സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Saturday, 3 March 2012

 കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ് (കെ.പി.ഏ.സി)


പുരോഗമന ആശയങ്ങളെ മലയാളി മനസ്സുകളിലേക്ക് എത്തിക്കാന്‍ കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ് (കെ.പി.ഏ.സി) വഹിച്ച പങ്ക് ചെറുതല്ല. 1950-ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു സംഘം ചെറുപ്പക്കാര്‍ കലയെ എങ്ങനെ സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താം എന്ന് ചിന്തിച്ചതിന്റെ ഫലമായിരുന്നു കെ.പി.ഏ.സി. എന്ന കലാസംഘത്തിന്റെ പിറവി. തുടക്കം മുതല്‍ക്കെ, കെ.പി.ഏ.സി. ഒരിക്കലും ജനകീയ പ്രശ്നങ്ങളില്‍ നിന്നും മുഖം തിരിച്ചു നിന്നില്ല. തോപ്പില്‍ ഭാസി രചിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി' എന്ന നാടകം ആ കലാസംഘത്തിനെ നിര്‍വചിച്ച ഒരു സൃഷ്ടി ആയിരുന്നു. മാറുന്ന സാമുദായിക യാഥാര്‍ത്ഥ്യങ്ങളെ വിളംബരം ചെയ്ത ആ നാടകം അധികാരിവര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തി. നാടകം എന്ന കലാരൂപം ജനകീയമാകാന്‍ തുടങ്ങി എന്നു മനസ്സിലാക്കിയ അവര്‍ ആ നാടകത്തിനു മേല്‍ വിധ്വംസനത്തിന്റെ മുദ്ര കുത്തി. സി.പി.ഐ.യുടെ നേതൃത്തില്‍ നടന്ന ജനകീയ മുന്നേറ്റത്തില്‍ ആശയങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച നിയമങ്ങള്‍ തകര്‍ന്നു വീണു. സി.പി.ഐയോടുള്ള കെ.പി.ഏ.സിയുടെ അടുപ്പം പക്ഷെ നാടകങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് വഴി ഒരുക്കിയില്ല. 'ഇന്നലെ, ഇന്ന്, നാളെ' (1972) എന്ന നാടകം സി.പി.ഐ യുടെ പ്രവര്‍ത്തനങ്ങളുടെ ഒരു വിമര്‍ശനം ആയിരുന്നെങ്കില്‍ 'ലയനം'(1978) ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ലയനത്തിന്റെ വിഷയം ആയിരുന്നു. കെ.പി.ഏ.സി. നാടകങ്ങളുടെ ഒരു അവിഭാജ്യഘടകം അവയിലെ ഗാനങ്ങള്‍ ആയിരുന്നു. സാധാരണക്കാരന്റെ വികാരവിചാരങ്ങളെ ഉള്‍ക്കൊണ്ട ആ ഗാനങ്ങള്‍ അതുവരെ ദൈവങ്ങളും നാടുവാഴികളും മാത്രം വിഹരിച്ച മലയാളിമനസ്സിന് ഒരു പുതിയ അനുഭവം ആയി മാറി. പ്രതിരോധ ഗാനങ്ങളുടെ പ്രപഞ്ചത്തില്‍ നിന്ന് ഇതാ കെ.പി.ഏ.സിയുടെ അഞ്ച് ശുക്രനക്ഷത്രങ്ങള്‍.
1) ബലികുടീരങ്ങളെ..

കെ.പി.ഏ.സിയുടെ അവതരണ ഗാനം, മലയാളിയുടെ വിപ്ലവ ഗാനം. ഇതില്‍ കൂടുതല്‍ എന്തു പറയാന്‍?
ആലാപനം: കെ.പി.ഏ.സി ജോര്‍ജ്ജും സംഘവും
സംഗീതം: ദേവരാജന്‍ മാസ്റ്റര്‍
രചന: വയലാര്‍
നാടകം: (കെ.പി.ഏ.സി അവതരണ ഗാനം)


  

    ബലികുടീരങ്ങളേ! ബലികുടീരങ്ങളേ!
    സ്മരണകളിരമ്പും രണസ്മാരകങ്ങളേ!
    ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
    സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍...

    ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ
    കടലുകള്‍ പടഹമുയര്‍ത്തി
    യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍
    വിരിഞ്ഞു താമരമുകുളങ്ങള്‍
    ഭൂപടങ്ങളിലൊരിന്ത്യ നിവര്‍ന്നു
    ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു
    ചുണ്ടില്‍ഗാഥകള്‍ കരങ്ങളിലിപ്പൂച്ചെണ്ടുകള്‍
    പുതിയ പൌരനുണര്‍ന്നൂ...

    തുടിപ്പു നിങ്ങളില്‍ നൂറ്റാണ്ടുകളുടെ
    ചരിത്രമെഴുതിയ ഹൃദയങ്ങള്‍
    കൊളുത്തി നിങ്ങള്‍ തലമുറ തോറും
    കെടാത്ത കൈത്തിരി നാളങ്ങള്‍
    നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍
    നിന്നണഞ്ഞ കവചങ്ങളുമായി
    വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍
    നിന്നിതാ പുതിയ ചെങ്കൊടി നേടി

    ബലികുടീരങ്ങളേ..ബലികുടീരങ്ങളേ..

2) പാമ്പുകള്‍ക്ക് മാളമുണ്ട്...

കെ.പി.ഏ.സി നാടകങ്ങള്‍ സമൂഹത്തില്‍ നിലനിന്ന അനീതികള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഒരിക്കലും മടിച്ചില്ല. അശ്വമേധം എന്ന നാടകം കുഷ്ഠരോഗികളുടെ പരിതാപകരമായ അവസ്ഥയെ കുറിച്ചാണ് സമൂഹത്തിനോട് പറഞ്ഞത്. രോഗം ഭേദമായാലും സമൂഹം ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്ന ഈ നഷ്ടജന്മങ്ങളുടെ കഥ പറഞ്ഞപ്പോള്‍ കുഷ്ഠരോഗാശുപത്രിയില്‍ നിന്ന് ഒരു പറ്റം വിശിഷ്ഠ അതിഥികളെ ക്ഷണിക്കാന്‍ കെ.പി.ഏ.സി മറന്നില്ല. ഈ നാടകം കണ്ട ശേഷം കെ.പി.ഏ.സി സുലോചന എന്ന കലകാരിയെ 'സഹോദരി' എന്ന് വിളിച്ച് അവര്‍ കെട്ടി പിടിച്ച് കരഞ്ഞു. ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരം ആണ് ഒരു ജനകീയ കലയ്ക്ക് ലഭിക്കാന്‍ സാധിക്കുക? ഇതാ അശ്വമേധത്തിലെ ഒരു ഗാനം..
ആലാപനം: കെ.പി.ഏ.സി ജോര്‍ജ്ജ്
സംഗീതം: എം.ബി.ശ്രീനിവാസന്‍
രചന: വയലാര്‍
നാടകം: അശ്വമേധം

കെ.പി.ഏ.സി സുലോചന.

  

    ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ...
    എന്നെ.. കല്ലെറിയല്ലേ..
    പാമ്പുകള്‍ക്കു മാളമുണ്ട്‌, പറവകള്‍ക്കാകാശമുണ്ട്‌
    മനുഷ്യപുത്രന്‌ തലചായ്ക്കാന്‍ മണ്ണിലിടമില്ല, മണ്ണിലിടമില്ല.

    എവിടെനിന്നോ വന്നു ഞാന്‍
    എവിടേയ്ക്കോ പോണു ഞാന്‍
    വിളക്കുമരമേ, വിളക്കുമരമേ
    വെളിച്ചമുണ്ടോ?
    വെളിച്ചമുണ്ടോ? കൈയ്യില്‍ വെളിച്ചമുണ്ടോ?

    മോഹങ്ങള്‍ മരവിച്ചു,മോതിരക്കൈ മുരടിച്ചു
    മനസ്സു മാത്രം, മനസ്സു മാത്രം
    മുരടിചില്ല.. മനസ്സു മുരടിച്ചില്ല.
    പാമ്പുകള്‍ക്കു മാളമുണ്ട്‌ പറവകള്‍ക്കാകാശമുണ്ട്‌
    മനുഷ്യപുത്രന്‌ തലചായ്ക്കാന്‍ മണ്ണിലിടമില്ല, മണ്ണിലിടമില്ല.

    ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാന്‍
    ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ
    കല്ലെറിയല്ലേ എന്നെ കല്ലെറിയല്ലേ
    പാമ്പുകള്‍ക്കു മാളമുണ്ട്‌ പറവകള്‍ക്കാകാശമുണ്ട്‌
    മനുഷ്യപുത്രന്‌ തലചായ്ക്കാന്‍ മണ്ണിലിടമില്ല, മണ്ണിലിടമില്ല.

3) പൊന്നരിവാള്‍ അമ്പിളിയില്...

