സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Monday, 12 March 2012

പൊങ്കാലക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹം: പിണറായി

ആറ്റുകാല്‍ പൊങ്കാലക്കെതിരെ സര്‍ക്കാര്‍ കേസെടുത്തു

ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുത്തു. ഫോര്‍ട്ട് പൊലീസാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലയിട്ട ആയിരം വനിതകളെ പ്രതിചേര്‍ത്ത് കേസെടുത്തത്.പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തമ്പാനൂര്‍ പൊലീസും പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം പാതയോരത്ത് തടസം സൃഷ്ടിച്ചതിനാണ് കേസ്. പാതയോരത്ത് കൂട്ടം ചേരാന്‍ അനുവദിക്കില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് ആറ്റുകാല്‍ പൊങ്കാലക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. കോടതി വിധി മറികടക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു. പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി വിവാദമായ സാഹചര്യത്തില്‍ ഡിസിപിക്കും രണ്ട് എസ്ഐമാര്‍ക്കുമെതിരെ സസ്പെന്‍ഷന്‍ നടപടിയുണ്ട്. കേസ് പിന്‍വലിച്ചേക്കാന്‍ സാധ്യതയുണ്ട്

പൊങ്കാലക്കെതിരെ  കേസെടുത്തത് പ്രതിഷേധാര്‍ഹം: പിണറായി

ആറ്റുകാല്‍ ഉത്സവത്തിന് പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ കൂട്ടത്തോടെ കേസ് എടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ സംഭവത്തില്‍ തെളിയുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇരട്ടമുഖമാണ്. പാതയോരത്ത് ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ച കോടതി വിധിമറികടക്കാന്‍ നടപടി സ്വീകരിക്കാമെന്ന് നിയമസഭയ്ക്ക് മുഖ്യമന്ത്രി ഉറപ്പുകൊടുത്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ആയിരക്കണക്കിന് സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്ത് കോടതിയില്‍ എഫ്ഐആര്‍ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.

ഫോര്‍ട്ട് പോലീസ് ആയിരത്തിലധികം സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തപ്പോള്‍ തമ്പാനൂര്‍ പോലീസ് പതിനായിരത്തിലധികം സ്ത്രീകള്‍ക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. മറ്റു പോലീസ് സ്റ്റേഷനുകളിലും കേസിന് നടപടി നീക്കിയിരിക്കുകയാണ്.

തലസ്ഥാന നഗരിയിലെ പോലീസ് ഇപ്രകാരം ഭക്തജനങ്ങളായ സ്ത്രീകള്‍ക്കെതിരെ കൂട്ടക്കേസ് എടുത്തിരിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ്. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടമായതുകൊണ്ട് കേസ് എടുത്തതിന്റെ പേരില്‍ ചില പോലീസ് ഉദ്യോഗസ്ഥന്മാരെ താല്‍ക്കാലികമായി അച്ചടക്ക നടപടിക്ക് വിധേയമാക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നും കൈയൊഴിയാനുള്ള കുരുട്ടുബുദ്ധിയാണ്.

കേരള ഹൈക്കോടതി നേരത്തെ ബന്ദ് നിരോധിച്ചിരുന്നു. പിന്നീട് പാതവക്കിലെ പൊതുയോഗങ്ങള്‍ നിരോധിച്ചു. തുടര്‍ന്ന് പാതയോരത്ത് രാഷ്ട്രീയമായോ മതപരമായോ സാമൂഹ്യമായോ യോഗങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ ഒത്തുകൂടുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. തന്റെ ബാറിനു മുന്നില്‍ തൊഴിലാളികള്‍ സമരപ്പന്തല്‍ കെട്ടി സമരം നടത്തുന്നതിനെതിരെ ഒരു ബാര്‍ ഉടമ കോട തിയെ സമീപിച്ചപ്പോഴാണ് പൊതുനിരത്തില്‍ ആളുകള്‍ ഒത്തുകൂടുന്നതിനെതിരായ വിധി വന്നത്. ബാറുടമ യാത്രക്കാരുടെയോ പൊതുജനങ്ങളുടെയോ പ്രതിനിധിയല്ല. ആ കേസിന്റെ പേരിലാണ് സംസ്ഥാനത്തൊട്ടാകെ പൊതു നിരത്തിലെ ഒത്തുകൂടല്‍ നിരോധിക്കുന്ന കോടതി വിധിഉണ്ടായത്. ഈ കോടതി വിധി മറികടക്കാന്‍ നിയമനടപടിയും നിയമനിര്‍മ്മാണവും വേണമെന്ന യോജിച്ച അഭിപ്രായം കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മുന്നോട്ടുവച്ചു. ഇതുപ്രകാരം മുന്നോട്ടുപോകാനുള്ള ഉത്തരവാദിത്വമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. നിയമസഭാ ചര്‍ച്ചയില്‍ ഇതിന് അനുഗുണമായ നിലപാടെടുത്ത മുഖ്യമന്ത്രി സഭയ്ക്ക് നല്‍കിയ ഉറപ്പ് കാറ്റില്‍പറത്തി ആറ്റുകാല്‍ പൊങ്കാലയിട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തത് നിയമസഭയോടുള്ള അവഹേളനമാണെന്നും പിണറായി വ്യക്തമാക്കി.

വകുപ്പില്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ല: കോടിയേരി

ആറ്റുകാല്‍ പൊങ്കാലയിട്ട സ്ത്രീകളുടെ പേരില്‍ കേസെടുത്ത പൊലീസ് നടപടി മുഖ്യമന്ത്രിക്ക് അഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊങ്കാലയിടുന്നവര്‍ക്കെതിരെ നടപിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമായി ഉറപ്പ് നല്‍കിയിരുന്നു. ഈ സമയം ഡിജിപി നിയമസഭയില്‍ ഉണ്ടായിരുന്നു. എന്നിട്ടും കേസെടുത്തത് നിയമസഭയോടുള്ള അവകാശ ലംഘനമാണ്. നിയമസഭയില്‍ നല്‍കിയ ഉറപ്പ് നിര്‍ദേശമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി നല്‍കാതിരുന്നത് മുഖ്യമന്ത്രിയുടെ പിഴവാണ്. പെതുയോഗ നിരോധന നിയമപ്രകാരം നടപടിയെടുത്ത ഏഴുനൂറോളം കേസുണ്ട്. ഇതിന് പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പും പാലിച്ചില്ല. ഹൈക്കോടതി ഉത്തരവ് മറികടക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുകയോ, മറ്റൊരു നിയമം നിര്‍മ്മിക്കുകയോ ചെയ്യണമെന്ന് കൊടിയേരി ആവശ്യപ്പെട്ടു.

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...