സന്തോഷ് ഏച്ചിക്കാനം: അതിജീവനത്തിന്റെ കഥാകാരന്‍

Santhosh Echikkanam
മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ഇടങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന ചോദ്യം ഭാവിയെ പ്രവചിക്കുന്ന ഒരു സാഹിത്യചരിത്രപ്രസ്താവമായാണ് ഒരു പതിറ്റാണ്ടിനുമുമ്പ് ഞാന്‍ വായിച്ചത്. ”ഇതൊരു കുഴിയാണ്. നാം പെട്ടുപോയ കുഴി. കയറുന്തോറും വലിച്ചു താഴെയിടുന്ന, മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ഒരിടം. ഇതിനെ എങ്ങനെ അതിജീവിക്കാം” എന്നായിരുന്നു ആ ചോദ്യത്തിന്റെ പൂര്‍ണരൂപം. ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ അവസാനമായിരുന്നു അത്. സന്തോഷ് ഏച്ചിക്കാനം ‘ഉഭയജീവിതം’ (1997) എന്ന കഥയില്‍ എഴുതിയ ആ വാക്യം മലയാള ചെറുകഥ മറ്റൊരു ഭാവുകത്വത്തിലേക്കു നീങ്ങുന്നതിന്റെ പ്രവേഗം വെളിപ്പെടുത്തുകയായിരുന്നു. നിലവിലുണ്ടായിരുന്ന കഥാഭാവുകത്വത്തിന്റെ നിശ്ചലജലത്തില്‍ ഉയരത്തില്‍നിന്നു വലിച്ചെറിഞ്ഞ കല്ലുപോലെ അതു വീണു.
പാരമ്പര്യത്തിന്റെ കിണറിലെ അസഹ്യമായ ഇരുട്ടില്‍നിന്ന് അനന്തദൂരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു ശരത്കാലത്തിലേക്കു സ്വയം വിമോചിപ്പിക്കാനും എഴുത്തിലൂടെ അതിജീവിക്കാനുമുള്ള യുവതലമുറയുടെ സാഹിത്യചരിത്രപരമായ ആ ഇച്ഛയാണ് മലയാളത്തിലെ ഉത്തരാധുനികഭാവുകത്വത്തെ രൂപപ്പെടുത്തിയത്. ജീവിതത്തിലെ അതിജീവനത്തെക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള ആ വേവലാതിയാണ് പിന്നീട് സന്തോഷിന്റെ കഥകളെ ഉത്തരാധുനികചെറുകഥയുടെ അടയാളവാക്യങ്ങളാക്കി മാറ്റിയത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ ആധുനികതാപാരമ്പര്യത്തിന്റെ കാന്തികമണ്ഡലത്തിനുപുറത്ത് രൂപപ്പെട്ടുവന്ന പുതിയ ചെറുകഥാഭാവുകത്വത്തിന്റെ ഉടലും ഉയിരുമാണ് സന്തോഷിന്റെ രചനകളില്‍ നാം വായിക്കുന്നത്.