സോമന്‍ എന്ന തൂലികാനാമത്തില്‍ തോപ്പില്‍ ഭാസി എഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ എന്നല്ല കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി മാറി. ഒരു നായര്‍ തറവാട്ടിലെ കാരണവര്‍ ഒരു കമ്മ്യൂണിസ്റ്റ് ആയി മാറുന്ന കഥ കുറച്ചൊന്നുമല്ല അന്നത്തെ അധികാരിവര്‍ഗ്ഗത്തിനെ അലട്ടിയത്. 1952 ഡിസംബര്‍ 6ന് കൊല്ലം ജില്ലയിലെ ചവറയില്‍ അരങ്ങേറിയ ആ നാടകം 85 ദിവസം കഴിഞ്ഞപ്പോഴേക്കും വിലക്കപ്പെട്ടു. വിലക്കിനെ ലംഘിച്ച് കെ.പി.ഏ.സി . നാടകസംഘം തിരുവനന്തപുരം ജില്ലയിലെ കോവളത്ത് നാടകം അവതരിപ്പിച്ചു അറസ്റ്റ് വരിച്ചു. ഒരു നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നാടകത്തിനു മേല്‍ ഉള്ള വിലക്ക് ജനാധിപത്യമര്യാദകള്‍ക്ക് നിരക്കാത്തതാണെന്ന് വിധി ഉണ്ടായി. നാടകത്തിലെ പ്രധാന കഥാപാത്രമായ പരമുപിള്ള ''ആ കൊടിയിങ്ങു താ, എനിക്കതു പിടിയ്ക്കണം, പൊക്കിപ്പിടിയ്ക്കണം'' എന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ ജനലക്ഷങ്ങള്‍ അത് മനസ്സില്‍ ഏറ്റു പറഞ്ഞു കാണണം. കാരണം 1957 ലെ തിരഞ്ഞെടുപ്പില്‍ കേരളം ഉയര്‍ത്തിപ്പിടിച്ചത് ആ ചെങ്കൊടി ആയിരുന്നു.

കൊല്ലം എസ്.എന്‍ കോളജില്‍ 1951ല്‍ എ.കെ.ജി ക്ക് കൊടുത്ത സ്വീകരണത്തില്‍ ആണ് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പിന്നെ കെ.പി.ഏ.സി. ഈ ഗാനം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി' എന്ന നാടകത്തില്‍ അവതരിപ്പിക്കുകയായിരുന്നു. പൊന്നരിവാള്‍ അമ്പിളിയില് എന്നു തുടങ്ങുന്ന ഗാനം ദേവരാജന്‍ മാസ്റ്ററുടെ ശബ്ദത്തില്‍.

ആലാപനം: ദേവരാജന്‍ മാസ്റ്റര്‍
സംഗീതം: ദേവരാജന്‍ മാസ്റ്റര്‍
രചന: ഒ.എന്‍.വി
നാടകം: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി

തോപ്പില്‍ ഭാസി.

  

    പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളെ
    ആ മരത്തിന്‍ പൂന്തണലില് വാടി നില്‍ക്കുന്നോളെ... വാടി നില്‍ക്കുന്നോളെ
    പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളെ
    ആ മരത്തിന്‍ പൂന്തണലില് വാടി നില്‍ക്കുന്നോളെ
    പൊന്നരിവാള്‍ അമ്പിളിയില് കണ്ണെറിയുന്നോളെ
    ആ മരത്തിന്‍ പൂന്തണലില് വാടി നില്‍ക്കുന്നോളെ

    പുല്‍ക്കുടിലിന്‍ പോല്‍കതിരാം കൊച്ചു റാണിയാളെ
    കണ്‍ കുളിരെ നെനക്ക് വേണ്ടി നമ്മളൊന്നു പാടാം.. നമ്മളൊന്നു പാടാം

    ഓണ നിലാ പാലലകള് ഓടി വരും നേരം,
    എന്തിനാണ് നിന്‍ കരളു നൊന്തു പോണെന്‍ കള്ളി
    എന്‍ കരളേ, കണ്‍ കുളിരെ... എന്‍ കരളേ, കണ്‍ കുളിരെ
    എന്‍ കരളേ, കണ്‍ കുളിരെ... നിന്നെ ഓര്‍ത്തു തന്നെ
    പാടുകയാണെന്‍ കരള്‍, പോരാടുമെന്‍ കരങ്ങള്‍ പോരാടുമെന്‍ കരങ്ങള്‍

    ഒത്തു നിന്നീ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍
    തോളോടുതോളൊത്തു ചേര്‍ന്നു വാളുയര്‍ത്താന്‍ തന്നെ
    പോരുമോനീ? പോരുമോനീ?
    പോരുമോനീ പോരുമോനീ നേരു നേടും പോരില്‍
    എന്‍ കരളിന്‍ പൊന്‍ കുളിരെ, നിന്നെ ഓര്‍ത്തു പാടും.
    പാട്ടുകാരന്‍ നാളയുടെ ഗാട്ടുകാരനല്ലോ ഗാട്ടുകാരനല്ലോ

4) ചില്ലിമുളം കാടുകളില്‍...

