സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Monday, 19 March 2012

വിദ്യാര്‍ത്ഥികളെ ഒരു നിമിഷം

മനഃസാക്ഷിയെ വേട്ടയാടുന്ന ചിത്രം


ബിനായക് സെന്‍
ബിനായക് സെന്‍
കൊച്ചി ലോ കോളേജില്‍ സെമിനാറിനെത്തിയ ഡോ ബിനായക് സെന്നിനെ ഇന്നലെ ഒരു വിദ്യാര്‍ഥി സംഘടന ‘ഗോ ബാക്ക്’ വിളികളുയര്‍ത്തി പ്രതിഷേധം അറിയിച്ചത് ഒട്ടേറെ ചിന്തകള്‍ക്ക് ഇടം നല്‍കുന്നുണ്ട്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നനിലയില്‍ ധാതുസമ്പത്തിനെ കൊള്ളയടിക്കുന്ന കമ്പനികള്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടത്തിനെതിരെയും പൊതുജനവികാരം ഇളക്കിവിട്ടതാണ് ബിനായക് സെന്‍ എന്ന മനുഷ്യനെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത് എന്നാണ്  മുഖ്യധാരാ മാധ്യമങ്ങള്‍ നമുക്ക് നലകുന്ന വിവരം.
നമ്മുടെ സമൂഹമനഃസാക്ഷിയെ പീഡിപ്പിക്കുന്ന ഒരു ചിത്രമുണ്ട്. ഛത്തിസ്ഗഢിലെ റായ്പൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനുശിക്ഷിച്ചശേഷം ഒരു പൊലീസ് വാഹനത്തില്‍ ഇരിക്കുന്ന ഡോ. ബിനായക്‌സെന്‍. ആ കറുത്ത ഡിസംബര്‍ ദിനം അവിടെയുണ്ടായിരുന്ന ഒരു നിരീക്ഷകന്‍ ഓര്‍ക്കുന്നു: സെന്‍ തീര്‍ത്തും പരാജിതഭാവത്തിലായിരുന്നു. 2007-2009 കാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന ഒരു ചിത്രത്തിലെന്നപോലെതന്നെ സെന്നിന്റെ കൈ പൊലീസ് വാനിന്റെ അഴിയിട്ട ജനലില്‍ വിശ്രമിക്കുന്നു. പക്ഷേ, ഇത്തവണ അദ്ദേഹം മുമ്പത്തെപ്പോലെ വാനിനുപുറത്തെ ലോകത്തിലേക്കല്ല, നേരേ മുന്നിലേക്കാണു നോക്കുന്നത്. അദ്ദേഹത്തിന്റെ നോട്ടം ആകെ മൂടിയിരിക്കുന്നു. നിരാശ നിറഞ്ഞ കണ്ണുകള്‍. മനസ്സില്‍ അദ്ദേഹം അപ്പോള്‍ത്തന്നെ തനിക്കുചുറ്റം ഉയരാനിരിക്കുന്ന തടവറയുടെ മതിലുകള്‍ കാണുന്നുണ്ടായിരുന്നിരിക്കണം.
ഛത്തിസ്ഗഢിലെ സാഹചര്യങ്ങള്‍ നന്നായി അറിയുന്നവര്‍ പലവട്ടം പറഞ്ഞ കാര്യമാണ്. ഛത്തിസ്ഗഢില്‍ സര്‍ക്കാര്‍, പൊലീസ്, നീതിപീഠം എന്നിവ തമ്മില്‍ അവിശുദ്ധബന്ധമുണ്ട്. അതു പ്രവര്‍ത്തിക്കുന്നത് വ്യാപാരതാല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ്. അതിന്റെ കഴുകന്‍നോട്ടം ഡോ. ബിനായക്‌സെന്നിനുമേല്‍ പതിഞ്ഞിട്ട് കുറച്ചുകാലമായി. ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്നനിലയ്ക്ക് അദ്ദേഹം ഭരണകൂടപ്രായോജകത്വമുള്ള സാല്‍വ ജുദും എന്ന തെമ്മാടിക്കൂട്ടത്തെ തുറന്നുകാട്ടുന്നതില്‍ ഒരു പ്രധാനപങ്ക് വഹിച്ചിരുന്നു. നക്‌സലൈറ്റുകള്‍ക്കെതിരെ സ്വേഛയാ രൂപപ്പെട്ട ഒരു ജനകീയപ്രതിരോധസംഘം എന്നാണ് സര്‍ക്കാര്‍ സാല്‍വ ജുദുമിനെ വിശേഷിപ്പിക്കുക. അത് ഛത്തിസ്ഗഢിലെ ആദിവാസിമേഖലകളില്‍ കൊലവിളിച്ചു നടക്കുകയും അനവധി ഗ്രാമീണരെ കൊല്ലുകയും അതിലധികം പേരെ അഭയാര്‍ത്ഥിപാളയങ്ങളിലേക്കു തുരത്തിയോടിക്കുകയും ചെയ്തു. അങ്ങനെ സര്‍ക്കാര്‍ ബലംപ്രയോഗിച്ച് ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയായിരുന്നു. ആര്‍ക്കുവേണ്ടി? ധാതുസമ്പന്നമായ ആ പ്രദേശങ്ങള്‍ കൊള്ളയടിക്കാന്‍ കാത്തുനില്‍ക്കുന്ന ഖനി-നിര്‍മ്മാണ താല്‍പര്യങ്ങള്‍ക്കുവേണ്ടി. ഭരണകൂടം അക്രമത്തിലൂടെ സ്വകാര്യമൂലധനത്തിനു കൂട്ടുനില്‍ക്കുന്നു എന്ന് ഡോ. ബിനായക് സെന്‍ പറഞ്ഞു. അദ്ദേഹം ആ നിലപാടിനെ അപലപിച്ചു. ഇതാണ് അദ്ദേഹത്തെ ഭരണകൂടത്തിന്റെ ശത്രുവാക്കിയത്, എന്തുവിലകൊടുത്തും നിശ്ശബ്ദനാക്കപ്പെടേണ്ടവനാക്കിയത്. ഛത്തിസ്ഗഢ് പൊലീസിന് ഡോ. സെന്നിനോട് അതിന്റേതായ കണക്കുതീര്‍ക്കാനുണ്ടായിരുന്നു. പൊലീസിന്റെ ഏറ്റുമുട്ടലുകള്‍, മറ്റ് അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയതുമുതല്‍ ഡോ. സെന്‍ അവരുടെ കണ്ണില്‍കരടായി മാറിയിരുന്നു. സിമകളില്‍ കാണുന്നതിലും ഭീകരമായി പോലീസ് ബിനായക് സെന്നിനെതിരെ തെളിവുകള്‍ സൃഷ്ടിച്ചു. കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
വാര്‍ത്താചാനലുകളില്‍ ഡോ. സെന്‍ വിചാരണ ഒരു വിഷയമായി. അത് അന്തര്‍ദ്ദേശീയശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ കുടുംബാംഗങ്ങള്‍ വിചിത്രമായ ഒരു അവസ്ഥയിലായി. അദ്ദേഹത്തിനെതിരായ ശിക്ഷാവിധി ഉണര്‍ത്തിവിട്ട ഞെട്ടലും പ്രതിഷേധവും അന്തര്‍ദ്ദേശീയമാനങ്ങള്‍ കൈവരിച്ചതില്‍ മാപ്പുപറയേണ്ട ഗതികേടിലായി, അവര്‍. ഇന്ത്യയുടെ നീതിവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊ്യുാണോ അന്തര്‍ദ്ദേശീയപിന്തുണ തേടിയത് എന്ന് സി.എന്‍.എന്‍.-ഐ.ബി.എന്‍. മാത്രമല്ല, മറ്റു ചാനലുകളും ഡോ. ഇലീന സെന്നിനോട് ചോദിച്ചു. നോബെല്‍ പുരസ്‌കാരജേതാക്കളാരും താന്‍ അഭ്യര്‍ത്ഥിച്ചതിനനുസരിച്ചല്ല പ്രവര്‍ത്തിച്ചതെന്നും താന്‍ അവരെ അതിനായിസമീപിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ഇങ്ങനെ അവര്‍ക്ക് പറയേണ്ടിവന്നതുതന്നെ നാണക്കേട്. വസ്തുതകള്‍ പരിശോധിക്കുക. ഡിസംബര്‍ 24ന് ഡോ. ബിനായക് സെന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം വിചാരണയുടെ നടപടിക്രമങ്ങള്‍ പരസ്യനിരീക്ഷണത്തിലായിരുന്നു. വാദിഭാഗം ‘തെളിവുകള്‍’ കെട്ടിച്ചമച്ചതും പീയൂഷ് ഗുഹ എന്ന സഹസന്ദേശവാഹകനെ അറസ്റ്റ് ചെയ്ത തീയതി, സ്ഥലം എന്നീ പ്രധാനകാര്യങ്ങളിലെ പൊരുത്തക്കേടുകളും പരിഹാസ്യമാകുംവിധമുള്ള തെറ്റായ അനുമാനങ്ങളും എല്ലാം ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. വിശ്വസനീയരായ നിരീക്ഷകര്‍തന്നെ ഡോ. ബിനായക് സെന്നിന് ജീവപര്യന്തം ശിക്ഷവിധിച്ച റായ്പൂര്‍ കോടതിയെ വിശേഷിപ്പിച്ചത് കങ്കാരുകോടതി എന്നാണ്.
ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ഉയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് സുപ്രീംകോടതി ബിനായക് സെന്നിന് ജാമ്യം അനുവദിച്ചത്. ഇന്നത്തെ സാഹസാഹചര്യത്തില്‍ ഒരാളെ കുറ്റവാളിയായി മുദ്രകുത്താന്‍ വളരെ എളുപ്പമാണ്. ഒരുപക്ഷേ ബിനായക് സെന്നിനെതിരെയുള്ള മുദ്രാവാക്യം വിളികളില്‍ സത്യമുണ്ടായിരിക്കാം.. എന്നാല്‍ പരമോന്നത നീതിപീഠം കുറ്റവാളിയെന്നു വിധിക്കുന്നതുവരെ ഈ മനുഷ്യനെ നമുക്ക് ക്രൂശിക്കാതിരിക്കാം.

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...