അതിജീവിക്കലാണ് സന്തോഷ് ഏച്ചിക്കാനത്തിനും കഥപറച്ചില്‍ . വെറുതേയല്ലാത്ത കഥ പറയാന്‍ പുറപ്പെടുന്ന, കഥയില്‍ സംഗതി ചേര്‍ത്തു കഥിക്കുന്ന എല്ലാ കഥപറച്ചിലുകാരുടെയും വിധിയും ബാധ്യതയും. ഷെഹ്‌റസാദുമായുള്ള ജനനാന്തരസൗഹൃദം കഥയിലൂടെ ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡത്തെ, മരണത്തെ, ഭാഷയെ, ശരീരത്തെ, എഴുതപ്പെട്ട കഥകളെ, വ്യവസ്ഥാപിതമായ ആഖ്യാനരീതിയെ എല്ലാം അതിജീവിക്കാന്‍ സന്തോഷ് ശ്രമിക്കുന്നു. സന്തോഷിന്റെ ഒട്ടേറെ കഥകളില്‍ കടന്നുവരുന്ന അതിജീവനം എന്ന പ്രമേയം ഇരട്ടമുഖമുള്ളതാണ്. ഒരേസമയം അത് ജീവിതത്തിലെയും കലയിലെയും അതിജീവനങ്ങളെപ്പറ്റി സംസാരിക്കുന്നു. ”കൂട്ടിയാലും കിഴിച്ചാലും ഒരേ ഒരുത്തരം കിട്ടുന്ന കണക്കാണു ജീവിതം. അതു മരണമാണ്. മരണത്തെ ജയിക്കാന്‍ നടത്തുന്ന ശ്രമംതന്നെയായിരിക്കണം ഒരാള്‍ ജീവിച്ചു എന്നതിന്റെ അടയാളം” എന്ന് സന്തോഷ് എഴുതുന്നതില്‍ ഉള്ളത് ആ ഇരട്ടനാവാണ്. ‘ഉഭയജീവിതം’ മുതല്‍ ‘കൊമാല’ വരെയുള്ള കഥകളില്‍ അതിജീവനത്തിന്റെ ജീവിതത്തിലെയും ഭാഷയിലെയും ആഖ്യാനത്തിന്റെയും അനന്തമായ സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ തേടാനാണ് സന്തോഷ് ശ്രമിക്കുന്നത്. ഭിന്നങ്ങളായ കഥപറച്ചില്‍വഴികളുടെ പാരമ്പര്യഭാവമുള്ള ഒരു കഥാകൃത്തിന് അതിജീവിക്കണമെങ്കില്‍ ആ പാരമ്പര്യത്തിന്റെതന്നെ തിരസ്‌കരണവും മാറ്റിയെഴുത്തും പൊളിച്ചെഴുത്തും സംസ്‌കരണവും നിര്‍വഹിക്കേണ്ടിവരും. അത് വൈയക്തികമായ അതിജീവനമല്ല, സാഹിത്യചരിത്രപരമായ പ്രവര്‍ത്തനമാണ്. സമീപസ്ഥപാരമ്പര്യത്തിന്റെ ഭാഗമായ കഥകള്‍ പൊളിച്ചെഴുതാനോ മാറ്റിയെഴുതാനോ ഉള്ള ബോധപൂര്‍വമോ അബോധപൂര്‍വമോ ആയ ശ്രമം സന്തോഷിന്റെ കഥകളില്‍ കാണാം. ‘ഉഭയജീവിതം’, ‘അഭിനയമുഹൂര്‍ത്തങ്ങള്‍’ എന്നീ കഥകള്‍ ഇതിനു മാതൃകയാണ്.
‘ചക്ഷുശ്രവണഗളസ്ഥമായ ദര്‍ദുര’ത്തിന്റെ സ്വാഭാവികനിയമത്തെ ലംഘിച്ചുകൊണ്ട് വേട്ടക്കാരനെ വിഴുങ്ങുന്ന

- Kathakal Santhosh Echikkanam
ഇരയായി പാമ്പിനെ വിഴുങ്ങുന്ന തവളകള്‍ അപൂര്‍വമായെങ്കിലും നമ്മുടെ പ്രകൃതിദൃശ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പത്രങ്ങളിലെ പ്രാദേശികപേജുകളില്‍പ്പോലും കടന്നുവന്നിട്ടുണ്ട് അത്തരം അതിജീവനശ്രമങ്ങള്‍. അത്തരം വിചിത്ര ഭ്രംശസന്ദര്‍ഭങ്ങളിലൊന്നാണ് ‘ഉഭയജീവിത’ത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരയായ തവളയെ പിടികൂടാന്‍ നീര്‍ക്കോലി ശ്രമിക്കുന്നതിനിടയില്‍ ഇരുവരും പൊട്ടക്കിണറ്റില്‍ വീഴുന്നു. കരകയറാനാവാത്ത ആ പടുകുഴിയില്‍ തന്നെ വിഴുങ്ങാനടുക്കുന്ന ഉരഗത്തിന്റെ മുന്നില്‍ തവള ഞെട്ടിപ്പിക്കുന്ന ഒരു സാദ്ധ്യത വെളിപ്പെടുത്തുന്നു. ”എന്നെ തിന്നുകഴിഞ്ഞാല്‍ പിന്നെ മരണംവരെ എന്തൊരേകാന്തതയായിരിക്കും നീ അനുഭവിക്കുക.” ഇര തേടാന്‍ മറ്റൊന്നുമില്ലാത്ത ആ പടുകിണറ്റില്‍ നീര്‍ക്കോലി അതിജീവനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഭയത്തില്‍ ചെന്നു വീണ് തവളയുമായി സമരസപ്പെട്ട് സഹജീവിതത്തിലേക്കു നീങ്ങുന്നു. കിണര്‍ എന്ന ഏകാന്തലോകത്തിന്റെ ആള്‍ക്കണ്ണാടിയില്‍ ബാഹ്യലോകം ചലച്ചിത്രത്തിലെന്നവണ്ണം പ്രതിബിംബിക്കാന്‍ തുടങ്ങുന്നു. സമീപത്തെവിടെയോ ഉള്ള മനുഷ്യജീവിതത്തിന്റെ ലക്ഷണങ്ങള്‍ ശബ്ദങ്ങളായി വരുന്നു. ഒരു ദിവസം ഏതോ വഞ്ചനയുടെ പ്രതീകമായി ഒരു പെണ്‍ശവം കിണറ്റില്‍ വന്നു വീഴുന്നു. ശവമെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ തേടിവന്ന പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കു തവളയുടെയും നീര്‍ക്കോലിയുടെയും കൂട്ടുജീവിതം വാര്‍ത്താചിത്രം
പോലുമാവുന്നു. മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ആ കിണറ്റില്‍ നീര്‍ക്കോലിയുടെ കണ്ണുകളില്‍ തന്റെ മരണപത്രം തയ്യാറാക്കി വച്ചിരിക്കുകയാണെന്ന് തവളയ്ക്കറിയാം. അതിജീവനത്തിനുവേണ്ടിയുള്ള, മരണത്തെ ജയിക്കാന്‍വേണ്ടിയുള്ള അടക്കാനാവാത്ത സഹജവാസനയില്‍ ആ തവള ‘പ്രകൃതിയുടെ അലംഘനീയതയ്ക്കും ജൈവനീതിക്കും അപ്പുറത്തുള്ള ജന്മത്തിന്റെ അസഹനീയമായ പ്രാണവേദനയില്‍ ‘ നീര്‍ക്കോലിയെ വിഴുങ്ങാന്‍ തുടങ്ങി. ആ നിയമലംഘനത്തെ ഇതിവൃത്തമാക്കിക്കൊണ്ട് സന്തോഷ്, മലയാളകഥയിലെ സമീപസ്ഥപാരമ്പര്യത്തെ ലംഘിക്കുന്നു.
പോലുമാവുന്നു. മരിച്ചവന്റെ കണ്ണുപോലെ ഏകാന്തമായ ആ കിണറ്റില്‍ നീര്‍ക്കോലിയുടെ കണ്ണുകളില്‍ തന്റെ മരണപത്രം തയ്യാറാക്കി വച്ചിരിക്കുകയാണെന്ന് തവളയ്ക്കറിയാം. അതിജീവനത്തിനുവേണ്ടിയുള്ള, മരണത്തെ ജയിക്കാന്‍വേണ്ടിയുള്ള അടക്കാനാവാത്ത സഹജവാസനയില്‍ ആ തവള ‘പ്രകൃതിയുടെ അലംഘനീയതയ്ക്കും ജൈവനീതിക്കും അപ്പുറത്തുള്ള ജന്മത്തിന്റെ അസഹനീയമായ പ്രാണവേദനയില്‍ ‘ നീര്‍ക്കോലിയെ വിഴുങ്ങാന്‍ തുടങ്ങി. ആ നിയമലംഘനത്തെ ഇതിവൃത്തമാക്കിക്കൊണ്ട് സന്തോഷ്, മലയാളകഥയിലെ സമീപസ്ഥപാരമ്പര്യത്തെ ലംഘിക്കുന്നു.
