകരിച്ചതില്‍ കുപിതനായ കുട്ടനാട് രാമകൃഷ്ണപിള്ള എന്ന പത്രാധിപര്‍ 'കണ്ട മാപ്പിളയൊക്കയാണ് മലയാള സിനിമയുടെ പിതാവ് എന്ന് പറയാന്‍ നിനക്ക് നാണമില്ലെടാ' എന്ന് ആക്രോശിച്ചത് നടുക്കത്തോടെ മാത്രമേ നമുക്ക് വായിക്കാനാവൂ. അല്ലെങ്കിലെന്തിന് നടുങ്ങണം! ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം ഇന്നും അതിന്റെ അടിസ്ഥാന സാംസ്ക്കാരിക ഗരിമയായി കൊണ്ടാടുന്നത് സവര്‍ണ-മൃദു ഹിന്ദുത്വത്തെ തന്നെയാണല്ലോ.

ജെ സി ഡാനിയല്‍, സംസ്ഥാന പുനര്‍വിഭജനത്തിനു ശേഷം തമിഴ്നാട്ടില്‍ ചേര്‍ക്കപ്പെട്ട തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം സ്വദേശിയാണെന്നതും, അവസാനകാലത്ത് അദ്ദേഹം അവിടെയാണ് ദരിദ്രമായ വിശ്രമജീവിതം നയിച്ചിരുന്നതെന്നും സാങ്കേതിക-കേരള വാദികളുടെ, വിഗതകുമാരന്‍ അല്ല ബാലനാണ് ആദ്യ മലയാള സിനിമ എന്ന വാദത്തിന് ബലം കൂട്ടി. പുതുച്ചേരി സംസ്ഥാനത്തില്‍ പെട്ട മാഹിക്കാരനാണ് എം മുകുന്ദന്‍ എന്നതുകൊണ്ട് അദ്ദേഹം മലയാള സാഹിത്യകാരനല്ല എന്ന് ഏതോ വിഡ്ഢി കേസു കൊടുത്ത സ്ഥലവുമാണല്ലോ കേരളം! ഭാഷാ സംസ്ഥാന കമ്മീഷന്‍ നാഗര്‍കോവില്‍ പ്രദേശത്തെ തമിഴ് നാട്ടിലേക്ക് ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെ പിന്നില്‍, ആ പ്രദേശത്ത് കൂടുതലായുണ്ടായിരുന്ന നാടാര്‍ സമുദായത്തെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലായി പിളര്‍ത്താനുള്ള നായര്‍ ഗൂഢാലോചന പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ചിലരുടെ വാദങ്ങളും ഈ സംഭവത്തോട് ചേര്‍ത്തു വായിക്കാവുന്നതാണ്.

ജെ സി ഡാനിയലിനെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിക്കളഞ്ഞിരുന്ന ചരിത്ര-സാംസ്ക്കാരിക അവബോധം; വിഗതകുമാരനില്‍ നായികയായഭിനയിച്ച പി കെ റോസി എന്ന, കൃസ്തുമതത്തിലേക്ക് മതം മാറിയ ദളിത് യുവതിയോട് അന്നും ഇന്നും എപ്രകാരമാണ് പെരുമാറിയത് എന്ന് ഭാവന കൂടി ചേര്‍ത്തുകൊണ്ടെഴുതിയ മികച്ച നോവലാണ് നഷ്ടനായിക. അവതാരികാകാരനായ പ്രസിദ്ധ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ് വിശദീകരിക്കുന്നതു പോലെ; തികച്ചും നാരകീയമായ ജാതിവ്യവസ്ഥയുടെ കെട്ടുപാടുകള്‍ അഴിഞ്ഞ് തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ലാത്ത ഒരു കാലഘട്ടത്തിലെ കീഴാളവര്‍ഗത്തില്‍ നിന്നാണ് അവള്‍ കടന്നുവരുന്നത്. അതേ സമയം, മാര്‍ഗ്ഗം കൂടി, കീഴാളവര്‍ഗ്ഗത്തില്‍ തന്നെ ഒരന്യവത്ക്കരണം അനുഭവിക്കുന്ന വിഭാഗത്തിലുമാണവള്‍. സ്ത്രീകള്‍, പ്രത്യേകിച്ച് അഭിനേത്രിമാര്‍ കേവലം ഭോഗവസ്തുക്കളായി മുഖ്യമായും വീക്ഷിക്കപ്പെടുന്ന പുരുഷാധിപത്യസമൂഹമാണ് അന്നും ഇന്നും കേരളത്തില്‍ പ്രബലമായി നിലനില്‍ക്കുന്നത്. ഈ സവര്‍ണ-മൃദുഹിന്ദുത്വ-പുരുഷാധിപത്യ സമൂഹം തന്നെയാണ് രാക്ഷസാകാരനായ കാണിയായി രൂപാന്തരപ്പെട്ട് സിനിമയിലെ ജനപ്രിയതയും താരാരാധനയുമടക്കമുള്ള നിര്‍ണായകതകളെല്ലാം നിര്‍മിക്കുന്നതും സ്വീകരിക്കുന്നതുമെന്ന ചരിത്ര-വര്‍ത്തമാന വസ്തുതയും ഈ നോവല്‍ വായനയിലൂടെ കൂടുതല്‍ ബോധ്യപ്പെടും. അഴിഞ്ഞാട്ടക്കാരി, അഥവാ കൂത്തിച്ചി എന്ന അവസ്ഥയിലാണ് നടിമാരെ സമൂഹം കണ്ടിരുന്നത്; ഇപ്പോഴും ഏറെക്കൂറെ കാണുന്നത്. വിഗതകുമാരന്‍ എന്ന ആദ്യ സിനിമയും റോസിയും സമൂഹത്തിലെ കപട മാന്യന്മാരുടെയും സദാചാര ഭക്തരുടെയും (ഇന്നത്തെ മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ സദാചാര പോലീസ്) കടുത്ത ആക്രമണത്തിനാണ് വിധേയമാകുന്നത്. സിനിമ എന്ന കലാരൂപവും അതേ വരെ അടിച്ചമര്‍ത്തപ്പെട്ടു മാത്രം കഴിഞ്ഞിരുന്ന പുലയ സമുദായത്തില്‍ പെട്ട ഒരു കീഴാള പെണ്‍കുട്ടി അതില്‍ മുഖ്യസ്ഥാനം വഹിക്കുന്നു എന്നതും നിലനില്‍ക്കുന്ന ക്രമത്തെ അട്ടിമറിക്കുന്നതായതിനാലാണ്, അതിനെതിരെയുള്ള അക്രമാസക്തമായ സാമൂഹ്യ പ്രതികരണം സംഭവിക്കുന്നതെന്ന് കെ ജി ജോര്‍ജ് വിവരിക്കുന്നു.