കെ.പി.ഏ.സിയുടെ ഗാനങ്ങളുടെ വിജയത്തിന്റെ ഒരു കാരണം അവയുടെ ലളിതമായ ഭാഷ ആയിരുന്നു. കെ.പി.ഏ.സിക്ക് വേണ്ടി സ്ഥിരമായി ഗാനങ്ങള്‍ എഴുതിയ വയലാറും ഒ.എന്‍.വിയും സാധാരണക്കാരന്റെ ഭാഷ തന്നെ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ദേവരാജന്‍ മാസ്റ്ററാകട്ടെ പാടാന്‍ ഏറ്റവും എളുപ്പമുള്ള രീതിയില്‍ അവയെ ചിട്ടപ്പെടുത്തി. പലപ്പോഴും ശാസ്ത്രീയ സംഗീതത്തിന്റെ നിയമങ്ങള്‍ ആ ഗാനങ്ങള്‍ തെറ്റിച്ചു. പക്ഷെ കെ.പി.ഏ.സി ഗാനങ്ങള്‍ രാജസദസ്സുകളിലോ ദര്‍ബാര്‍ ഹാളുകളിലൊ മുഴങ്ങാന്‍ വേണ്ടി ഉണ്ടായവ ആയിരുന്നില്ല; സാധാരണക്കാരുടെ കുടിലുകളിലും, ചോര നീരാക്കി അവര്‍ കഷ്ടപ്പെടുന്ന പാടങ്ങളിലും പാടാനും ഏറ്റു പാടനും സൃഷ്ടിക്കപെട്ടവ ആയിരുന്നു. ആ കര്‍ത്തവ്യം അവ ഭംഗിയായി നിറവേറ്റി.

പാടങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകരെ ആശ്വസിപ്പിച്ചും, കരിമാടിക്കുട്ടന്‍മാര്‍ക്ക് മാമ്പഴം വീഴ്ത്തി കൊടുത്തും, പൊന്‍മുളം കാടുകളില്‍ പുല്ലാങ്കുഴല്‍ ഊതിയും, കാവിലെ വള്ളികളില്‍ ഊഞ്ഞാലാടിയും ഓടി നടക്കുന്ന കാറ്റ് കെ.പി.ഏ.സി ഗാനങ്ങളിലെ ഒരു സ്ഥിരം കഥാപാത്രം ആണ് .കാവ്യഭംഗിക്ക് ഭാഷാലാളിത്യം ഒരു തടസ്സമല്ല എന്ന് തെളിയിച്ച ഒരു കെ.പി.ഏ.സി 'കാറ്റ്' ഗാനം ഇതാ..

ആലാപനം: കെ.പി.ഏ.സി ജോര്‍ജ്ജ്
സംഗീതം: ദേവരാജന്‍ മാസ്റ്റര്‍
രചന: ഒ.എന്‍.വി
നാടകം: മുടിയനായ പുത്രന്‍

ഒ.എന്‍.വി.

  

    ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടി വരും തെന്നലേ... തെന്നലേ...
    അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും തെന്നലേ... തെന്നലേ...

    വെയില്‍ നിന്നു വിളയാടും നിഴലില്ലാ നിലമാണേ,
    നിവരാനും നേരമില്ലാ തെന്നലേ...
    വെയില്‍ നിന്നു വിളയാടും നിഴലില്ലാ നിലമാണേ,
    നിവരാനും നേരമില്ലാ തെന്നലേ...
    ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ,
    ഇതുവഴി പോരുമോ നീ തെന്നലേ... തെന്നലേ..

    ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടി വരും തെന്നലേ...തെന്നലേ...
    അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും തെന്നലേ...തെന്നലേ...
    അണിയുവാന്‍ തൂവേര്‍പ്പിന്‍ മണിമാല തന്നേക്കാം,
    അണയൂ നീ കനിവോലും തെന്നലേ...