ആധുനികതയ്ക്കു സഹജമായിരുന്ന ദാര്‍ശനികോത്കണ്ഠയെ മാറ്റിയെഴുതുകയാണ് ‘ഉഭയജീവിത’ത്തില്‍ സന്തോഷ്. ആധുനികതയ്ക്കുള്ള ഈ ശ്രദ്ധാഞ്ജലി സാഹിത്യഭാവനയിലെയും ഭാവുകത്വത്തിലെയും ഉത്തരാധുനികമായ പിളര്‍പ്പിന്റെ അടയാളമായിരുന്നു.’ജീവിതത്തിനുമേല്‍ കെട്ടിയേല്പിച്ചിരിക്കുന്ന ആ ദര്‍ശനങ്ങള്‍ ശൂന്യമായ കുറെ വാക്കുകളുടെ മുഴക്കം മാത്രമാണ്’ ചരിത്രമെന്ന് കിണറ്റിലെ കിടപ്പ് തവളയെ ബോദ്ധ്യപ്പെടുത്തിയതായി ആഖ്യാതാവ് എഴുതുന്നു. ആ വ്യത്യസ്ത ധര്‍മ്മബോധമാണ് പിന്നീട് തവളയെ നിയമലംഘനത്തിനു പ്രേരിപ്പിച്ച് നീര്‍ക്കോലിയെ വിഴുങ്ങിക്കുന്നത്. ആധുനികതയുടെ മരണാഭിമുഖ്യം നിറഞ്ഞ ദര്‍ശനത്തില്‍നിന്നുള്ള ഈ വിരുദ്ധതയാണ് ഉത്തരാധുനികതയുടെ അടയാളം. ‘പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങളി’ല്‍നിന്ന് ‘ഉഭയജീവിതം’ വ്യത്യസ്തമാകുന്നതും ഇതുകൊണ്ടാണ്. അസ്തിത്വഭയത്താല്‍ ഉഴറിയ ആധുനികതയുടെ മനുഷ്യസങ്കല്പമാണ് സക്കറിയയുടെ കഥയിലുണ്ടായിരുന്നത്. എന്നാല്‍ ‘ഉഭയജീവിത’ത്തിലെ തവള വ്യത്യസ്തനാണ്. മരണത്തിനു കീഴടങ്ങുന്ന, വിധിക്കുമുന്നില്‍ വിധേയനായി നില്ക്കുന്ന ബലിത്തവളയല്ല അത്. കിണര്‍ എന്ന ഭയലോകത്തെ തന്റെ പ്രവൃത്തിയിലൂടെ അതു തിരുത്തുന്നു. പൊതുനീതിയുടെ ഈ പുനരെഴുത്ത്, അപനിര്‍മ്മാണം ഉത്തരാധുനികരചനയുടെ സ്വഭാവമാണ്.