ലഭ്യമായ വിവരങ്ങള്‍ വെച്ച് 1930 ഒക്ടോബര്‍ 30നാണ് വിഗതകുമാരന്‍ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശനമാരംഭിച്ചത്. ആരംഭിച്ച ദിവസമോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തിനകമോ, അക്രമാസക്തരായ കാണികള്‍ തിരശ്ശീലയിലേക്ക് കല്ലെറിയുകയും നായികയായഭിനയിച്ച നടി പി കെ റോസിയെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ആക്രമണരംഗം നോവലില്‍ വിവരിക്കുന്നതിങ്ങനെയാണ്. കൊട്ടകയില്‍ ഒരട്ടഹാസം മുഴങ്ങി: 'ഫാ വടുക പുലയാടി മോളെ. എന്തരാടീ നീ അവിടെ പുളുത്തുന്നത്. അറുവാണി കൂത്തിച്ചി. നിര്‍ത്തടി. ഒടുക്കത്തൊരു സിനിമ. യോഗ്യന്മാര് ആണുങ്ങളെ വിളിച്ചു വരുത്തിയിട്ട് നിന്റെയൊക്കെ പൊലയാട്ട് കാണിച്ച് അര്‍മ്മാദിക്കുന്നോടീ' ജീവനും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ട റോസി, നിരത്തിലിറങ്ങി നിന്ന് അതുവഴി കടന്നു വന്ന ഒരു ലോറിക്ക് കൈ കാണിച്ച് അതില്‍ കയറി പിന്നീട് അതിലെ ഡ്രൈവറെ കല്യാണവും കഴിച്ച് കേരളത്തിനു പുറത്തെവിടെയോ താമസിച്ച് മരിച്ചു എന്നാണ് വിശ്വസനീയമായ ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ നോവലിസ്റ് ആഖ്യാനം ചെയ്യുന്നത്.

അടുത്ത കാലത്തിറങ്ങിയ ഗംഭീരമായ ഈ രണ്ടു പുസ്തകങ്ങളെയും കണ്ടില്ലെന്നു നടിച്ചുകൊണ്ട് അവഗണിച്ചില്ലാതാക്കാന്‍ ശ്രമിക്കുന്ന കേരളീയ പൊതുബോധം; പി കെ റോസിയെ ആക്രമിച്ച് തുരത്തിയ അതേ മലയാളി/കേരളീയ കാണികളുടേതു തന്നെയാണ്. കേരളത്തനിമക്ക് ദോഷം സംഭവിച്ചു എന്നാര് പറഞ്ഞു? കലാഭവന്‍ മണിയോടൊപ്പം നായികയാവാന്‍ പറ്റില്ല എന്നു പറഞ്ഞ വെളുത്ത തൊലി നിറമുള്ള നടികളും അവരെ ആരാധിക്കുന്ന സാമാന്യ മലയാളി/കേരളീയനും അവരുടെ പിന്മുറക്കാരാണ്. മലയാള സിനിമക്കു വേണ്ടി ജീവിച്ചിരിക്കെ രക്തസാക്ഷികളായി മാറിയവരാണ് ജെ സി ഡാനിയലും പി കെ റോസിയും എന്ന് മുഴുവന്‍ മലയാളികളും തിരിച്ചറിയുന്ന ഒരു നാള്‍ വരുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയോടെ……………

ഇവിടെ വായനയുടെ പുതുലോകം

ഇവിടെ വായനയുടെ പുതുലോകം


പുസ്തകോത്സവം തുടങ്ങി

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് യു എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ സാമൂഹ ജീവിയാക്കി മാറ്റുന്നത് വായനയാണെന്ന് യു എ ഖാദര്‍ പറഞ്ഞു. പുസ്തകം കൈയിലെടുക്കുന്നതിലൂടെ ലോകത്തെ കൈയിലെടുക്കാന്‍ കഴിയും. വായനയിലൂടെ മറ്റൊരു ലോകത്തെയാണ് കൊണ്ടുവരുന്നത്. ഒരു കാലഘട്ടത്തിന്റെ ജനസഞ്ചയത്തെ കാണിച്ചുതരാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുന്നു. മനസ്സിനെ വിപുലപ്പെടുത്താന്‍ വായനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പി കെ സതീശന്‍ അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "ഹോച്ചിമിന്‍: തെരഞ്ഞെടുത്ത കൃതികള്‍" പുസ്തകം സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി വാരിക എഡിറ്റര്‍ ഡോ. കെ പി മോഹനന് നല്‍കി പ്രകാശനം ചെയ്തു. "വായനയുടെ ലോകം" എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് സംസാരിച്ചു. കെ ടി രാധാകൃഷ്ണന്‍ സ്വാഗതവും വേണു അമ്പലപ്പടി നന്ദിയും പറഞ്ഞു.

ഏപ്രില്‍ എട്ടുവരെ കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ രാവിലെ ഒമ്പതര മുതല്‍ രാത്രി എട്ട് വരെയാണ് പുസ്തകോത്സവം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി അറുപതോളം പ്രസാധകരും പുസ്തകശാലകളും മേളയില്‍ പങ്കെടുക്കും. പ്രമുഖ ഇംഗ്ലീഷ് പ്രസാധകരായ പെന്‍ഗ്വിന്‍, മാക്മില്ലന്‍, ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, റൂട്ലെസ്, ഇടതുപക്ഷ പ്രസാധകശാല ലെഫ്റ്റ്വേഡ്, ഐപിഡിഎല്‍, പ്രജാശക്തി(ആന്ധ്ര), ഭാരതീയപുസ്തകശാല(ചെന്നൈ) തുടങ്ങിയവരും കേരളത്തിലെ പ്രസാധകരും മേളയെ സജീവമാക്കും. ചിന്ത പബ്ലിഷേഴ്സുമായി സഹകരിച്ചാണ് പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘം മേള ഒരുക്കുന്നത്. പ്രദര്‍ശനം രാവിലെ ഒമ്പതിനാരംഭിക്കും.

ഇവിടെ വായനയുടെ പുതുലോകം

ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍" മുതല്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധം"വരെ. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ നീണ്ട നിര. ലോക ക്ലാസിക്കുകള്‍ ഏതും ലഭിക്കും.സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം വായനയുടെ വസന്തം തീര്‍ക്കുകയാണ്. രാഷ്ട്രീയം, സാംസ്കാരികം, സിനിമ, വൈജ്ഞാനികം, ആത്മീയം, ബാലസാഹിത്യം തുടങ്ങി ഏത് വിഭാഗത്തിലുമുള്ള പുസ്തകങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. എഴുപത്തഞ്ചോളം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ പതിനായിരക്കണക്കിന് പുസ്തകങ്ങളാണുള്ളത്. ചിന്ത പബ്ലിഷേഴ്സിന്റെ സ്റ്റാളില്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധത്തിനും" ചെഗുവേരയുടെ കത്തുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഇടതുപക്ഷാശയപ്രചാരണത്തിനുള്ള പുസ്തകങ്ങളേതും സ്റ്റാളിലുണ്ട്. ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവര്‍ത്തനങ്ങളും നിരവധിയാണ്. സേതുവിന്റെ മറുപിറവി, മുകുന്ദന്റെ ഡല്‍ഹിഗാഥകള്‍ എന്നിവയുള്‍പ്പെടെയുള്ള കൃതികള്‍ തേടിയാണ് കൂടുതല്‍ പേരെത്തുന്നത്. എം എഫ് ഹുസൈന്റെ ലേഖന സമാഹാരം, റഷ്യന്‍ നോവല്‍ "വിപ്ലവത്തിന്റെ തീച്ചൂളയി"ലിന്റെ ആദ്യ മലയാള പരിഭാഷയും ചിന്തയുടെ സ്റ്റാളിലുണ്ട്. ചിന്ത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും പ്രദര്‍ശനത്തോടൊപ്പമുണ്ട്. കെ ഇ എന്നിന്റെ "കേരളത്തിന്റെ മാഷ് മലയാളത്തിന്റെ മുഴക്കം", ഗോഗോളിന്റെ നോവല്‍ "പരേതാത്മാക്കള്‍" എന്നിവ അടുത്ത ദിവസങ്ങളില്‍ പ്രകാശനം ചെയ്യും.