    അണിയുവാന്‍ തൂവേര്‍പ്പിന്‍ മണിമാല തന്നേക്കാം,
    അണയൂ നീ കനിവോലും തെന്നലേ...
    തരിവളച്ചിരിപ്പൊട്ടും കുളിര്‍ക്കൈയ്യില്‍ ചന്ദനവും
    പനിനീരും കൊണ്ടുവരൂ തെന്നലേ... തെന്നലേ...

    ചില്ലിമുളം കാടുകളില്‍ ലല്ലലലം പാടി വരും തെന്നലേ... തെന്നലേ...
    അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും തെന്നലേ... തെന്നലേ...

5) മാരിവില്ലിന്‍ തേന്‍മലരേ..

കെ.പി.ഏ.സി യില്‍ നിന്ന് വിട്ടെങ്കിലും, പല മലയാളി മനസ്സുകളിലും കെ.പി.ഏ.സി .യുടെ ശബ്ദം അന്നും ഇന്നും ശ്രീ കെ.എസ്. ജോര്‍ജ്ജ് ആണ്. അത് ഒരു പക്ഷേ ഇനിയെന്നെങ്കിലും മാറിയെന്നും വരില്ല. ഘനഗാംഭീര്യമുളള ആ ശബ്ദം വിപ്ലവത്തിന്റെ വീര്യവും, വേര്‍പാടിന്റെ വിരഹവും, നാളയുടെ ആശകളും ഒക്കെ ഉള്ളിലൊതുക്കി മലയാളി മനസ്സുകളിലേക്ക് പെയ്തിറങ്ങി. തന്റെ അവസാനനാളുകളില്‍, അര്‍ബുദം കാര്‍ന്നു തിന്ന ശബ്ദവുമായി ശ്രീ ജോര്‍ജ്ജ് ദൂരദര്‍ശനില്‍ പ്രത്യക്ഷപ്പെട്ട് ഈ പാട്ട് പാടിയപ്പോഴും അതിന്റെ ഭംഗി ഒരല്‍പം പോലും നഷ്ടപ്പെട്ടില്ല. കെ.എസ് ജോര്‍ജ്ജ് എന്ന കെ.പി.ഏ.സി ജോര്‍ജ്ജിന് ഈ പാട്ട് പാടുന്നത് ശ്വാസം എടുക്കുന്നത് പോലെ അനായാസമായ ഒരു പ്രവൃത്തി ആണെന്ന് തോന്നിപ്പോയി. അതില്‍ ഒരു താളപ്പിഴ വരാന്‍ ഒക്കില്ല എന്നു വിശ്വസിച്ചു പോയി.

മാരിവില്ലിന്‍ തേന്‍മലരെ എന്ന ഒരു സാധാരണ കര്‍ഷകന്റെ ഗാനം കെ.പി.ഏ.സി ജോര്‍ജ്ജിന്റെ അസാധാരണമായ ശബ്ദത്തില്‍...

ആലാപനം: കെ.പി.ഏ.സി ജോര്‍ജ്ജ്
സംഗീതം: ദേവരാജന്‍ മാസ്റ്റര്‍
രചന: ഒ.എന്‍.വി
നാടകം: സര്‍വ്വേക്കല്ല്

ദേവരാജന്‍ മാസ്റ്റര്‍.

  

    മാരിവില്ലിന്‍ തേന്‍മലരെ
    മാഞ്ഞു പോകയോ..
    മാഞ്ഞു പോകയോ..

    നീളെ നീളെ പാടങ്ങളെല്ലാം
    കൊതി തുള്ളി നില്‍ക്കവെ,
    തേന്‍ മഴ തൂകാന്‍
    ഉള്‍കുളിര്‍ പാകാന്‍
    നീ വരില്ലെ ഇനി?

    കടലില്‍ നിന്നൊരു കുമ്പിള്‍ വെള്ളവുമായി
    കരിമുകില്‍ മാനത്തു വന്നു
    മിഴി നട്ടു നിന്നൊരു പാടത്തിന്‍ മാറില്‍
    അഴകുറ്റ സ്വപ്നങ്ങള്‍ പൂത്തു

    ഒരു കൊടുങ്കാറ്റിന്റെ കൈകളില്‍ തത്തി
    കരിമുകലില്‍ എങ്ങൊ പറന്നു
    അവളുടെ വാര്‍മുടി കെട്ടില്‍ നിന്നൂര്‍ന്നു
    മഴവില്ലിന്‍ തേന്‍ മലര്‍വാനില്‍.

    മാരിവില്ലിന്‍ തേന്‍മലരെ
    മാഞ്ഞു പോകയോ..
    മാഞ്ഞു പോകയോ..

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...