പീഡിതമായ മനുഷ്യജീവിതത്തെക്കുറിച്ചുള്ള രൂപകമായി മാറുന്നു പലപ്പോഴും സന്തോഷിന്റെ കഥകളില്‍ മനുഷ്യശരീരം. ‘വാര്‍ത്താശരീരം’ എന്ന കഥ മാധ്യമവിനോദസംസ്‌കാരത്തിന്റെ ഇരയായിത്തീര്‍ന്ന ശരീരത്തിന്റെ വര്‍ത്തമാനകാലം ആഖ്യാനം ചെയ്യുന്നു. തങ്ങളുടെ ഓലപ്പുരയില്‍നിന്ന് സമ്പന്നഗൃഹത്തിലേക്ക് ടി.വി.യില്‍ സുരേഷ്‌ഗോപി അഭിനയിക്കുന്ന ‘കമ്മീഷണര്‍ ‘ സിനിമ കാണാന്‍ പോകുന്ന പാട്ടിയമ്മയുടെ കുടുംബമാണ് കഥയിലുള്ളത്. പനിപിടിച്ചുകിടക്കുന്ന കുഞ്ഞിനെപ്പോലും മറന്ന് ടി.വി.യുടെ മായികഭ്രമത്തിലേക്ക് അവര്‍ പായുന്നു. രാത്രി വളരെ വൈകി സിനിമ തീര്‍ന്ന് സ്വന്തം കുടിലിലേക്ക് അവര്‍ മടങ്ങിയെത്തുമ്പോഴേക്കും ചോറ് നായ തിന്നിരുന്നു. കുട്ടിയുടെ ശരീരം പനികൊണ്ട് അടുപ്പുപോലെ പൊള്ളുന്നുണ്ടായിരുന്നു. ഈ ദൈന്യത്തിനിടയില്‍ വൃദ്ധയായ പാട്ടിയമ്മ തന്റെ പതിവുശീലത്തിലൂടെ വീണ്ടും ഒരു റേഡിയോ പരിപാടിയിലേക്കു വീഴുന്നു. വാര്‍ത്തകളും പരസ്യവും വില്പനയും കൂടിക്കുഴയുന്ന, ദൃശ്യമാധ്യമങ്ങള്‍ ആധിപത്യം ചെലുത്തുന്ന സമകാലീന സമൂഹത്തിന്റെ ദൃശ്യമാണ് പനിപിടിച്ച ഒരു ശിശുശരീരത്തിലൂടെ നാം വായിക്കുന്നത്. സന്തോഷ് ‘മൂന്നാമത്തെ കൈ’യില്‍ എഴുതുന്നതുപോലെ, ജീവിതത്തിന്റെ ആഴങ്ങൡ ചുരണ്ടിമാറ്റാന്‍ വയ്യാതെ ചോരപോലെ കട്ടപിടിച്ചുനില്ക്കുന്ന സത്യങ്ങളായ പനിയും വിശപ്പും ഒരുവശത്തും ടി.വി.യുടെയും സിനിമയുടെയും ഉപഭോഗക്രമം മറുവശത്തുമായി ശരീരത്തെ ആക്രമിക്കുന്നു. ഉത്തരാധുനികാവസ്ഥയിലെ മൂന്നാംലോകശരീരത്തെക്കുറിച്ചുള്ള ഈ കാഴ്ച സന്തോഷിന്റെ ‘വാര്‍ത്താശരീര’ത്തിന് ദൃഢപേശികള്‍ നല്കുന്നു.

- Komala
‘അഭിനയമുഹൂര്‍ത്തങ്ങളില്‍ ‘ സന്തോഷ് എം. മുകുന്ദന്റെ ‘ദല്‍ഹി 1981′ എന്ന പ്രശസ്ത കഥയുടെ പൊളിച്ചെഴുത്തു നടത്തുമ്പോഴും ഇതു കാണാം. ടെലിവിഷനിലെ ആളുകളെ പറ്റിക്കുന്ന ‘തരികിട’ പരിപാടികളുടെ ചിത്രീകരണമാണെന്നു ധരിച്ച് രജീന്ദ്രര്‍ പാണ്ഡെയും കിഷോര്‍ലാലും മനോജ് എന്ന പുതിയ കഥാപാത്രവും ഒരു ബലാത്സംഗത്തിനു സാക്ഷിയാവുകയാണ് ഈ കഥയില്‍ . മുകുന്ദന്റെ കഥയിലുണ്ടായിരുന്ന സരളമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യാഖ്യാനം ഇവിടെ സങ്കീര്‍ണമാവുന്നു. ഉപഭോഗത്തിന്റെ ദൃശ്യസംസ്‌കാരവും മാധ്യമവും ആള്‍ക്കൂട്ടത്തിന്റെ ഉത്സാഹവും എല്ലാം ചേര്‍ന്ന് പരിഹാസദ്യോതകമായിത്തീര്‍ന്ന നീതിയെ ‘ഒരു മുടന്തന്‍ നടത്തമാക്കുക’യാണ് സന്തോഷിന്റെ കഥയില്‍ .