ഡിസി, കറന്റ്, മാതൃഭൂമി, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി പഴയ പ്രസാധകരായ മാരാര്‍ സാഹിത്യപ്രകാശം, വള്ളത്തോള്‍ വിദ്യാപീഠം വരെയുള്ളവര്‍ മേളയിലുണ്ട്. പ്രജാശക്തിയുടെ സ്റ്റാളും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് പുസ്തങ്ങള്‍ക്കായി പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, മാക്മില്ലന്‍, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡ്, വെസ്റ്റ്ലാന്‍ഡ് തുടങ്ങിയ പ്രസാധകരുടെ പുസതകങ്ങളും ലഭിക്കും. 10മുതല്‍ 50ശതമാനം വരെ വിലക്കിഴിവിലാണ് വില്‍പ്പന. പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് വൈക്കം മുഹമ്മദ് ബഷീര്‍ വേദിയില്‍ സാഹിത്യചര്‍ച്ചയും പുസ്തകപ്രകാശനവും നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയാണ് മേള. ഏപ്രില്‍ എട്ടിന് സമാപിക്കും.

Tuesday, 20 March 2012

എസ് എഫ് ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം സ: ശരവണനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചു.

എസ് എഫ് ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം സ: ശരവണനെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചു.

 രാമങ്കേരി: എസ് എഫ് ഐ മുന്‍  കോട്ടയം ജില്ലാ കമ്മറ്റി അംഗവും ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ പ്രസിഡന്റും ആയിരുന്ന സ: ശരവണനെ രാമങ്കരിയില്‍ വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ചു. വീട്ടിലേക്കു പോകുന്ന വഴിയില്‍ വെച്ച് സംഘം  ചേര്‍ന്നെത്തിയ ആര്‍ എസ് എസ് ഗുണ്ടകള്‍  ശരവണനെ  ആക്രമിക്കുകയായിരുന്നു. മര്‍ദിച്ച്അവശനാക്കിയ  ശേഷം മാരകായുധങ്ങള്‍ കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഘം  ഉടന്‍ തന്നെ സംഭവ സ്ഥലത്ത് നിന്നും കാറില്‍ കയറി രക്ഷപെട്ടു. തലയുടെ പിന്‍ ഭാഗത്തും തോളിലും കൈകളിലും കാലിലും സാരമായ മുരിവുകളുള്ള ശരവണനെ കോട്ടയം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ് .

Monday, 19 March 2012

സന്തോഷ് ഏച്ചിക്കാനം: അതിജീവനത്തിന്റെ കഥാകാരന്‍

സന്തോഷ് ഏച്ചിക്കാനം: അതിജീവനത്തിന്റെ കഥാകാരന്‍

Santhosh Echikkanam
Santhosh Echikkanam
മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ഇടങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന ചോദ്യം ഭാവിയെ പ്രവചിക്കുന്ന ഒരു സാഹിത്യചരിത്രപ്രസ്താവമായാണ് ഒരു പതിറ്റാണ്ടിനുമുമ്പ് ഞാന്‍ വായിച്ചത്. ”ഇതൊരു കുഴിയാണ്. നാം പെട്ടുപോയ കുഴി. കയറുന്തോറും വലിച്ചു താഴെയിടുന്ന, മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ഒരിടം. ഇതിനെ എങ്ങനെ അതിജീവിക്കാം” എന്നായിരുന്നു ആ ചോദ്യത്തിന്റെ പൂര്‍ണരൂപം. ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ അവസാനമായിരുന്നു അത്. സന്തോഷ് ഏച്ചിക്കാനം ‘ഉഭയജീവിതം’ (1997) എന്ന കഥയില്‍ എഴുതിയ ആ വാക്യം മലയാള ചെറുകഥ മറ്റൊരു ഭാവുകത്വത്തിലേക്കു നീങ്ങുന്നതിന്റെ പ്രവേഗം വെളിപ്പെടുത്തുകയായിരുന്നു. നിലവിലുണ്ടായിരുന്ന കഥാഭാവുകത്വത്തിന്റെ നിശ്ചലജലത്തില്‍ ഉയരത്തില്‍നിന്നു വലിച്ചെറിഞ്ഞ കല്ലുപോലെ അതു വീണു.
പാരമ്പര്യത്തിന്റെ കിണറിലെ അസഹ്യമായ ഇരുട്ടില്‍നിന്ന് അനന്തദൂരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ശരത്കാലത്തിലേക്കു സ്വയം വിമോചിപ്പിക്കാനും എഴുത്തിലൂടെ അതിജീവിക്കാനുമുള്ള യുവതലമുറയുടെ സാഹിത്യചരിത്രപരമായ ആ ഇച്ഛയാണ് മലയാളത്തിലെ ഉത്തരാധുനികഭാവുകത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിലെ അതിജീവനത്തെക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള ആ വേവലാതിയാണ് പിന്നീട് സന്തോഷിന്റെ കഥകളെ ഉത്തരാധുനികചെറുകഥയുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ ആധുനികതാപാരമ്പര്യത്തിന്റെ കാന്തികമണ്ഡലത്തിനുപുറത്ത് രൂപപ്പെട്ടുവന്ന പുതിയ ചെറുകഥാഭാവുകത്വത്തിന്റെ ഉടലും ഉയിരുമാണ് സന്തോഷിന്റെ രചനകളില്‍ നാം വായിക്കുന്നത്.
അതിജീവിക്കലാണ് സന്തോഷ് ഏച്ചിക്കാനത്തിനും കഥപറച്ചില്‍ . വെറുതേയല്ലാത്ത കഥ പറയാന്‍ പുറപ്പെടുന്ന, കഥയില്‍ സംഗതി ചേര്‍ത്തു കഥിക്കുന്ന എല്ലാ കഥപറച്ചിലുകാരുടെയും വിധിയും ബാധ്യതയും. ഷെഹ്‌റസാദുമായുള്ള ജനനാന്തരസൗഹൃദം കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡത്തെ, മരണത്തെ, ഭാഷയെ, ശരീരത്തെ, എഴുതപ്പെട്ട കഥകളെ, വ്യവസ്ഥാപിതമായ ആഖ്യാനരീതിയെ എല്ലാം അതിജീവിക്കാന്‍ സന്തോഷ് ശ്രമിക്കുന്നു. സന്തോഷിന്റെ ഒട്ടേറെ കഥകളില്‍ കടന്നുവരുന്ന അതിജീവനം എന്ന പ്രമേയം ഇരട്ടമുഖമുള്ളതാണ്. ഒരേസമയം അത് ജീവിതത്തിലെയും കലയിലെയും അതിജീവനങ്ങളെപ്പറ്റി സംസാരിക്കുന്നു. ”കൂട്ടിയാലും കിഴിച്ചാലും ഒരേ ഒരുത്തരം കിട്ടുന്ന കണക്കാണു ജീവിതം. അതു മരണമാണ്. മരണത്തെ ജയിക്കാന്‍ നടത്തുന്ന ശ്രമംതന്നെയായിരിക്കണം ഒരാള്‍ ജീവിച്ചു എന്നതിന്റെ അടയാളം” എന്ന് സന്തോഷ് എഴുതുന്നതില്‍ ഉള്ളത് ആ ഇരട്ടനാവാണ്. ‘ഉഭയജീവിതം’ മുതല്‍ ‘കൊമാല’ വരെയുള്ള കഥകളില്‍ അതിജീവനത്തിന്റെ ജീവിതത്തിലെയും ഭാഷയിലെയും ആഖ്യാനത്തിന്റെയും അനന്തമായ സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ തേടാനാണ് സന്തോഷ് ശ്രമിക്കുന്നത്. ഭിന്നങ്ങളായ കഥപറച്ചില്‍വഴികളുടെ പാരമ്പര്യഭാവമുള്ള ഒരു കഥാകൃത്തിന് അതിജീവിക്കണമെങ്കില്‍ ആ പാരമ്പര്യത്തിന്റെതന്നെ തിരസ്‌കരണവും മാറ്റിയെഴുത്തും പൊളിച്ചെഴുത്തും സംസ്‌കരണവും നിര്‍വഹിക്കേണ്ടിവരും. അത് വൈയക്തികമായ അതിജീവനമല്ല, സാഹിത്യചരിത്രപരമായ പ്രവര്‍ത്തനമാണ്. സമീപസ്ഥപാരമ്പര്യത്തിന്റെ ഭാഗമായ കഥകള്‍ പൊളിച്ചെഴുതാനോ മാറ്റിയെഴുതാനോ ഉള്ള ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ ശ്രമം സന്തോഷിന്റെ കഥകളില്‍ കാണാം. ‘ഉഭയജീവിതം’, ‘അഭിനയമുഹൂര്‍ത്തങ്ങള്‍’ എന്നീ കഥകള്‍ ഇതിനു മാതൃകയാണ്.
‘ചക്ഷുശ്രവണഗളസ്ഥമായ ദര്‍ദുര’ത്തിന്റെ സ്വാഭാവികനിയമത്തെ ലംഘിച്ചുകൊണ്ട് വേട്ടക്കാരനെ വിഴുങ്ങുന്ന

