സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Wednesday, 7 March 2012

വനിതാദിനത്തിലോര്‍മ്മിക്കാന്‍...

വനിതാദിനത്തിലോര്‍മ്മിക്കാന്‍...


.
.
ഇന്ന് അന്താരാഷ്ട്ര വനിതാദിനം.  അവശതതയും വിവേചനവും അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ആവേശം പകരുന്ന സുന്ദരദിനം!സമൂഹ്യനീതിക്കും, അര്‍ഹമായ അംഗീകാരത്തിനും സ്ത്രീവിമോചനത്തിനും വേണ്ടിയുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന് സ്ത്രീസമൂഹം ഒറ്റക്കെട്ടായി പ്രതിജഞയെടുക്കുന്ന ആവേശകരമായ സുദിനം. ഏറെ കൊട്ടിഘോഷിക്കപ്പെടാറുണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാന്‍ ഏറെയൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നു മാത്രമല്ല ഭയപ്പെടാന്‍ ഏറെയുണ്ടുതാനും.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ബിവറേജിനു മുന്നില്‍ ക്യൂനിന്ന സ്ത്രീയെ ഇവിടുത്തെ സദാചാപോലീസുകാര്‍ പട്ടിയെപ്പോലെ വലിച്ചിഴച്ചത്. ആഭാസന്‍മാരെ നേരിട്ട പെണ്‍കൂട്ടു പ്രവര്‍ത്തകരെ പോലീസ്സ്‌റ്റേഷനില്‍ മണിക്കൂറുകള്‍ നിര്‍ത്തിയതും ഈ ആഴ്ചതന്നെ. നമ്മുടെ പുരോഗമനവാദം പ്രസംഗത്തിനുവേണ്ടി മാത്രമുള്ളതാണ്. ശിലായുഗത്തിലെ പ്രാകൃത മനുഷ്യനില്‍നിന്നും നമ്മള്‍ പുരോഗമിച്ചത് ഭൗതികമായി മാത്രം. മാനസികമായി നമ്മളിന്നും കാടന്‍മാര്‍ത്തന്നെ. രക്ഷിക്കേണ്ടവര്‍ത്തന്നെ ശിക്ഷിതാക്കളാകുന്ന അവസ്ഥ കേരളത്തില്‍ മാത്രമേയുണ്ടാകൂ.. സ്ത്രീകളുടെ സുരക്ഷിതത്വം ഞങ്ങളുടെ ബാധ്യതയല്ല എന്ന് കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്കു മാത്രമേ പറയാന്‍ കഴിയൂ.. മറ്റെവിടെയെങ്കിലുമായിരുന്നുവെങ്കില്‍ വിവരമറിഞ്ഞേനെ. നമ്മള്‍ ക്ഷമയുടെ മൂര്‍ത്തീമദ്ഭാവമാണ് എന്നതിന് എത്രയോ സക്ഷ്യങ്ങള്‍!
ഒരു ഇന്ത്യന്‍ കപ്പലില്‍നിന്നും ഇറ്റലിയിലെ പൗരനുനേരെയായിരുന്നു ആക്രമണം നടന്നിരുന്നത് എങ്കില്‍ എന്താകുമായിരുന്നു എന്ന് ഊഹിച്ചു നോക്കൂ. നാവികസേനയിലെ രണ്ട് സാധാരണ ജവാന്‍മാരുടെ പ്രശ്‌നത്തില്‍ ഒരു രാജ്യം മുഴുവന്‍ എത്രയോ ശുഷ്‌കാന്തിയോടെ ഇടപെടുന്നു എന്നത് നമുക്കും ഒരു പാഠമാണ്. നിരപരാധികളായ ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയോ രാജ്യങ്ങളില്‍ തടവില്‍ കഴിയുന്നുണ്ട്. അവരുടെ മോചനം എന്നതു പോട്ടെ, അവരുടെ കുടുംബത്തിന്റെയോ അവര്‍ അനുഭവിക്കുന്ന ശിക്ഷയെന്താണെന്നോ അറിയുന്നതിനുള്ള എന്തെങ്കിലും ശ്രമം നമ്മുടെ പ്രവാസ മന്ത്രാലയം നടത്തിയിട്ടുണ്ടോ.. വനിതാദിനത്തില്‍ ഇക്കാര്യങ്ങല്‍ ഓര്‍മ്മിക്കാന്‍ കാരണമുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു പുരുഷന്‍ യാതനകള്‍ നേരിടുന്നത് ഒററയ്ക്കാവില്ല. ഇററലിയിലെ ‘ധീരയോദ്ധാക്കള്‍’ വെടിവച്ചുകളിച്ചപ്പോള്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ അത്താണിയാണ്.
സ്ത്രീശാക്തീകരണം എന്ന്ു നമ്മള്‍ വാചാലരാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലും ഇവിടെ പെണ്ണിന് അര്‍ഹമായ പരിഗണനലഭിക്കുന്നത് അവളുടെ ശേഷക്രിയ കഴിഞ്ഞാണ്. ജീവിതകാലത്ത് ലഭിക്കാത്ത സംരക്ഷണവും അംഗീകാരവും മരിച്ചു(കൊന്നു) കഴിഞ്ഞിട്ട് എന്തിന്? ആര്‍ക്കു വേണം? ഇതിന്റെ പിന്നിലെ മന:ശാസ്ത്രമാണ് സ്ത്രീ തിരിച്ചറിയേണ്ടത്.  വിധേയത്വത്തിന്റെ ഐതിഹാസിക കുപ്പായങ്ങള്‍  വലിച്ചെറിഞ്ഞ് വേണ്ടസമയത്ത് പ്രതികരിക്കാനും അരുതാത്തതിനെതിരെ പൊട്ടിത്തെറിക്കാനും കരുത്തുള്ളവളാകണം സ്ത്രീ. ഉള്ളിലുറങ്ങിക്കിടക്കുന്ന ഊര്‍ജ്ജവും ശക്തിയും കരുത്തും ആവാഹിച്ചെടുത്ത് വേണ്ടസമയത്ത് വേണ്ടതരത്തില്‍ പ്രയോഗിക്കാന്‍ അവള്‍ ശീലിക്കണം.
അംഗീകാരം ഔദാര്യമല്ല., അവകാശമാണ് എന്ന ബോധം ഉള്‍ക്കൊള്ളുക. പ്രശംസാര്‍ഹമായ പലതും ചെയ്യുമ്പോഴും പുരുഷനു കിട്ടുന്ന