സന്തോഷിന്റെ കഥകളുടെ മറ്റൊരറ്റമാണ് ‘കൊമാല.’ സമീപഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും കേരളീയജീവിതത്തിലെ ദുരന്തങ്ങളിലേക്കു തുറന്നുപിടിച്ച ഈ കഥയും അതിജീവനത്തിന്റെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. അതിജീവനത്തെയും ജീവിതാശയെയും കുറിച്ചുള്ള ചിത്രങ്ങള്‍ തരുന്ന ‘കൊമാല’ യഥാര്‍ഥത്തില്‍ ആ വിഷയങ്ങളെ പ്രശ്‌നവത്കരിക്കുകയും സന്ദിഗ്ദ്ധതയിലേക്ക് എറിയുകയും ചെയ്യുന്നു. എഴുത്ത്, ആവിഷ്‌കരണം തുടങ്ങിയവയെക്കൂടി പ്രമേയത്തിന്റെ ഭാഗമാക്കുന്ന ‘കൊമാല’ കഥപറച്ചിലിന്റെ പൂര്‍വമാതൃകയില്ലാത്ത മാര്‍ഗങ്ങളിലൂടെ ഉത്തരാധുനിക ചെറുകഥ ആര്‍ജിച്ച ഉയരം വെളിവാക്കുന്നു. ആധുനിക ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ സ്വഭാവംതന്നെ മാറ്റിമറിച്ച മെക്‌സിക്കന്‍ എഴുത്തുകാരന്‍ ഹുവാന്‍ റൂള്‍ഫോയുടെ ‘പെദ്രോ പാരമോ’ എന്ന നോവലിനെ സാക്ഷിയാക്കി കേരളത്തിലെ സമീപകാല ആത്മഹത്യാപ്രവണതയിലേക്കു നീങ്ങുന്ന ‘കൊമാല’ ജീവിതം ദൈവാനുഗ്രഹവും ആത്മഹത്യ പാപവുമാണെന്ന വിശ്വാസം പ്രഖ്യാപിക്കാന്‍വേണ്ടി എഴുതപ്പെട്ട കഥയല്ല. ഉപഭോഗാസക്തികളും സ്ത്രീധനവും വഞ്ചനയും കച്ചവടത്തകര്‍ച്ചയുമൊക്കെകൊണ്ടു കടംകയറി കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുന്നവരും കൃഷി തകര്‍ന്നും ബാങ്കുവായ്പ തീര്‍ക്കാനും കൊള്ളപലിശയ്ക്കുവാങ്ങിയ കടംവീട്ടാനും കഴിയാതെ സ്വയം ബലിനല്കുന്ന കര്‍ഷകരും പരിചിത ദൃശ്യങ്ങളുമായിത്തീരുകയും ആ ദുരന്തങ്ങളെ പുറമേനിന്നുമാത്രം നോക്കി ക്ഷണികങ്ങളായ വാര്‍ത്തകളും ചര്‍ച്ചകളുമാക്കി ആഘോഷിക്കുന്ന മാധ്യമ സംസ്‌കാരം രൂപപ്പെടുകയും ചെയ്ത കേരളത്തെ മനഃപൂര്‍വം സ്വീകരിച്ച നിര്‍വികാരതയോടെ ഒരു ടെലിവിഷന്‍ ചര്‍ച്ചയുടെ ആഖ്യാനപ്രകാരത്തിലേക്കു വിവര്‍ത്തനം ചെയ്യുകയാണ് കഥാകൃത്ത്.