Kathakal Santhosh Echikkanam
Kathakal Santhosh Echikkanam
ഇരയായി പാമ്പിനെ വിഴുങ്ങുന്ന തവളകള്‍ അപൂര്‍വമായെങ്കിലും നമ്മുടെ പ്രകൃതിദൃശ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പത്രങ്ങളിലെ പ്രാദേശികപേജുകളില്‍പ്പോലും കടന്നുവന്നിട്ടുണ്ട് അത്തരം അതിജീവനശ്രമങ്ങള്‍. അത്തരം വിചിത്ര ഭ്രംശസന്ദര്‍ഭങ്ങളിലൊന്നാണ് ‘ഉഭയജീവിത’ത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരയായ തവളയെ പിടികൂടാന്‍ നീര്‍ക്കോലി ശ്രമിക്കുന്നതിനിടയില്‍ ഇരുവരും പൊട്ടക്കിണറ്റില്‍ വീഴുന്നു. കരകയറാനാവാത്ത ആ പടുകുഴിയില്‍ തന്നെ വിഴുങ്ങാനടുക്കുന്ന ഉരഗത്തിന്റെ മുന്നില്‍ തവള ഞെട്ടിപ്പിക്കുന്ന ഒരു സാദ്ധ്യത വെളിപ്പെടുത്തുന്നു. ”എന്നെ തിന്നുകഴിഞ്ഞാല്‍ പിന്നെ മരണംവരെ എന്തൊരേകാന്തതയായിരിക്കും നീ അനുഭവിക്കുക.” ഇര തേടാന്‍ മറ്റൊന്നുമില്ലാത്ത ആ പടുകിണറ്റില്‍ നീര്‍ക്കോലി അതിജീവനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഭയത്തില്‍ ചെന്നു വീണ് തവളയുമായി സമരസപ്പെട്ട് സഹജീവിതത്തിലേക്കു നീങ്ങുന്നു. കിണര്‍ എന്ന ഏകാന്തലോകത്തിന്റെ ആള്‍ക്കണ്ണാടിയില്‍ ബാഹ്യലോകം ചലച്ചിത്രത്തിലെന്നവണ്ണം പ്രതിബിംബിക്കാന്‍ തുടങ്ങുന്നു. സമീപത്തെവിടെയോ ഉള്ള മനുഷ്യജീവിതത്തിന്റെ ലക്ഷണങ്ങള്‍ ശബ്ദങ്ങളായി വരുന്നു. ഒരു ദിവസം ഏതോ വഞ്ചനയുടെ പ്രതീകമായി ഒരു പെണ്‍ശവം കിണറ്റില്‍ വന്നു വീഴുന്നു. ശവമെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ തേടിവന്ന പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കു തവളയുടെയും നീര്‍ക്കോലിയുടെയും കൂട്ടുജീവിതം വാര്‍ത്താചിത്രം
പോലുമാവുന്നു. മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ആ കിണറ്റില്‍ നീര്‍ക്കോലിയുടെ കണ്ണുകളില്‍ തന്റെ മരണപത്രം തയ്യാറാക്കി വച്ചിരിക്കുകയാണെന്ന് തവളയ്ക്കറിയാം. അതിജീവനത്തിനുവേണ്ടിയുള്ള, മരണത്തെ ജയിക്കാന്‍വേണ്ടിയുള്ള അടക്കാനാവാത്ത സഹജവാസനയില്‍ ആ തവള ‘പ്രകൃതിയുടെ അലംഘനീയതയ്ക്കും ജൈവനീതിക്കും അപ്പുറത്തുള്ള ജന്മത്തിന്റെ അസഹനീയമായ പ്രാണവേദനയില്‍ ‘ നീര്‍ക്കോലിയെ വിഴുങ്ങാന്‍ തുടങ്ങി. ആ നിയമലംഘനത്തെ ഇതിവൃത്തമാക്കിക്കൊണ്ട് സന്തോഷ്, മലയാളകഥയിലെ സമീപസ്ഥപാരമ്പര്യത്തെ ലംഘിക്കുന്നു.
ആധുനികതയ്ക്കു സഹജമായിരുന്ന ദാര്‍ശനികോത്കണ്ഠയെ മാറ്റിയെഴുതുകയാണ് ‘ഉഭയജീവിത’ത്തില്‍ സന്തോഷ്. ആധുനികതയ്ക്കുള്ള ഈ ശ്രദ്ധാഞ്ജലി സാഹിത്യഭാവനയിലെയും ഭാവുകത്വത്തിലെയും ഉത്തരാധുനികമായ പിളര്‍പ്പിന്റെ അടയാളമായിരുന്നു.’ജീവിതത്തിനുമേല്‍ കെട്ടിയേല്പിച്ചിരിക്കുന്ന ആ ദര്‍ശനങ്ങള്‍ ശൂന്യമായ കുറെ വാക്കുകളുടെ മുഴക്കം മാത്രമാണ്’ ചരിത്രമെന്ന് കിണറ്റിലെ കിടപ്പ് തവളയെ ബോദ്ധ്യപ്പെടുത്തിയതായി ആഖ്യാതാവ് എഴുതുന്നു. ആ വ്യത്യസ്ത ധര്‍മ്മബോധമാണ് പിന്നീട് തവളയെ നിയമലംഘനത്തിനു പ്രേരിപ്പിച്ച് നീര്‍ക്കോലിയെ വിഴുങ്ങിക്കുന്നത്. ആധുനികതയുടെ മരണാഭിമുഖ്യം നിറഞ്ഞ ദര്‍ശനത്തില്‍നിന്നുള്ള ഈ വിരുദ്ധതയാണ് ഉത്തരാധുനികതയുടെ അടയാളം. ‘പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങളി’ല്‍നിന്ന് ‘ഉഭയജീവിതം’ വ്യത്യസ്തമാകുന്നതും ഇതുകൊണ്ടാണ്. അസ്തിത്വഭയത്താല്‍ ഉഴറിയ ആധുനികതയുടെ മനുഷ്യസങ്കല്പമാണ് സക്കറിയയുടെ കഥയിലുണ്ടായിരുന്നത്. എന്നാല്‍ ‘ഉഭയജീവിത’ത്തിലെ തവള വ്യത്യസ്തനാണ്. മരണത്തിനു കീഴടങ്ങുന്ന, വിധിക്കുമുന്നില്‍ വിധേയനായി നില്ക്കുന്ന ബലിത്തവളയല്ല അത്. കിണര്‍ എന്ന ഭയലോകത്തെ തന്റെ പ്രവൃത്തിയിലൂടെ അതു തിരുത്തുന്നു. പൊതുനീതിയുടെ ഈ പുനരെഴുത്ത്, അപനിര്‍മ്മാണം ഉത്തരാധുനികരചനയുടെ സ്വഭാവമാണ്.
പീഡിതമായ മനുഷ്യജീവിതത്തെക്കുറിച്ചുള്ള രൂപകമായി മാറുന്നു പലപ്പോഴും സന്തോഷിന്റെ കഥകളില്‍ മനുഷ്യശരീരം. ‘വാര്‍ത്താശരീരം’ എന്ന കഥ മാധ്യമവിനോദസംസ്‌കാരത്തിന്റെ ഇരയായിത്തീര്‍ന്ന ശരീരത്തിന്റെ വര്‍ത്തമാനകാലം ആഖ്യാനം ചെയ്യുന്നു. തങ്ങളുടെ ഓലപ്പുരയില്‍നിന്ന് സമ്പന്നഗൃഹത്തിലേക്ക് ടി.വി.യില്‍ സുരേഷ്‌ഗോപി അഭിനയിക്കുന്ന ‘കമ്മീഷണര്‍ ‘ സിനിമ കാണാന്‍ പോകുന്ന പാട്ടിയമ്മയുടെ കുടുംബമാണ് കഥയിലുള്ളത്. പനിപിടിച്ചുകിടക്കുന്ന കുഞ്ഞിനെപ്പോലും മറന്ന് ടി.വി.യുടെ മായികഭ്രമത്തിലേക്ക് അവര്‍ പായുന്നു. രാത്രി വളരെ വൈകി സിനിമ തീര്‍ന്ന് സ്വന്തം കുടിലിലേക്ക് അവര്‍ മടങ്ങിയെത്തുമ്പോഴേക്കും ചോറ് നായ തിന്നിരുന്നു. കുട്ടിയുടെ ശരീരം പനികൊണ്ട് അടുപ്പുപോലെ പൊള്ളുന്നുണ്ടായിരുന്നു. ഈ ദൈന്യത്തിനിടയില്‍ വൃദ്ധയായ പാട്ടിയമ്മ തന്റെ പതിവുശീലത്തിലൂടെ വീണ്ടും ഒരു റേഡിയോ പരിപാടിയിലേക്കു വീഴുന്നു. വാര്‍ത്തകളും പരസ്യവും വില്പനയും കൂടിക്കുഴയുന്ന, ദൃശ്യമാധ്യമങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമകാലീന സമൂഹത്തിന്റെ ദൃശ്യമാണ് പനിപിടിച്ച ഒരു ശിശുശരീരത്തിലൂടെ നാം വായിക്കുന്നത്. സന്തോഷ് ‘മൂന്നാമത്തെ കൈ’യില്‍ എഴുതുന്നതുപോലെ, ജീവിതത്തിന്റെ ആഴങ്ങൡ ചുരണ്ടിമാറ്റാന്‍ വയ്യാതെ ചോരപോലെ കട്ടപിടിച്ചുനില്ക്കുന്ന സത്യങ്ങളായ പനിയും വിശപ്പും ഒരുവശത്തും ടി.വി.യുടെയും സിനിമയുടെയും ഉപഭോഗക്രമം മറുവശത്തുമായി ശരീരത്തെ ആക്രമിക്കുന്നു. ഉത്തരാധുനികാവസ്ഥയിലെ മൂന്നാംലോകശരീരത്തെക്കുറിച്ചുള്ള ഈ കാഴ്ച സന്തോഷിന്റെ ‘വാര്‍ത്താശരീര’ത്തിന് ദൃഢപേശികള്‍ നല്കുന്നു.