.
.
അളവിലുള്ള അംഗീകാരം സ്ത്രീകള്‍ക്കു ലഭിക്കുന്നില്ല എന്നു മാത്രമല്ല അവളെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ ചെയ്യുവാനാണ് സമൂഹത്തിനു താല്‍പര്യം. ട്രെയിനില്‍വച്ച് അപരമര്യാദയായി പെരുമാറിയ ടിക്കറ്റ് പരിശോധകനെതിരെ പ്രതികരിച്ച ജയഗീതയോട് സമൂഹം കാണിച്ച അനീതിക്ക് മാപ്പുനല്‍കാനാവില്ല.  അംഗീകാരം നല്‍കാനുള്ള സമൂഹത്തിന്റെ വിമുഖതയാണ് ഇവിടെ അടിസ്ഥാന പ്രശ്‌നം. അംഗീകാരം ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ പോലും ഭാവം അതൊരു ഔദാര്യമാണ് എന്നാണ്. അംഗീകാരം സ്ത്രീകളുടെ ജന്‍മാവകാശമാണ്. അതു നിഷേധിക്കപ്പെടുന്നിടത്ത് ചോദിച്ചു വാങ്ങാനുള്ള തന്റേടം സ്ത്രീകള്‍ പ്രകടിപ്പിക്കണം.
സങ്കുചിത ലക്ഷ്യങ്ങള്‍ക്കപ്പുറം സ്ത്രീസമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിനും രക്ഷയ്ക്കും ശ്രേയസ്സിനുംവേണ്ടി സമാനമനസ്‌കരായ വനിതകള്‍ ഒരുമിക്കുമ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാവുന്നു. ഈ ഉത്കൃഷ്ടമായ ലക്ഷ്യത്തിലേക്ക് സ്വന്തം ചിന്തയും കഴിവും സമയവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ കെല്്പുള്ളവര്‍ ഒന്നിച്ചു ചേരുമ്പോള്‍ സ്ത്രീവിമോചനവും സ്ത്രീസ്വാതന്ത്ര്യവും തുല്യഅവകാശങ്ങളും കരഗതമാവും. അവനവന്റെ വ്യക്തിത്വത്തെക്കുറിച്ച് സ്ത്രീയെത്തന്നെ ബോധ്യപ്പെടുത്തുന്നതിനും ഇതിന്റെ മാഹാ്ത്മ്യത്തെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും നിഷേധിക്കപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനും വനിതകളെ പ്രാപ്തരാക്കുവാന്‍ ഈ വനിതാദിനത്തിനു കഴിയട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...