വായ്പ മുടങ്ങി ബാങ്കിന്റെ ജപ്തിഭീഷണി നേരിടുന്നതിനാല്‍ സ്വാതന്ത്ര്യദിനത്തിനു കൂട്ട ആത്മഹത്യ ചെയ്യുമെന്ന് വീട്ടിനു മുന്നില്‍ ബോര്‍ഡെഴുതിവച്ച കുണ്ടൂര്‍ വിശ്വനെ ചുറ്റിപ്പറ്റിയാണ് കഥയിലെ ടെലിവിഷന്‍ വാര്‍ത്ത വികസിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥന്‍ ‘പെദ്രോ പാരമോ’യിലെ മരിച്ചവരുടെ ഗ്രാമമായ കൊമാലയെപ്പറ്റി പരാമര്‍ശിക്കുന്നു. സന്തോഷിന്റെ കൊമാല തരിശല്ല. എന്നാല്‍ അനുനിമിഷം നാമാകെ കൊമാലയിലേക്കു നീങ്ങിച്ചെന്നുകൊണ്ടിരിക്കുകയാണെന്ന് കഥയിലെ സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ബൈക്കപകടം കണ്ടിട്ടും ഉദാസീനരായി ഇരിക്കുന്ന മനുഷ്യരെപ്പറ്റി വിശ്വന്‍ സ്വയം ചോദിക്കുന്നു: ”മരണത്തിന്റെ പുഴു അവരുടെ ഉള്ളിലെ ഇലകള്‍ മുഴുവന്‍ തിന്നുതീര്‍ത്തിരിക്കുമോ?” കുണ്ടൂര്‍ വിശ്വന്‍ എന്ന പേരില്‍ത്തന്നെ സന്തോഷിന്റെ ലോകദര്‍ശനമുണ്ട്. കുണ്ടും വിശ്വവും. ‘ഉഭയജീവിത’ത്തില്‍ പറയുന്നതുപോലെ ‘ഇതൊരു കുഴിയാണ്, നാം പെട്ടുപോയ കുഴി.’ ആ കുഴിയില്‍ അകപ്പെട്ടു കിടക്കുന്ന വിശ്വമാണ് കൊമാല. റൂള്‍ഫോയുടെ നോവലിലേതുപോലെ അതൊരു ഭൂപ്രകൃതിയല്ല, നമുക്കുള്ളില്‍ നാംതന്നെ ചുമക്കുന്ന നരകമാണ്. നാംതന്നെ സൃഷ്ടിച്ച നരകം. റൂള്‍ഫോയെ അങ്ങനെയാണ് സന്തോഷ് മാറ്റിയെഴുതുന്നത്.
‘ഉച്ച-ഒരാള്‍ക്കണ്ണാടി’ എന്ന കഥ അവസാനിപ്പിച്ചുകൊണ്ട് സന്തോഷ് ഇങ്ങനെയെഴുതുന്നു: ”ജീവിതനേട്ടങ്ങളിലും നഷ്ടങ്ങളിലും ഒരേ പ്രതിബിംബം കാണിക്കുന്ന ഈ കണ്ണാടിക്കരികിലൂടെ എനിക്കിത്തിരി ദൂരംകൂടി നടക്കാനുണ്ട്. ഇത്തരം ആള്‍ക്കണ്ണാടികളാണല്ലോ ഓരോ മരണത്തില്‍നിന്നും മനുഷ്യരെ വിളിച്ചുണര്‍ത്തിക്കൊണ്ടിരിക്കുന്നത്.” കഥ അത്തരമൊരു കണ്ണാടിയാണ് സന്തോഷിന്. എന്നാല്‍ അതു റിയലിസത്തിലെ കണ്ണാടിയല്ല. ജീവിതത്തെയും യാഥാര്‍ഥ്യത്തെയും വക്രീകരിക്കുകയും വിലക്ഷണീകരിക്കുകയും ചെയ്ത് എഴുത്തിനെ ഭാഷയിലെ അതിജീവനമാക്കി മാറ്റുന്ന കണ്ണാടിയാണ്. അത് മാറ്റിയെഴുത്തും പുനരെഴുത്തുമാണ്. ഒരു നുറുങ്ങില്‍പ്പോലും ജീവിതത്തെയും മരണത്തെയും അയഥാര്‍ഥങ്ങളിലേക്കും നാട്യങ്ങളിലേക്കും വെട്ടിച്ചുരുക്കാത്ത ആഖ്യാനത്തിന്റെ ഈ ആള്‍ക്കണ്ണാടി സമകാലിക ചെറുകഥയെ ജീവിതത്തിലേക്കും ജീവനിലേക്കും വിളിച്ചുണര്‍ത്തുന്നു.
No comments:
Post a Comment
സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...