Komala
Komala
‘അഭിനയമുഹൂര്‍ത്തങ്ങളില്‍ ‘ സന്തോഷ് എം. മുകുന്ദന്റെ ‘ദല്‍ഹി 1981′ എന്ന പ്രശസ്ത കഥയുടെ പൊളിച്ചെഴുത്തു നടത്തുമ്പോഴും ഇതു കാണാം. ടെലിവിഷനിലെ ആളുകളെ പറ്റിക്കുന്ന ‘തരികിട’ പരിപാടികളുടെ ചിത്രീകരണമാണെന്നു ധരിച്ച് രജീന്ദ്രര്‍ പാണ്ഡെയും കിഷോര്‍ലാലും മനോജ് എന്ന പുതിയ കഥാപാത്രവും ഒരു ബലാത്സംഗത്തിനു സാക്ഷിയാവുകയാണ് ഈ കഥയില്‍ . മുകുന്ദന്റെ കഥയിലുണ്ടായിരുന്ന സരളമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യാഖ്യാനം ഇവിടെ സങ്കീര്‍ണമാവുന്നു. ഉപഭോഗത്തിന്റെ ദൃശ്യസംസ്‌കാരവും മാധ്യമവും ആള്‍ക്കൂട്ടത്തിന്റെ ഉത്സാഹവും എല്ലാം ചേര്‍ന്ന് പരിഹാസദ്യോതകമായിത്തീര്‍ന്ന നീതിയെ ‘ഒരു മുടന്തന്‍ നടത്തമാക്കുക’യാണ് സന്തോഷിന്റെ കഥയില്‍ .
സന്തോഷിന്റെ കഥകളുടെ മറ്റൊരറ്റമാണ് ‘കൊമാല.’ സമീപഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും കേരളീയജീവിതത്തിലെ ദുരന്തങ്ങളിലേക്കു തുറന്നുപിടിച്ച ഈ കഥയും അതിജീവനത്തിന്റെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. അതിജീവനത്തെയും ജീവിതാശയെയും കുറിച്ചുള്ള ചിത്രങ്ങള്‍ തരുന്ന ‘കൊമാല’ യഥാര്‍ഥത്തില്‍ ആ വിഷയങ്ങളെ പ്രശ്‌നവത്കരിക്കുകയും സന്ദിഗ്ദ്ധതയിലേക്ക് എറിയുകയും ചെയ്യുന്നു. എഴുത്ത്, ആവിഷ്‌കരണം തുടങ്ങിയവയെക്കൂടി പ്രമേയത്തിന്റെ ഭാഗമാക്കുന്ന ‘കൊമാല’ കഥപറച്ചിലിന്റെ പൂര്‍വമാതൃകയില്ലാത്ത മാര്‍ഗങ്ങളിലൂടെ ഉത്തരാധുനിക ചെറുകഥ ആര്‍ജിച്ച ഉയരം വെളിവാക്കുന്നു. ആധുനിക ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ സ്വഭാവംതന്നെ മാറ്റിമറിച്ച മെക്‌സിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റൂള്‍ഫോയുടെ ‘പെദ്രോ പാരമോ’ എന്ന നോവലിനെ സാക്ഷിയാക്കി കേരളത്തിലെ സമീപകാല ആത്മഹത്യാപ്രവണതയിലേക്കു നീങ്ങുന്ന ‘കൊമാല’ ജീവിതം ദൈവാനുഗ്രഹവും ആത്മഹത്യ പാപവുമാണെന്ന വിശ്വാസം പ്രഖ്യാപിക്കാന്‍വേണ്ടി എഴുതപ്പെട്ട കഥയല്ല. ഉപഭോഗാസക്തികളും സ്ത്രീധനവും വഞ്ചനയും കച്ചവടത്തകര്‍ച്ചയുമൊക്കെകൊണ്ടു കടംകയറി കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുന്നവരും കൃഷി തകര്‍ന്നും ബാങ്കുവായ്പ തീര്‍ക്കാനും കൊള്ളപലിശയ്ക്കുവാങ്ങിയ കടംവീട്ടാനും കഴിയാതെ സ്വയം ബലിനല്കുന്ന കര്‍ഷകരും പരിചിത ദൃശ്യങ്ങളുമായിത്തീരുകയും ആ ദുരന്തങ്ങളെ പുറമേനിന്നുമാത്രം നോക്കി ക്ഷണികങ്ങളായ വാര്‍ത്തകളും ചര്‍ച്ചകളുമാക്കി ആഘോഷിക്കുന്ന മാധ്യമ സംസ്‌കാരം രൂപപ്പെടുകയും ചെയ്ത കേരളത്തെ മനഃപൂര്‍വം സ്വീകരിച്ച നിര്‍വികാരതയോടെ ഒരു ടെലിവിഷന്‍ ചര്‍ച്ചയുടെ ആഖ്യാനപ്രകാരത്തിലേക്കു വിവര്‍ത്തനം ചെയ്യുകയാണ് കഥാകൃത്ത്.
വായ്പ മുടങ്ങി ബാങ്കിന്റെ ജപ്തിഭീഷണി നേരിടുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തിനു കൂട്ട ആത്മഹത്യ ചെയ്യുമെന്ന് വീട്ടിനു മുന്നില്‍ ബോര്‍ഡെഴുതിവച്ച കുണ്ടൂര്‍ വിശ്വനെ ചുറ്റിപ്പറ്റിയാണ് കഥയിലെ ടെലിവിഷന്‍ വാര്‍ത്ത വികസിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥന്‍ ‘പെദ്രോ പാരമോ’യിലെ മരിച്ചവരുടെ ഗ്രാമമായ കൊമാലയെപ്പറ്റി പരാമര്‍ശിക്കുന്നു. സന്തോഷിന്റെ കൊമാല തരിശല്ല. എന്നാല്‍ അനുനിമിഷം നാമാകെ കൊമാലയിലേക്കു നീങ്ങിച്ചെന്നുകൊണ്ടിരിക്കുകയാണെന്ന് കഥയിലെ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ബൈക്കപകടം കണ്ടിട്ടും ഉദാസീനരായി ഇരിക്കുന്ന മനുഷ്യരെപ്പറ്റി വിശ്വന്‍ സ്വയം ചോദിക്കുന്നു: ”മരണത്തിന്റെ പുഴു അവരുടെ ഉള്ളിലെ ഇലകള്‍ മുഴുവന്‍ തിന്നുതീര്‍ത്തിരിക്കുമോ?” കുണ്ടൂര്‍ വിശ്വന്‍ എന്ന പേരില്‍ത്തന്നെ സന്തോഷിന്റെ ലോകദര്‍ശനമുണ്ട്. കുണ്ടും വിശ്വവും. ‘ഉഭയജീവിത’ത്തില്‍ പറയുന്നതുപോലെ ‘ഇതൊരു കുഴിയാണ്, നാം പെട്ടുപോയ കുഴി.’ ആ കുഴിയില്‍ അകപ്പെട്ടു കിടക്കുന്ന വിശ്വമാണ് കൊമാല. റൂള്‍ഫോയുടെ നോവലിലേതുപോലെ അതൊരു ഭൂപ്രകൃതിയല്ല, നമുക്കുള്ളില്‍ നാംതന്നെ ചുമക്കുന്ന നരകമാണ്. നാംതന്നെ സൃഷ്ടിച്ച നരകം. റൂള്‍ഫോയെ അങ്ങനെയാണ് സന്തോഷ് മാറ്റിയെഴുതുന്നത്.
‘ഉച്ച-ഒരാള്‍ക്കണ്ണാടി’ എന്ന കഥ അവസാനിപ്പിച്ചുകൊണ്ട് സന്തോഷ് ഇങ്ങനെയെഴുതുന്നു: ”ജീവിതനേട്ടങ്ങളിലും നഷ്ടങ്ങളിലും ഒരേ പ്രതിബിംബം കാണിക്കുന്ന ഈ കണ്ണാടിക്കരികിലൂടെ എനിക്കിത്തിരി ദൂരംകൂടി നടക്കാനുണ്ട്. ഇത്തരം ആള്‍ക്കണ്ണാടികളാണല്ലോ ഓരോ മരണത്തില്‍നിന്നും മനുഷ്യരെ വിളിച്ചുണര്‍ത്തിക്കൊണ്ടിരിക്കുന്നത്.” കഥ അത്തരമൊരു കണ്ണാടിയാണ് സന്തോഷിന്. എന്നാല്‍ അതു റിയലിസത്തിലെ കണ്ണാടിയല്ല. ജീവിതത്തെയും യാഥാര്‍ഥ്യത്തെയും വക്രീകരിക്കുകയും വിലക്ഷണീകരിക്കുകയും ചെയ്ത് എഴുത്തിനെ ഭാഷയിലെ അതിജീവനമാക്കി മാറ്റുന്ന കണ്ണാടിയാണ്. അത് മാറ്റിയെഴുത്തും പുനരെഴുത്തുമാണ്. ഒരു നുറുങ്ങില്‍പ്പോലും ജീവിതത്തെയും മരണത്തെയും അയഥാര്‍ഥങ്ങളിലേക്കും നാട്യങ്ങളിലേക്കും വെട്ടിച്ചുരുക്കാത്ത ആഖ്യാനത്തിന്റെ ഈ ആള്‍ക്കണ്ണാടി സമകാലിക ചെറുകഥയെ ജീവിതത്തിലേക്കും ജീവനിലേക്കും വിളിച്ചുണര്‍ത്തുന്നു.

അവരുടെ ജ്വലിക്കുന്ന ഓര്‍മ എന്നും നമുക്കാവേശം

അവരുടെ ജ്വലിക്കുന്ന ഓര്‍മ എന്നും നമുക്കാവേശം

മഹാന്മാരായ കമ്യൂണിസ്റ്റ് വിപ്ലവനായകരായ ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനം യഥാക്രമം മാര്‍ച്ച് 19ഉം 22ഉം ആണല്ലോ. ഇ എം എസ് 1909 ജൂണ്‍ 13ന് ജനിച്ചു. 1998 മാര്‍ച്ച് 19ന് അന്തരിച്ചു. എ കെ ജി 1904 ഒക്ടോബര്‍ ഒന്നിന് ജനിച്ചു. 1977 മാര്‍ച്ച് 22ന്അന്തരിച്ചു. ചരമദിനങ്ങളില്‍ മാത്രമല്ല പല സന്ദര്‍ഭങ്ങളിലും അവരെ നമുക്കോര്‍ക്കേണ്ടിവരും. ഇ എം എസ് ഇ ന്നും ജീവിച്ചിരുന്നെങ്കില്‍ , എ കെ ജി ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്ന അവസരം ധാരാളമുണ്ടായിട്ടുണ്ട്. പാര്‍ടിക്കെതിരെ വര്‍ഗശത്രുക്കള്‍ നുണപ്രചാരണം അഴിച്ചുവിടുമ്പോള്‍ ഇ എം എസ് ഉരുളക്കുപ്പേരിയെന്ന നിലയില്‍ നല്‍കുമായിരുന്ന മറുപടി നമ്മള്‍ ഓര്‍മിക്കും. സമരമുഖങ്ങളില്‍ എ കെ ജിയുടെ സാന്നിധ്യവും നേതൃത്വവും ഇടപെടലും ഓരോ സഖാവിന്റെയും ഓര്‍മയില്‍ വരും. ഇ എം എസ് അന്തരിച്ച് 14 വര്‍ഷം കടന്നുപോയി. എ കെ ജി അന്തരിച്ച് 35 വര്‍ഷം കഴിഞ്ഞു.

ഇ എം എസ് എഴുതിയ ലേഖനങ്ങളും ലഘുലേഖകളും ഗ്രന്ഥങ്ങളും സമാഹരിച്ച ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികള്‍ എന്ന നിലയില്‍ 100 സഞ്ചിക എ കെ ജി പഠനഗ വേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചിന്ത പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇ എം എസിന്റെ ബൗദ്ധികമായ ഇടപെടല്‍ മനസ്സിലാക്കാന്‍ ഈ കൃതികള്‍ നമുക്ക് വെളിച്ചം നല്‍കുന്നു. ഒരാളുടെ ആയുഷ്ക്കാലം മുഴുവന്‍ ശ്രമിച്ചാലും ഈ 100 ഗ്രന്ഥങ്ങള്‍ കമ്പോട്കമ്പ് ഒരു തവണ വായിച്ചു പഠിക്കാന്‍ പ്രയാസമാണ്. സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനത്തിലൂടെയാണ് ഇ എം എസ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 1927ല്‍ 18-ാമത്തെ വയസ്സില്‍ മദിരാശിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. 1932 ജനുവരി നാലിന് തൃശൂര്‍ സെന്റ് തോമസ് കോളേജിലെ പഠിത്തം അവസാനിപ്പിച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തീവണ്ടി കയറി. നിയമം ലംഘിച്ച് ജയലിലടയ്ക്കപ്പെട്ടു. ജയിലില്‍ കഴിയുമ്പോഴാണ് കമ്യൂണിസ്റ്റാശയഗതിയിലേക്ക് മാറിയത്. പി കൃഷ്ണപിള്ളയുമായും പി സുന്ദരയ്യയുമായും പരിചയപ്പെട്ടു.

1934ല്‍ പാറ്റ്നയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനത്തില്‍ സഖാവ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. കേരളത്തില്‍ തിരിച്ചുവന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്ക് മുഖപത്രം ആരംഭിച്ചു. സഖാവ് പണം നല്‍കിയാണ് പ്രസ് വാങ്ങിയത്. ഷൊര്‍ണൂരില്‍ നിന്ന് പ്രഭാതം ആരംഭിച്ചു. 1935ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടു. ഇ എം എസ് തന്നെ എഴുതുന്നു: "കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയുന്നതിനു മുമ്പ് അന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി മെമ്പറായ സുന്ദരയ്യയുമായി ഞാന്‍ ബന്ധപ്പെട്ടു. അതിനെ തുടര്‍ന്ന് കൃഷ്ണപിള്ളയും ഞാനും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വം സ്വീകരിച്ചു. 1937 ജൂലൈയിലോ മറ്റോ എന്‍ സി ശേഖര്‍ , കെ ദാമോദരന്‍ , കൃഷ്ണപിള്ള, ഞാന്‍ എന്നിവരടങ്ങുന്ന ഒരു നിയമവിരുദ്ധ കമ്യൂണിസ്റ്റ് കേരളക്കമ്മിറ്റി സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ ഘാട്ടെയുടെ സാന്നിദ്ധ്യത്തില്‍ രൂപപ്പെട്ടു". 1939ല്‍ പിണറായിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കാരെല്ലാം കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറി. 1942ല്‍ ദേശാഭിമാനി വാരികയായും 1946ല്‍ ദിനപത്രമായും പ്രസിദ്ധീകരിക്കപ്പെട്ടു. ഇ എം എസ് ഒളിവില്‍ കഴിയുമ്പോള്‍ സഖാവിന്റെ സ്വത്ത് കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആ ഘട്ടത്തിലാണ് തനിക്ക് ഭാഗിച്ചു കിട്ടിയ സ്വത്ത് പൂര്‍ണമായും ദേശാഭിമാനിക്കും പാര്‍ടിക്കും നല്‍കിയത്. അവസാനം എഴുതിയ ഒസ്യത്തില്‍ സഖാവെഴുതിയ പുസ്തകത്തിന്റെ റോയല്‍റ്റിവരെ പാര്‍ടിക്ക് നല്‍കാന്‍ തീരുമാനിച്ചു. 1957ലും 1967ലും കേരളത്തിലെ മുഖ്യമന്ത്രിയായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി. 1964ല്‍ നാഷണല്‍ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോന്ന 32 പേരില്‍ ഇ എം എസും എ കെ ജിയും ഉണ്ടായിരുന്നു എന്ന വിവരം കേരളത്തിലെ പാര്‍ടി അംഗങ്ങളെയും അനുഭാവികളെയും ആവേശഭരിതരാക്കി. 1998 മാര്‍ച്ച് 19ന് അന്തരിക്കുന്ന ദിവസം കാലത്ത് ദേശാഭിമാനിക്ക് തുടര്‍ ലേഖന പരമ്പരയിലെ അവസാന ഭാഗം നല്‍കിയതിനു ശേഷമാണ് രോഗം മൂര്‍ഛിച്ച് ആശുപത്രിയിലേക്കു പോകേണ്ടിവന്നത്. ആരംഭം മുതല്‍ അവസാനംവരെ ദേശാഭിമാനിയുടെ എല്ലാമായിരുന്നു ഇ എം എസ്. എ കെ ജി ജനനായകനായിരുന്നു. എ കെ ജിയുടെ ജീവിതത്തില്‍ ആദ്യകാലത്തെ പട്ടിണിജാഥയാണ് മലബാറിനെയാകെ ഇളക്കിമറിച്ചത്. മലബാറിന്റെ വടക്കെ അറ്റത്തു നിന്ന് തെക്കെ അറ്റംവരെയും അവിടെ നിന്ന് തമിഴ്നാട്ടിലൂടെ മദിരാശിവരെയും എ കെ ജിയുടെ നേതൃത്വത്തില്‍ യൂണിഫോം ധാരികളായ 40 വളണ്ടിയര്‍മാര്‍ 800 കിലോമീറ്റര്‍ ദൂരം പട്ടിണിജാഥ നടത്തി. തൊഴിലാളി സംഘടനകളെയും കര്‍ഷകസംഘത്തെയും വളര്‍ത്തുന്നതില്‍ ഈ ജാഥ പ്രധാന പങ്കാണ് വഹിച്ചത്. അതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരായി മാറിയ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായിരുന്നു. ജാഥയുടെ വിജയകരമായ പരിസമാപ്തി ട്രേഡ്യൂണിയന്‍ കിസാന്‍ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു. എ കെ ജിയ്ക്ക് പലതവണ ജയിലില്‍ കഴിയേണ്ടിവന്നു. അയിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമായി നടത്തിയ ഗുരുവായൂര്‍ സത്യഗ്രഹം സഖാവിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലാണ്. കെ കേളപ്പന്‍ , എ കെ ജി, പി കൃഷ്ണപിള്ള, വിഷ്ണുഭാരതീയന്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു. സഖാവിന്റെ ജീവിതം ബഹുജനസമരങ്ങള്‍കൊണ്ട് നിറഞ്ഞതായിരുന്നു. പാര്‍ലമെന്റില്‍ പങ്കെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കും. സഭയ്ക്കു പുറത്തു വന്നാല്‍ ബഹുജനപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. പഞ്ചാബില്‍ ബെറ്റര്‍മെന്റ് ലെവിക്കെതിരെ നടത്തിയ സമരം, അമരാവതി സമരം, ചുരുളി കീരിത്തോട് സമരം, മുടവന്‍മുകള്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന് മിച്ചഭൂമിയില്‍ പ്രവേശിച്ച് നടത്തിയ സമരം തുടങ്ങി നിരവധി സമരങ്ങള്‍ ജനജീവിതത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമായതാണ്. കുടികിടപ്പില്‍ സ്ഥിരാവകാശം ലഭിക്കുന്നതിനായി നടത്തിയ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കുന്നതിനായി ആലപ്പുഴയില്‍ ചേര്‍ന്ന കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത് എ കെ ജിയായിരുന്നു. പാര്‍ലമെന്റ് യോഗം കഴിഞ്ഞാല്‍ കേരളത്തിലുടനീളം സഞ്ചരിച്ച് പാര്‍ലമെന്റിനകത്ത് നടത്തിയ പോരാട്ടം നാട്ടുകാര്‍ക്കിടയില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തും. ബഹുജന സമരനായകനായിരുന്നു എ കെ ജി. അടിയന്തരാവസ്ഥക്കാലത്ത് നാട്ടിലാകെ നടന്ന് അടിയന്തരാവസ്ഥയ്ക്കെതിരെ നിര്‍ഭയം പ്രചാരവേല അഴിച്ചുവിട്ടു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തവണ നാം സഖാക്കളുടെ ചരമദിനം ആചരിക്കുന്നത്.

ദേശീയ രാഷ്ട്രീയം വളരെ സങ്കീര്‍ണമാണ്. രണ്ടാം യുപിഎ സര്‍ക്കാര്‍ അതിവേഗം ജനങ്ങളില്‍ നിന്നൊറ്റപ്പെടുകയാണ്. അഴിമതിയും ജനവിരുദ്ധ നടപടികളുമാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്ര. അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ കൊച്ചു സംസ്ഥാനമായ മണിപ്പൂരില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ച് സ്വന്തമായ സ്വാധീനത്തില്‍ അധികാരത്തില്‍ വന്നത്. ഉത്തരാഖണ്ഡില്‍ നാലുപേരെ ചാക്കിട്ടു പിടിച്ചാണ് അധികാരത്തില്‍ വന്നത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചൊല്ലുന്ന ദിവസം തന്നെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പദവിക്കുള്ള കടിപിടിയാണ് തുടങ്ങിയത്. പഞ്ചാബില്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞില്ല. ഗോവയില്‍ ഭരണം നഷ്ടപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ 403 അസംബ്ലി സീറ്റുള്ള യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് 27 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അജിത്സിങ്ങിന്റെ പാര്‍ടി കൂടെയുണ്ടായിട്ടും രാഹുല്‍ഗാന്ധിയും പ്രിയങ്കയും യുപിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും പരാജയത്തില്‍ നിന്ന് യാതൊരു പാഠവും പഠിക്കാന്‍ തയ്യാറായിട്ടില്ല. പെട്രോളിന്റെ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടാന്‍ തീരുമാനിച്ചു കഴിഞ്ഞു. റെയില്‍വേ കടത്ത്കൂലി 20 ശതമാനം വര്‍ധിപ്പിച്ചു. യാത്രാകൂലി 30 ശതമാനമാണ് വര്‍ധിപ്പിച്ചത്. പരാജയത്തിന്റെ മുഖ്യകാരണം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി തിരിച്ചറിഞ്ഞു. എന്നിട്ടും വീണ്ടും രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നാടിനെ വലിച്ചിഴക്കുന്ന നടപടിയാണ് സ്വീകരിച്ചത്.

മുതലാളിത്തത്തെ ബാധിച്ച ആഴമേറിയ സാമ്പത്തികക്കുഴപ്പത്തില്‍ നിന്നോ അതിനെതിരായ ബഹുജന സമരങ്ങളില്‍ നിന്നോ യാതൊരുപാഠവും ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറല്ല. മറുഭാഗത്തുള്ളത് വര്‍ഗീയ തീവ്രവാദശക്തിയായ ബിജെപിയാണ്. കോണ്‍ഗ്രസിന്റെ സാമ്പത്തികനയം തന്നെയാണ് ബിജെപിയും അംഗീകരിക്കുന്നത്. രണ്ടിനും എതിരായ ഒരു മൂന്നാംബദല്‍ ദേശീയ രാഷ്ട്രീയത്തില്‍ രൂപം പ്രാപിച്ചാല്‍ മാത്രമേ രാഷ്ട്രത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളു. അതിനുള്ള സാഹചര്യം വളര്‍ന്നുവരുന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്. അതിനാകട്ടെ ഇടതുപക്ഷ ശക്തികളില്‍ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എം ശക്തിപ്പെടണം. താല്‍ക്കാലികമായ തിരിച്ചടിയില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. ബഹുജന പിന്തുണയും സംഘടനാശേഷിയും വര്‍ധിപ്പിക്കണം. അതിനുതകുന്നതാണ് പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയവും പ്രത്യയശാസ്ത്ര രേഖയും. പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സഖാക്കള്‍ ഇ എം എസ്സിന്റെയും എ കെ ജിയുടെയും ജ്വലിക്കുന്ന ഓര്‍മ നമുക്ക് പ്രോത്സാഹനവും പ്രചോദനവും നല്‍കും.

*
വി വി ദക്ഷിണാമൂര്‍ത്തി ചിന്ത വാരിക